Latest NewsNewsIndia

പിഴപ്പലിശ ഒഴിവാക്കുന്നതിൽ കൂടുതൽ ഇളവുകൾ നൽകാനാകില്ല; കേന്ദ്രം സുപ്രീം കോടതിയിൽ

ബാങ്കുകൾ വായ്പകൾക്ക് പലിശയും പിഴപ്പലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികളിൽ ഉചിതമായ തീരുമാനമെടുക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ബാങ്ക് വായ്പകൾക്ക് പിഴപ്പലിശ ഒഴിവാക്കുന്നതിൽ കൂടുതൽ ഇളവുകൾ നൽകാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സാമ്പത്തിക നയങ്ങളിൽ കോടതി ഇടപെടരുതെന്നും കേന്ദ്രം വ്യക്തമാക്കി. മോറട്ടോറിയം കാലത്ത് വായ്പകൾക്ക് പലിശയും പിഴപ്പലിശയും എങ്ങനെ ഈടാക്കും എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിനാണ് കേന്ദ്രത്തിന്‍റെ മറുപടി.

എന്നാൽ 2 കോടി രൂപവരെയുള്ള ബാങ്കുവായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അതേസമയം കേന്ദ്ര നിലപാട് തൃപ്തികരമല്ലെന്നായിരുന്നു അന്ന് സുപ്രീംകോടതിയുടെ മറുപടി. വരുന്ന ചൊവ്വാഴ്ച വീണ്ടും കേസ് പരിഗണിക്കാനിരിക്കെയാണ് നിലപാടിൽ ഉറച്ച് കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം.

Read Also: വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ 20 ലക്ഷം രൂപ തട്ടി; സ്വപ്നയ്‌ക്കെതിരെ കുരുക്ക് മുറുക്കി പോലീസ്

മൊറൊട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കുന്നതിന് അപ്പുറത്ത് കൂടുതൽ ഇളവുകൾ നൽകാനാകില്ല, സര്‍ക്കാരിന്‍റെ സാമ്പത്തിക നയത്തിൽ കോടതി ഇടപെടരുത്, മേഖലകൾ തിരിച്ച് ഇളവുകൾ നൽകണമെന്ന് കോടതിക്ക് ആവശ്യപ്പെടാനാകില്ല, പലിശ മുഴുവൻ ഒഴിവാക്കിയാൽ അത് സമ്പദ്ഘടനയെ ബാധിക്കും ബാങ്കുകൾ പ്രതിസന്ധിയിലാകും തുടങ്ങിയ വാദങ്ങളാണ് സത്യവാങ്മൂലത്തിൽ കേന്ദ്രം നിരത്തുന്നത്. ബാങ്കുകൾ വായ്പകൾക്ക് പലിശയും പിഴപ്പലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികളിൽ ഉചിതമായ തീരുമാനമെടുക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. പിഴപ്പലിശയിൽ കൂടുതൽ ഇളവുകൾ നൽകില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിൽക്കുമ്പോൾ ഇനി സുപ്രീംകോടതി തീരുമാനം തന്നെയാകും നിര്‍ണായകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button