Latest NewsNews

ഈ ക്രിമിനലുകൾക്ക് അടിയന്തിരമായി മൂക്കുകയർ ഇടണം: ഭാഗ്യലക്ഷ്മി വിഷയത്തിൽ പ്രതികരണവുമായി എ.എ. റഹിം

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങൾ അടങ്ങിയ യൂട്യൂബ് വിഡിയോകൾ പോസ്റ്റ് ചെയ്തയാളെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർ കൈകാര്യം ചെയ്ത സംഭവത്തിൽ യുട്യൂബ്‌ ചാനലുകൾക്കെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. യൂട്യൂബ് ചാനലുകൾ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞു. ഫലപ്രദമായ നിയമ നിർമ്മാണത്തിന് ഇനിയും വൈകിക്കൂട. അക്ഷരാർത്ഥത്തിൽ പാപ്പരാസി സംസ്കാരമാണ് ഭൂരിഭാഗം യൂട്യൂബ് ചാനലുകളും പിന്തുടരുന്നത്. മസാല കഥകളുമായി കൂടുതൽ കാഴ്ചക്കാരെ ആകർഷിക്കാൻ ശ്രമിക്കുകയാണ് ഇത്തരം ചാനലുകളെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

യൂട്യൂബ് ചാനലുകൾ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞു. ഫലപ്രദമായ നിയമ നിർമ്മാണത്തിന് ഇനിയും വൈകിക്കൂട. അക്ഷരാർത്ഥത്തിൽ പാപ്പരാസി സംസ്കാരമാണ് ഭൂരിഭാഗം യൂട്യൂബ് ചാനലുകളും പിന്തുടരുന്നത്. മസാല കഥകളുമായി കൂടുതൽ കാഴ്ചക്കാരെ ആകർഷിക്കാൻ ശ്രമിക്കുകയാണ് ഇത്തരം ചാനലുകൾ.

സൈബർ ലോകം അതിവേഗം വിപുലപ്പെടുന്നു. എന്നാൽ ഈ വേഗതയിൽ ഇത് സംബന്ധിച്ച നിയമ നിർമാണങ്ങൾ പുരോഗമിക്കുന്നില്ല. സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ കൂടുതൽ ശക്തമായ നിയമ നിർമാണങ്ങൾ ഉണ്ടായേ മതിയാകൂ..

മസ്സാലകൾ എഴുതി വിട്ട് ഇക്കൂട്ടർ സമ്പാദിച്ചു കൂട്ടുന്നത് വലിയ തുകയാണ് എന്നത് കൂടി ഓർക്കണം. ആരെയും വ്യക്തിഹത്യ നടത്താൻ കഴിയുന്ന സൈബർ കൊട്ടേഷൻ സംഘമായി ഈ യുട്യൂബ് ചാനലുകൾ പലതും മാറിയിരിക്കുന്നു.

സ്ത്രീ വിരുദ്ധമായ വഷളൻ ചാനലുകൾ ഇന്ന് അധികമാണ്. സ്ത്രീ വിരുദ്ധത മാത്രമല്ല, പൊതു പ്രവർത്തകരെയും, സംഘടനകളെയും, ഉദ്യോഗസ്ഥരെയും, സാംസ്‌കാരിക പ്രവർത്തകരെയും വ്യക്തിഹത്യ നടത്താനും വ്യാജ പ്രചരണം നടത്താനും പണം വാങ്ങി പ്രവർത്തിക്കുന്നുണ്ട് കുറേ യുട്യൂബ് ചാനലുകൾ.

കാഴ്ചക്കാർ വർധിക്കുന്ന മുറയ്ക്ക് യുട്യൂബിൽ നിന്ന് ലഭിക്കുന്ന വരുമാനം തന്നെ വളരെ വലുതാണ്. അതിന് പുറമെയാണ് കൊട്ടേഷൻ കരാറിലൂടെയും ബ്ലാക്ക് മെയിലിങ്ങിലൂടെയും ആർജ്ജിക്കുന്ന കള്ളപ്പണം. അക്ഷരാർത്ഥത്തിൽ മാഫിയാവൽകരിക്കപ്പെട്ടിരിക്കുകയാണ് ഈ യൂട്യൂബ് ചാനൽ വ്യവസായം.

ഈ ക്രിമിനലുകൾക്ക് അടിയന്തിരമായി മൂക്കുകയർ ഇടണം.

നിയമ നിർമാണം മാത്രമല്ല, സാമൂഹിക അവബോധം വളർത്തുന്നതിനും നമ്മൾ മുൻകൈ എടുക്കണം. വരുമാനമാണ് ലക്ഷ്യം. കൂടുതൽ പേരെ ആകർഷിക്കുക കൂടിയാണ് മസാല കഥകളുടെയും അപവാദ പ്രചരണങ്ങളുടെയും ലക്ഷ്യം എന്ന് കൂടി നാം മനസ്സിലാക്കണം.

തല്ലു കൊണ്ടാലും കുഴപ്പമില്ല, നല്ല വരുമാനം കിട്ടും എന്ന് കരുതുന്ന സാമൂഹ്യ വിരുദ്ധരാണ് ഇക്കൂട്ടർ.വ്യാജ പ്രചരണങ്ങൾ ജനങ്ങൾ തിരസ്കരിക്കാൻ തുടങ്ങിയാൽ ഈ കൊട്ടേഷൻ സംഘങ്ങളുടെ കച്ചവടം പൂട്ടിപ്പോകും. സാമൂഹ്യ മാധ്യമങ്ങളെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്ന് ചെറിയ പ്രായം മുതൽ വിദ്യാർഥികളെയും പൊതു സമൂഹത്തെയും പഠിപ്പിക്കാൻ, അവബോധം വളർത്താൻ സർക്കാർ ഏജൻസികളും, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളും തുടർച്ചയായ ക്യാമ്പയിൻ ഏറ്റെടുക്കണം.

ഒരു പരിഷ്കൃത സമൂഹത്തിനും ഈ തെറ്റായ പ്രവണത അംഗീകരിക്കാൻ ആകില്ല. ശക്തമായ പ്രതികരണങ്ങൾ ഉയർന്നുവരണം.

യുട്യൂബ് ചാനൽ മുതലാളിമാർ മാത്രമല്ല, അതിൽ ചെന്നിരുന്നു ആരെയും തെറിവിളിക്കുന്ന ചില നിരീക്ഷക പ്രമുഖരുമുണ്ട്.പൊതു മാധ്യമങ്ങളിൽ പറയാൻ സാധിക്കാത്ത വ്യാജ പ്രചരണങ്ങൾ ഇത്തരം മഞ്ഞ മാധ്യമങ്ങളിലൂടെ ചില ‘മഹാന്മാർ

ഇവർ മാധ്യമ പ്രവർത്തകർ എന്നാണ് സ്വയം വിളിച്ചു പറയുന്നത്. ആത്മാഭിമാനമുള്ള എല്ലാ മാധ്യമ പ്രവർത്തകർക്കും അപമാനമാണ് ഈ സാമൂഹ്യ വിരുദ്ധ സംഘം.

നിയമങ്ങൾ കർക്കശമാക്കണം, സാമൂഹ്യമായ അവബോധം വളർത്തണം, ഈ മസാല മൊത്തവ്യാപാരികളെ മൂക്കുകയറിടണം..

shortlink

Related Articles

Post Your Comments

Related Articles


Back to top button