COVID 19KeralaLatest NewsNews

വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് സ്വന്തം നാട്ടില്‍തന്നെ ചികിത്സാ കേന്ദ്രങ്ങള്‍

കോവിഡ് ബാധിതരില്‍ 2050 പേര്‍ വീടുകളില്‍ ചികിത്സയില്‍

കോട്ടയം : ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചശേഷം വീടുകളില്‍തന്നെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആകെ രോഗികളുടെ നാല്‍പ്പതു ശതമാനത്തിലേറെയായി. നിലവില്‍ ജില്ലയിലെ 4999 രോഗികളില്‍ 2050 പേരാണ് ഹോം ഐസൊലേഷനില്‍ കഴിയുന്നത്. കോവിഡ് ലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാത്തവര്‍ക്കാണ് വീടുകളില്‍ മതിയായ സൗകര്യമുണ്ടെങ്കില്‍ ഹോം ഐസൊലേഷന് ആരോഗ്യ വകുപ്പ് അനുമതി നല്‍കുന്നത്. രോഗം സ്ഥിരീകരിച്ചശേഷം വകുപ്പില്‍നിന്ന് ബന്ധപ്പെടുമ്പോള്‍ വീടുകളില്‍ തുടരാന്‍ താത്പര്യമറിയിക്കുന്നവരുടെ ആരോഗ്യ സ്ഥിതിയും സൗകര്യങ്ങളും വിലയിരുത്തിയശേഷം തൃപ്തികരമെങ്കില്‍ അനുമതി നല്‍കും.

അടിയന്തര സാഹചര്യമുണ്ടായാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലന്‍സ് എത്താന്‍ കഴിയാത്ത സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും വീടുകളില്‍ കഴിയാന്‍ അനുമതി നല്‍കില്ല. ഇവര്‍ക്കും മതിയായ സൗകര്യം ഇല്ലാത്തതുകൊണ്ടു മാത്രം വീടുകളില്‍ ചികിത്സയില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കും ഇനി സ്വന്തം നാട്ടില്‍തന്നെയുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ താമസിക്കാം.ഇതിനായി സ്റ്റെപ് ഡൗണ്‍ സി.എഫ്.എല്‍.ടി.സികള്‍ സജ്ജമാക്കുന്നതിന് ജില്ലാ കളക്ടര്‍ എം. അഞ്ജന എല്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരം 35 കേന്ദ്രങ്ങള്‍ സജ്ജമാക്കിവരികയാണ്. വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ ആദ്യത്തെ സ്റ്റെപ്ഡൗണ്‍ സി.എഫ്.എല്‍.ടി.സി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇത്തരം ചികിത്സാ കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിന് പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം എല്ലാ ദിവസവും റൗണ്ട്സ് നടത്തും. പരിശോധനയില്‍ നേരിയ രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രങ്ങളി(സി.എഫ്.എല്‍.ടി.സി)ലേക്കും വിദഗ്ധ ചികിത്സ വേണ്ടവരെ ആശുപത്രിയിലേക്കും മാറ്റും.

Also read : കേന്ദ്രത്തിൽ നിന്നും കോടികൾ വാങ്ങി പദ്ധതി നടപ്പിലാക്കാൻ ഒരു നെഞ്ചുളിപ്പുമില്ല: പ്രധാനമന്ത്രിയുടെ ഫോട്ടോ ഇടാൻ മാത്രം അറപ്പ്: കുമ്മനം രാജശേഖരൻ

നിലവില്‍ ജില്ലയിലെ സി.എഫ്.എല്‍.ടി.സികളില്‍ 4783 കിടക്കളാണുള്ളത്. 1590 രോഗികള്‍ മാത്രമാണ് ഇത്തരം കേന്ദ്രങ്ങളില്‍ കഴിയുന്നത്.അടുത്ത ഘട്ടത്തില്‍ തിരഞ്ഞെടുത്ത സി.എഫ്.എല്‍.ടി.സികളില്‍ അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സെക്കന്‍ഡറി ചികിത്സാകേന്ദ്രങ്ങളാക്കി(എസ്.എല്‍.ടി.സി)മാറ്റും. ഗുരുതരമല്ലാത്ത ലക്ഷണങ്ങളുള്ള രോഗികളുടെ ചികിത്സയ്ക്കായിരിക്കും ഈ സംവിധാനം പ്രയോജനപ്പെടുത്തുക. അടിയന്തര സാഹചര്യമുണ്ടായാല്‍ ഓക്സിജന്‍ നല്‍കുന്നതിന് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഇത്തരം കേന്ദ്രങ്ങളിലുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button