Latest NewsNewsDevotional

വാതാപി ഗുഹാക്ഷേത്രത്തെ കുറിച്ചറിയാം

കര്‍ണ്ണാടകയിലെ ബീജാപ്പൂര്‍ ജില്ലയിലെ ബദാമിയില്‍ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രമാണ് വാതാപി ഗുഹാക്ഷേത്രം അഥവാ ബദാമി ഗുഹാക്ഷേത്രം. ബി.സി.543 മുതല്‍ 753 വരെ വടക്കന്‍ കര്‍ണ്ണാടകയില്‍ നിലനിന്നിരുന്ന ചാലൂക്യ രാജവംശത്തിന്റെ തലസ്ഥാനമാണ് ബാദാമി. മഹാരാഷ്ട്രയിലെ എല്ലോറ ഗുഹകള്‍ക്കു സമാനമാണ് ഇവിടുത്തെ ഗുഹകള്‍. ഇവിടെ നിരവധി ക്ഷേത്രങ്ങള്‍ പണികഴിപ്പിക്കപ്പെട്ടിരുന്നു. അവയില്‍ പലതും ഇന്നും നിലനില്‍ക്കുന്നു. ഇവയില്‍ ഗുഹാക്ഷേത്രങ്ങളും അല്ലാത്തവയുമുണ്ട്.
അഗസ്ത്യമുനിയുടെ ഓര്‍മ്മയ്ക്കായി ഒരു വലിയ കുളം ഇവിടെ സ്ഥിതി ചെയ്യുന്നു. ഈ കുളം അഗസ്ത്യതീര്‍ഥം എന്നറിയപ്പെടുന്നു. ഇതിനു ചുറ്റുമായി ചുവന്ന പാറക്കെട്ടുകളുള്ള കുന്നുകള്‍ നിലകൊള്ളുന്നു. ഈ കുന്നിന്‍ മുകളിലായാണ് ഗുഹാക്ഷേത്രങ്ങളും ചാലൂക്യരുടെ കോട്ടയുടെ അവശിഷ്ടങ്ങളും ഉയര്‍ത്തിക്കെട്ടിയ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്.

കുളത്തിനു സമീപത്തായും ക്ഷേത്രങ്ങളുണ്ട്. കുളത്തില്‍ മുങ്ങിയാല്‍ കുഷ്ഠരോഗശമനമുണ്ടാകുമെന്ന് പുരാതനകാലത്ത് വിശ്വസിച്ചിരുന്നു. യെല്ലമ്മക്ഷേത്രമാണ് പ്രാധാന്യമേറിയത്. ഇന്തോ- ഇസ്ലാമിക് പാരമ്പര്യത്തിലുള്ള വാസ്തുശില്പവും അഗസ്ത്യതീര്‍ഥത്തിന്റെ കരയില്‍ ഉണ്ട്. ടിപ്പുസുല്‍ത്താന്റെ കാലത്തുള്ള ശവകുടീരങ്ങളാണ് ഇവയിലുള്ളത്. തെക്കുഭാഗത്തായുള്ള കുന്നിന്റെ മുകളിലാണ് ഗുഹാക്ഷേത്രങ്ങള്‍ നിലകൊള്ളുന്നത്.

വടക്കുഭാഗത്തായി പടുത്തുകെട്ടിയ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നു. ശൈവ, വൈഷ്ണവ, ബുദ്ധ, ജൈന പാരമ്പര്യങ്ങള്‍ ഗുഹാക്ഷേത്രം വെളിവാക്കുന്നു. ഏ.ഡി. 543 മുതല്‍ 757 വരെയുള്ള കാലഘട്ടങ്ങളില്‍ ബദാമി ചാലുക്യരുടെ തലസ്ഥാനമായിരുന്നു ഈ പ്രദേശം. രാജാവായിരുന്ന പുലികേശി ഒന്നാമനാണ് ഇവിടെ കോട്ട കെട്ടി രാജവംശം സ്ഥാപിച്ചത്. പല കാലഘട്ടങ്ങളിലെയും രാജാക്കന്മാരുടെ നിര്‍മ്മിതികള്‍ ഇവിടെ നിലകൊള്ളുന്നു. ആറാം നൂറ്റാണ്ടിലാണ് ചുവന്ന പാറക്കെട്ടുകള്‍ തുരന്ന് ഗുഹാക്ഷേത്രങ്ങള്‍ സ്ഥാപിച്ചത്.
തെക്കുഭാഗത്തായുള്ള നാലു ഗുഹകളാണ് ഇവിടെ പ്രാധാന്യമേറിയത്. ഗുഹയിലെ ചുമരുകളിലെ ശില്പങ്ങള്‍ ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന പൂര്‍ണ്ണകായ പ്രതിമകള്‍ പോലെയാണ് കാണപ്പെടുന്നത്. അഗസ്ത്യതീര്‍ഥത്തിന്റെ വടക്കേക്കുന്നിന്റെ മുകളിലായുള്ള ശിവക്ഷേത്രത്തില്‍ ഹനുമാന്റെ ശില്പം സ്ഥാപിച്ചിരിക്കുന്നു. ഇവിടെ നിത്യപൂജകള്‍ നടത്തപ്പെടുന്നു. ഈ ക്ഷേത്രത്തില്‍ നിന്നും കുറച്ചു ദൂരെയായി ദുര്‍ഗ്ഗയും ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

ഒരു സൂഫിയുടെ ഖബറിനോട് ചേര്‍ന്നാണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വടക്കേക്കുന്നിന്റെ മുകളിലായി കോട്ടയുടെ അവശിഷ്ടങ്ങളും ആദിചാലുക്യക്ഷേത്രവും കാണപ്പെടുന്നു. മേലേ ശിവാലയം, താഴേ ശിവാലയം, മാലഗന്തി ശിവാലയം എന്നിങ്ങനെ ഇവ അറിയപ്പെടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button