COVID 19Latest NewsNewsIndia

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍.

പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം മുഖാവരണം ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിങ്ങനെയുള്ള കൊറോണ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള പരീക്ഷാ കേന്ദ്രങ്ങള്‍ മാത്രമെ അനുവദിക്കൂ. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും പരീക്ഷാ കേന്ദ്രങ്ങളില്‍ വരാന്‍ പാടില്ല. അത്തരം സാഹചര്യം മൂലം പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു അവസരം നല്‍കാന്‍ സര്‍വ്വകലാശാലകള്‍ അടക്കമുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തയ്യാറാകണമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

പരീക്ഷാ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ വിവിധ സമയങ്ങളിലായി പരീക്ഷ നടത്തുന്ന കാര്യം സര്‍വ്വകലാശാല ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആലോചിക്കണം. സാമൂഹിക അകലം പാലിക്കുന്നതിന് പരീക്ഷാ ഹാളില്‍ ആവശ്യത്തിന് സ്ഥലം വേണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.

മുഖാവരണം, ഹാന്‍ഡ് സാനിട്ടൈസര്‍ എന്നിവ പരീക്ഷാ കേന്ദ്രങ്ങളില്‍ ഉറപ്പു വരുത്തണം. പരീക്ഷാ കേന്ദ്രത്തില്‍ കയറുന്നതിന് മുന്‍പ് ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ ഹാജരാക്കണം. അഡ്മിറ്റ് കാര്‍ഡ് പുറത്തിറക്കുന്ന സമയത്ത് സ്വയം സാക്ഷ്യപ്പെടുത്തുന്നതിനുള്ള അപേക്ഷയും ലഭ്യമാക്കണം.

സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ ജീവനക്കാരെ നിയോഗിക്കണം. പരീക്ഷ എഴുതുന്നതിനിടെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ മാറ്റി ഇരുത്താനായി പ്രത്യേക മുറികള്‍ സജ്ജമാക്കണം.

പരീക്ഷാ കേന്ദ്രത്തിന്റെ കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗ്, കൈ വൃത്തിയാക്കാനുള്ള സംവിധാനം എന്നിവ ഒരുക്കണം. പരീക്ഷാ കേന്ദ്രത്തില്‍ വരുന്നതിന് മുന്‍പ് എന്തെല്ലാം കൊണ്ടുവരാമെന്നത് സംബന്ധിച്ച കൃത്യമായ വിവരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈമാറണമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button