Latest NewsNews

പോലീസ് ഉദ്യോഗസ്ഥനെതിരെ അഴിമതിയാരോപണമുന്നയിച്ചു; ഉത്തര്‍പ്രദേശില്‍ ഖനിവ്യവസായിയെ വെടിവച്ച് കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അഴിമതിയാരോപണമുന്നയിച്ച പ്രമുഖ ഖനി വ്യവസായി വെടിയേറ്റ് മരിച്ചു. ബുന്ദേല്‍ഖണ്ഡിലെ ഖനി വ്യവസായി ഇന്ദ്രകാന്ത് ത്രിപാഠിയാണ് കാണ്‍പുരിലെ ആശുപത്രിയില്‍ മരിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥനായ മണിലാല്‍ പഠിധറിനെതിരെ ഇന്ദ്രകാന്ത് അഴിമതിയാരോപണമുന്നയിച്ചിരുന്നു .

സെപ്റ്റംബര്‍ ആദ്യമാണ് മഹോബയ്ക്ക് സമീപം ത്രിപാഠിയെ സ്വന്തം കാറില്‍ കഴുത്തില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ കാണ്‍പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം.

ബുന്ദേല്‍ഖണ്ഡിലെ പ്രമുഖ ഖനന മേഖലയായ മഹോബയില്‍ മുന്‍ പോലീസ് മേധാവിയായിരുന്ന മണിലാല്‍ പഠിധറിനെതിരെ ത്രിപാഠി വീഡിയോയിലൂടെ ആരോപണം ഉയര്‍ത്തിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ വന്‍ തോതില്‍ പ്രചരിച്ച വീഡിയോയില്‍ മണിലാല്‍ പഠിധര്‍ അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണെന്നും തന്നെ ഭീഷണിപ്പെടുത്തുന്നതായും ത്രിപാഠി ആരോപിച്ചിരുന്നു. തന്റെ ജീവന് അപകടം സംഭവിച്ചാല്‍ ഉത്തരവാദി മണിലാലായിരിക്കുമെന്നും ത്രിപാഠി പറഞ്ഞിരുന്നു.

ത്രിപാഠിയ്ക്ക് വെടിയേറ്റ് 24 മണിക്കൂറിനുള്ളില്‍ തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മണിലാലിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ത്രിപാഠിയുടെ കുടുംബാംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് വധശ്രമത്തിനും ഭീഷണിയ്ക്കും മണിലാലിനും മറ്റു രണ്ട് പോലീസുകാര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.അതേസമയം, ത്രിപാഠിക്കെതിരെ വെടിയുതിര്‍ത്തതാരാണെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല.

shortlink

Post Your Comments


Back to top button