Latest NewsIndia

സ്‌ത്രീകള്‍ക്കെതിരായ അതിക്രമ സംഭവങ്ങളിൽ പരാതി കിട്ടിയാലുടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണം, രണ്ടുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം, വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പരാതി കിട്ടിയാലുടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പോലീസ് സ്റ്റേഷന്റ അധികാര പരിധിയില്‍ പെടാത്ത കുറ്റകൃത്യമാണെങ്കില്‍ പോലും സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ന്യൂഡല്‍ഹി: ഹാഥറസ് സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പരാതി ലഭിച്ചാല്‍ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പരാതി കിട്ടിയാലുടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പോലീസ് സ്റ്റേഷന്റ അധികാര പരിധിയില്‍ പെടാത്ത കുറ്റകൃത്യമാണെങ്കില്‍ പോലും സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

പരാതി ലഭിച്ചാല്‍ രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ഹാഥ്‌റസ് പീഡനക്കേസ് അന്വേഷണത്തില്‍ യുപി പൊലീസ് കൃത്യവിലോപം കാണിച്ചെന്ന് ഗുരുതര വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

സ്ത്രീകള്‌ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ രൂപീകരിച്ചിട്ടുള്ള നിയമങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചിട്ടുള്ളത്. പരാതി ലഭിച്ച്‌ 24 മണിക്കൂറിനുള്ളില്‍ ഇരകളെ വൈദ്യശാസ്ത്ര പരിശോധനയ്ക്ക് വിധേയരാക്കണം. തെളിവ് ശേഖരണത്തില്‍ കൃത്യവും ശാസ്ത്രിയവുമായ മാനദണ്ഡങ്ങള്‍ പാലിക്കണം.

പരാതികളില്‍ നടപടി സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് മേലധികാരികള്‍ ഉറപ്പ് വരുത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. കുറ്റവാളികള്‍ക്കെതിരെ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണം.

സ്‌ത്രീകള്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയമനിര്‍മ്മാണ വ്യവസ്ഥകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ വര്‍ഷങ്ങളായി സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം പറയുന്നു.

read also: ബംഗാളിൽ ബിജെപി റാലിക്കിടെ പൊലീസ് സിഖുകാരനെ മർദിക്കുകയും തലപ്പാവ് വലിച്ച് നിലത്തിടുകയും ചെയ്ത സംഭവത്തിൽ വൻ പ്രതിഷേധം

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളില്‍ എന്തെങ്കിലും വീഴ്‌ചകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, അന്വേഷണം നടത്തുകയും അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഇത്തരം കേസുകളില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെയോ മറ്റ് സംസ്ഥാനങ്ങളുടെയോ സഹായം ആവശ്യപ്പെടാം. ഇതിനായി രൂപീകരിച്ച പോര്‍ട്ടലായ ‘ഐടിഎസ്‌എസ്‌ഒ’ വഴി സഹായം തേടാമെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്രം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button