Latest NewsIndia

റേഞ്ച് റോവറില്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സൈക്ലിസ്റ്റ് മരിച്ചു ; വ്യവസായി യുവാവ് അറസ്റ്റില്‍

ദില്ലി : റേഞ്ച് റോവര്‍ കാറില്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സൈക്ലിസ്റ്റിന്റെ മരണത്തില്‍ 28 കാരനായ വ്യവസായി അറസ്റ്റില്‍. സോണിത് ജെയിന്‍ ആണ് അറസ്റ്റിലായത്. സഞ്‌ജേഷ് അവസ്തി (38) യാണ് മരിച്ചത്. ഗ്രേറ്റര്‍ കൈലാഷ് 1 ലെ ജെയിന്റെ വസതിയില്‍ നിന്ന് ആഡംബര എക്‌സ്യുവി പോലീസ് കണ്ടെടുത്തു.

വാഹനം ഇടിച്ച ഉടനെ സൈക്കിള്‍ യാത്രക്കാരനെ സൗത്ത് ദില്ലിയിലെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഇയാള്‍ മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ നിന്നും ഇയാള്‍ കടന്നു കളയുകയായിരുന്നു. അപകടത്തിന്റെ വിശദാംശങ്ങള്‍ മറച്ചുവെച്ച് ജെയ്ന്‍ ആശുപത്രി അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് ചികിത്സ തേടിയത്.

സെപ്റ്റംബര്‍ 7 മുതല്‍ സഞ്‌ജേഷ് അവസ്തിനെ കാണാതായതായി ഇരയുടെ സഹോദരന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് ആവസ്തി ജോലി ചെയ്യാറുള്ള മൂല്‍ചന്ദ് ഹോസ്പിറ്റലിന് പുറത്തുള്ള പഴയ ഫരീദാബാദ് റൂട്ടിലുള്ള എല്ലാ സിസിടിവി ക്യാമറകളും പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് അപകടം നടന്നതായി മനസിലാക്കിയത്.

തുടര്‍ന്ന് ജെയിന്‍ സൈക്ലിസ്റ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പോലീസ് പരിശോധിച്ചു. ഇതോടെ വെസ്റ്റ് ഡല്‍ഹിയിലെ കരോള്‍ ബാഗിലെ ഒരു സ്വകാര്യ കമ്പനിയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തതെന്ന് കണ്ടെത്തി.

കൂടുതല്‍ അന്വേഷണത്തില്‍ കമ്പനിയുടെ ഉടമയുടെ വീട്ടുവിലാസവും ഡ്രൈവറുടെ വിലാസവും ഗ്രേറ്റര്‍ കൈലാസില്‍ നിന്നാണെന്ന് കണ്ടെത്തി. തുടര്‍ന്ന് സോണിത് ജെയിനെ അറസ്റ്റ് ചെയ്യുകയും റേഞ്ച് റോവര്‍ എസ്യുവി എന്ന വാഹനവും പിടിച്ചെടുക്കുകയുമായിരുന്നു.

സെപ്റ്റംബര്‍ 7 നാണ് താന്‍ ഫരീദാബാദിലേക്ക് പോയതെന്ന് ജെയിന്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. രാത്രി 7.15 ഓടെയാണ് ബദര്‍പൂര്‍ ഫ്‌ലൈ ഓവറില്‍ എത്തിയത്. സൈക്കിള്‍ യാത്രക്കാരനായ അവസ്തി തന്റെ കാറിന് മുന്നില്‍ വന്ന് ഇടിക്കുകയായിരുന്നു. തന്റെ ഫരീദാബാദ് സന്ദര്‍ശനത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തതിനാലാണ് അപകടം നടന്നത് ഓഖ്ല മണ്ഡിക്ക് സമീപമാണെന്ന് ജെയ്ന്‍ ആശുപത്രി അധികൃതരോട് പറഞ്ഞതെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button