KeralaLatest NewsNews

സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തുകയും താടിയില്‍ മാസ്‌ക് വെക്കുകയും ചെയ്യാറുണ്ടോ? എങ്കില്‍ ഇത് അറിഞ്ഞിരിക്കണം

സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തുകയും താടിയില്‍ മാസ്‌ക് വെക്കുകയും ചെയ്യുന്ന സ്വഭാവം ഉള്ള ആളാണെങ്കില്‍ അവര്‍ക്കുള്ള നിര്‍ദ്ദേശവുമായി ഡോ. ഷമീര്‍. വി. കെ. ഇത്തരം സ്വഭാവം ഉള്ളവരാണെങ്കില്‍ അത് മാറ്റണമെന്നും ഇല്ലെങ്കില്‍ ഉണ്ടാവുന്ന ഭവിഷത്തും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ഫേസ്ബുക്പോസ്റ്റിന്റെ പൂര്‍ണരൂപം

കോവിഡ് ചികിത്സയിലെ ഗവേഷണങ്ങളും പരീക്ഷണങ്ങളുമെല്ലാം വിശ്രമമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ വളരെ പ്രതീക്ഷ തരുന്ന ഒരു ആര്‍ട്ടിക്കിള്‍ ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ സെപ്റ്റംബര്‍ ആദ്യവാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധിക്കുന്നതില്‍ മാസ്‌ക് ധരിക്കുന്നതിലെ പങ്ക് ഒന്നു കൂടി അടിവര ഇടുന്നതാണ് ഈ പ്രസിദ്ധീകരണം.പണ്ട് വസൂരി പടര്‍ന്നു പിടിച്ച കാലത്ത് വസൂരി കുമിളകളില്‍ നിന്നുള്ള സ്രവം മനുഷ്യ ശരീരത്തിലേക്ക് പ്രവേശിപ്പിച്ച് മനുഷ്യനില്‍ വീര്യം കുറഞ്ഞ രീതിയില്‍ അണുബാധ ഉണ്ടാക്കുന്ന ഒരു രീതി ഉപയോഗിച്ചിരുന്നു.

സാധാരണ ഒരു രോഗിയില്‍ നിന്ന് പകര്‍ന്നു കിട്ടുന്നതിനേക്കാള്‍ ഇത്തരത്തില്‍ അണുബാധ കിട്ടുന്നവര്‍ക്ക് വൈറസിന്റെ അളവ് കുറവായിരിക്കും എന്നതായിരുന്നു ഗുണം. അവര്‍ക്ക് രോഗലക്ഷണങ്ങളും സങ്കീര്‍ണതകളും കുറവായിരിക്കും. മാസ്‌ക് വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ കോവിഡിലും ഇതേ പോലെ ഒരു പ്രയോജനം ഉണ്ടായേക്കാം എന്നാണ് പുതിയ പേപ്പര്‍ അവകാശപ്പെടുന്നത്.

മാസ്‌ക് ധരിക്കാത്ത ഒരാളുമായി താരതമ്യം ചെയ്യുമ്‌ബോള്‍ മാസ്‌ക് ധരിച്ച ആളിലേക്ക് വൈറസിന്റെ പ്രവേശനം കുറഞ്ഞ അളവില്‍ ആയിരിക്കുമെന്നും അതിനാല്‍ വൈറസ് കൊണ്ട് ഉണ്ടാകുന്ന രോഗത്തിന്റെ കാഠിന്യവും കുറവായിരിക്കും. ആകയാല്‍ ഇങ്ങനെ കോവിഡ് അണുബാധ ഉണ്ടാകുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം ആളുകളിലും ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടാവാതെ രക്ഷപ്പെടുന്നു. മാസ്‌ക് ഉപയോഗിച്ച് മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളിലും ഇതേ കാര്യം തെളിയിക്ക്‌പ്പെടുകയുണ്ടായി. അര്‍ജന്റീനയിലെ ഒരു ക്രൂസില്‍ യാത്ര ചെയ്ത ആളുകള്‍ എല്ലാവരും മാസ്‌ക് ഉപയോഗിച്ചപ്പോള്‍ ഒരു ലക്ഷണവും ഇല്ലാത്ത അണുബാധ 81 ശതമാനം ആയിരുന്നു എന്ന് കണ്ടു.

മുന്‍പ് ഇതേപോലെ മാസ്‌ക് ഇല്ലാതെ ക്രൂസില്‍ യാത്ര ചെയ്ത ആളുകള്‍ക്ക് ലക്ഷണങ്ങള്‍ ഇല്ലാത്ത അണുബാധ വെറും 20 ശതമാനം മാത്രമായിരുന്നു.അമേരിക്കയിലെ ഒരു ഭക്ഷ്യസംസ്‌കരണ ഫാക്ടറിയില്‍ എല്ലാ ജോലിക്കാരോടും നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവിടെ 500 ആളുകള്‍ക്ക് അണുബാധ ഉണ്ടായതില്‍ 95 ശതമാനവും ഒരു ലക്ഷണങ്ങളും കാണിക്കാതെ രക്ഷപ്പെട്ടു.

5% ലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ അവര്‍ക്കും ഗുരുതരമായ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. ഈ അടുത്ത കാലത്തായി നടന്ന നിരീക്ഷണങ്ങളിലെല്ലാം മാസ്‌ക് നിര്‍ബന്ധമാക്കിയ രാജ്യങ്ങളിലൊക്കെ കോവിഡ് അണുബാധ മൂലമുണ്ടാകുന്ന ഗുരുതരാവസ്ഥ കളും മരണങ്ങളും വളരെ കുറവാണെന്ന് കാണുന്നു. അതും നേരത്തെ ചൂണ്ടിക്കാണിച്ച കാരണങ്ങളാല്‍ ആവാം.
ലോക്ഡൗണ്‍, കണ്ടൈന്‍മെന്റ് തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ കോവിഡ് പ്രതിരോധിക്കാന്‍ ശ്രമിക്കുമ്‌ബോള്‍ താല്‍ക്കാലികമായി രോഗികളുടെ എണ്ണം കുറയുമെങ്കിലും അത് പിന്‍വലിക്കുന്ന മുറക്ക് രോഗികളുടെ എണ്ണം കുത്തനെ കൂടാനുള്ള സാധ്യത എന്നും നിലനില്‍ക്കുന്നു.

കാരണം രോഗത്തിനെതിരെ പ്രതിരോധ ശക്തി കുറഞ്ഞ ആളുകള്‍ ആ സമൂഹത്തില്‍ ബാക്കിയാവുന്നു എന്നതാണ്. എന്നാല്‍ മാസ്‌ക് ഉപയോഗിക്കുന്നതിലൂടെ ചില ആളുകളില്‍ കോവിഡ് അണുബാധ പൂര്‍ണമായും തടയാന്‍ സാധിക്കുമ്‌ബോള്‍, ചിലരില്‍ അത് ലക്ഷണം ഇല്ലാത്തതോ അല്ലെങ്കില്‍ ലക്ഷണം വളരെ കുറഞ്ഞതോ ആയ അണുബാധകള്‍ ഉണ്ടാക്കുന്നു. ഇത് ആളുകള്‍ക്ക് രോഗപ്രതിരോധ ശക്തി നല്‍കുക കൂടി ചെയ്യുന്നു. അതായത് സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകള്‍ക്ക് ഗുരുതരമല്ലാത്ത നിലയില്‍ അണുബാധ ഉണ്ടാകുന്നത് സമൂഹത്തിന്റെ മൊത്തം രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

നിലവിലുള്ള തെളിവുകള്‍ വെച്ച് നോക്കുമ്‌ബോള്‍ കോവിഡ് പ്രതിരോധത്തിലെ ഏറ്റവും ശക്തമായ ആയുധം സര്‍വ്വ വ്യാപകമായ മാസ്‌കിന്റെ ഉപയോഗമാണ് എന്നതില്‍ സംശയമില്ല. അതിനാല്‍ സംസാരിക്കുമ്‌ബോള്‍ മാസ്‌ക് താഴ്ത്തുകയും താടിയില്‍ മാസ്‌ക് വെക്കുകയും ചെയ്യുന്ന സ്വഭാവം ഉള്ള ആളാണെങ്കില്‍ ഇപ്പോള്‍ തന്നെ നന്നായിക്കോളൂ..

shortlink

Post Your Comments


Back to top button