KeralaLatest NewsNews

സംസ്ഥാന സർക്കാരിനെതിരെ ചാനലുകളിൽ നടക്കുന്നത് അപവാദ കഥകളുടെ മെഗാ പരമ്പരയെന്ന് ഗീവർഗീസ് മാർ കൂറിലോസ്

തിരുവനന്തപുരം : പിണറായി വിജയൻ സർക്കാരിനെ അട്ടിമറിക്കാൻ കോർപ്പറേറ്റ് ശക്തികളുടെ സംഘടിത ശ്രമമാണ് നടക്കുന്നതെന്ന് യാക്കോബായ സഭ. സർക്കാരിന്റെ തുടർഭരണ സാധ്യത മനസിലാക്കി വിറളി പിടിച്ചവർ ഓരോ ദിവസവും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കുടുംബാം​ഗങ്ങൾക്കുമെതിരെ പഴയതും പുതിയതുമായ ആരോപണങ്ങളാണ് അവതരിപ്പിക്കുന്നതെന്നും യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

ആവർത്തന വിരസത തോന്നുന്ന നുണ കഥകളുടെ ഈ മെഗാ പരമ്പര ചില ചാനലുകളിലെ വലിച്ചു നീട്ടിയ മെഗാസീരിയലുകൾക്ക് സമാനമാണ്: അസ്വാദന നിലവാരം കുറഞ്ഞ കറെപ്പേർക്ക് താല്പര്യം തോന്നാം; പക്ഷേ കേരളത്തിലെ പ്രബുദ്ധരായ മഹാ ഭൂരിപക്ഷം ആ ഗണത്തിൽ വരില്ലല്ലോ. തെറ്റുകൾ ചൂണ്ടി കാട്ടണം: അത് പക്ഷേ യാഥാർത്ഥ്യങ്ങളുടെ പിൻബലത്തിലാവണം, ഊഹങ്ങളുടെയും നിർമ്മിത കഥകളുടെയും അകമ്പടിയോടെ ആകരുത് മാർ കൂറിലോസ് പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം…………………………………………………..

സർക്കാരിനെതിരെ അപവാദ കഥകളുടെ മെഗാ സീരിയൽ

പിണറായി സർക്കാരിനെതിരെ കുറച്ചു നാളുകളായി നടക്കുന്ന അപവാദ പ്രചരണ പരമ്പരകൾ ശ്രദ്ധിക്കുന്നവർക്ക് മനസ്സിലാകുന്ന ഒരു കാര്യമാണ് ഒരു ഇടതുപക്ഷ / ജനകീയ സർക്കാരിനെ അപകീർത്തിപെടുത്താനും അട്ടിമറിക്കാനുമുള്ള കോർപ്പറേറ്റ് ശക്തികളുടെ സംഘടിത ശ്രമമാണ് നടക്കുന്നത് എന്നത്. സർക്കാരിൻറ പൊതു സ്വീകാര്യതയും തുടർ ഭരണസാധ്യതയും മനസ്സിലാക്കി വിറളി പിടിച്ചവർ രചിച്ച തിരക്കഥയുടെ അടിസ്ഥാനത്തിൽ ഓരോ ദിവസവും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ പഴയതും പുതിയതുമായ ഓരോ ആരോപണങ്ങൾ നാടകീയമായി അവതരിപ്പിക്കുക; അത് ചർച്ചയാക്കുക എന്ന തന്ത്രമാണ് സർക്കാർ വിരുദ്ധർ സ്വീകരിക്കുന്നത്. ഒന്നിനും കാര്യമായ തെളിവുകൾ നിരത്തുന്നുമില്ല: കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകളിൽ പോലും ചോദ്യം ചെയ്യലുകൾക്ക് അപ്പുറത്തേക്ക് സർക്കാരുമായി ബന്ധപ്പെട്ട ആരും പ്രതിയാക്കപ്പെട്ടിട്ടില്ല. എന്നിട്ടും നുണപ്രചരണങ്ങൾക്കും അപവാദ പ്രചരണങ്ങൾക്കും ക്ഷാമമില്ല. വേട്ടയാടപ്പെടുന്ന മുഖ്യമന്ത്രിയും മന്ത്രിയും എത്ര ആത്മവിശ്വാസത്തോടും ചങ്കുറപ്പോടും കൂടിയാണ് മാധ്യമങ്ങളെയും ജനങ്ങളെയും അഭിമുഖീകരിക്കുന്നത്. മടിയിൽ കനമുള്ള ആർക്കും ഇത് സാധിക്കില്ല എന്ന് മനശാസ്ത്രത്തിൻ്റെ ബാല പാoങ്ങൾ അറിയാവുന്നവർക്ക് മനസ്സിലാവും. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകളുടെ റിസൽട് വരാൻ കാത്തിരിക്കാനുള്ള ക്ഷമ എങ്കിലും പ്രതിപക്ഷം കാണിക്കേണ്ടതാണ്. LDF സർക്കാരിൻ്റെ നിരവധിയായ നേട്ടങ്ങൾ തമസ്കരിക്കാൻ ഇത്തരം പാഴ് ശ്രമങ്ങൾ വഴി കഴിയും എന്ന ചിന്ത അസ്ഥാനത്താണ്. ആവർത്തന വിരസത തോന്നുന്ന നുണ കഥകളുടെ ഈ മെഗാ പരമ്പര ചില ചാനലുകളിലെ വലിച്ചു നീട്ടിയ മെഗാസീരിയലുകൾക്ക് സമാനമാണ്: അസ്വാദന നിലവാരം കുറഞ്ഞ കറെപ്പേർക്ക് താല്പര്യം തോന്നാം; പക്ഷേ കേരളത്തിലെ പ്രബുദ്ധരായ മഹാ ഭൂരിപക്ഷം ആ ഗണത്തിൽ വരില്ലല്ലോ. തെറ്റുകൾ ചൂണ്ടി കാട്ടണം: അത് പക്ഷേ യാഥാർത്ഥ്യങ്ങളുടെ പിൻബലത്തിലാവണം, ഊഹങ്ങളുടെയും നിർമ്മിത കഥകളുടെയും അകമ്പടിയോടെ ആകരുത്. നിലവിലെ സാഹചര്യത്തിൽ ഈ ആരോപണ പരമ്പരകളെയും അത് ഉൽപാദിപ്പിക്കുന്ന ചില ചർച്ചകളെയും അതിൽ ഊന്നിയ നിരുത്തരവാദപരമായ (കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ) സർക്കാർ വിരുദ്ധ സമരങ്ങളെയും വിശേഷിപ്പിക്കാൻ ഷേക്സ്പിയറിൻ്റെ ഒരു പ്രയോഗം കടമെടുക്കുന്നു: Much Ado About Nothing.

 

shortlink

Post Your Comments


Back to top button