Latest NewsIndia

ശിവസേനയെ കൂട്ടുപിടിച്ചു മഹാരാഷ്ട്രയിൽ ഭരിക്കുന്നതുപോലെ നിതീഷിനെ വലയിലാക്കാൻ കോൺഗ്രസ്, മുൻകൂട്ടി കണക്കാക്കി ബിജെപി തന്ത്രം

തിരഞ്ഞെടുപ്പില്‍ മിന്നും ജയം സ്വന്തമാക്കിയിട്ടും, മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള മുന്നണിയിലെ തര്‍ക്കമാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് അനുകൂലമാക്കിയത്.

പട്ന : ബീഹാര്‍ തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് രാഷ്ട്രീയ ചരടുവലികളിലൂടെ മഹാരാഷ്ട്ര ആവര്‍ത്തിക്കാനാകുമോ എന്ന കണക്കുകൂട്ടലിലാണ്. ഇ വി എമ്മിനെ പഴിചാരി നേതാക്കളും അണികളും എന്‍ ഡി എയുടെ വിജയത്തിന്റെ തിളക്കം കുറയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് എത്തിക്കാനുള്ള വഴികളാലോചിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിന്റെ മുന്നോടിയായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ദൗത്യവുമായി നേരിട്ടിറങ്ങിയിരിക്കുകയാണ്.

ബീഹാറില്‍ എന്‍ ഡി എ ഭൂരിപക്ഷം നേടിയെങ്കിലും മുന്നണിയിലെ മുഖ്യകക്ഷിയായി ബി ജെ പി വളര്‍ന്നത് നിതീഷിനെ അസ്വസ്ഥമാക്കുമെന്ന് ഉറപ്പാണ്. എല്‍ ജെ പിയെ കളത്തിലിറക്കി തന്റെ പാര്‍ട്ടിയുടെ കരുത്ത് കുറച്ചത് സ്വന്തം മുന്നണിയില്‍ നിന്നുമാണെന്ന വിശ്വാസവും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുണ്ട്. ഈ വികാരത്തെ ആളിക്കത്തിക്കുന്നതാണ് ദിഗ് വിജയ് സിംഗിന്റെ ട്വീറ്റ്. ബി ജെ പി ബന്ധം അവസാനിപ്പിച്ച്‌ ബീഹാറില്‍ തേജസ്വിയെ പിന്തുണക്കാന്‍ നിതീഷ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ട്വീറ്റിലൂടെ ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാന്‍ നിതീഷ് തയ്യാറാകണമെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ആവശ്യം.  തിരഞ്ഞെടുപ്പില്‍ മിന്നും ജയം സ്വന്തമാക്കിയിട്ടും, മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള മുന്നണിയിലെ തര്‍ക്കമാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് അനുകൂലമാക്കിയത്.

ശിവസേനയെ എന്‍ ഡി എയില്‍ നിന്നും പുറത്ത് ചാടിച്ച്‌ എന്‍ സി പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തന്ത്രമൊരുക്കുകയാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ചെയ്തത്. വര്‍ഗീയ പാര്‍ട്ടി എന്ന് കോണ്‍ഗ്രസ് മുദ്രകുത്തുന്ന ശിവസേനയുമായി കൂട്ടുകൂടില്ല എന്ന ബി ജെ പിയുടെ കണക്കുകൂട്ടലാണ് അവിടെ പിഴച്ചത്. എന്നാല്‍ ബീഹാറില്‍ സ്ഥിതി പാടെ വ്യത്യസ്തമാണ്. 2013ല്‍ നരേന്ദ്രമോദിയെ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച്‌ എന്‍.ഡി.എ വിട്ടയാളാണ് നിതീഷ്.

തന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തയാളാണെങ്കിലും, ലാലുവുമായി വേര്‍പിരിഞ്ഞപ്പോള്‍ നിതീഷിനു കൈകൊടുക്കുകയാണ് മോദി ചെയ്തത്. ഇത്തവണ, നിതീഷിനെ തള്ളിക്കളയണമെന്ന ബിജെപിക്കുള്ളിലെ വികാരത്തെ മറികടന്നാണു മോദി നിതീഷിനെത്തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതും. അതെല്ലാം മറന്ന് അദ്ദേഹത്തെ എന്‍.ഡി.എ പാളയത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ ബി.ജെ.പി മുന്‍കൈയെടുത്തത് ബീഹാര്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ്.

നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തോടെ ആ ലക്ഷ്യത്തിലേക്ക് പാര്‍ട്ടി അടുക്കുന്നു. എന്‍.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പായാലും വാക്കുപാലിച്ച്‌ നിതീഷിനെ മുഖ്യമന്ത്രിയായി നിലനിറുത്താനാണ് ബിജെപി തീരുമാനം. 30 സീറ്റുകളിലെങ്കിലും ഐക്യദളിന്റെ പരാജയത്തിന് എല്‍.ജെ.പി കാരണമായിട്ടുണ്ട്.ബിഹാര്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച വേളയില്‍ എന്‍ഡിഎക്കാണ് വിജയമെന്നാണ് എല്ലവരും കരുതിയത്. തേജസ്വി യാദവ് ഒരു എതിരാളി പോലും ആയിരുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ മാറിയത് പിന്നീടായിരുന്നു.

read also: പതിവുപോലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാഹുൽ ഗാന്ധിയുടെ വിനോദയാത്ര

തേജസ്വിയുടെ റാലികള്‍ക്ക് ആള്‍ക്കൂട്ടത്തെ കണ്ടതോടെ ബിജെപി അപകടം മണത്തു. പ്രധാനമന്ത്രി മോദിയുടെ രംഗപ്രവേശനം അവിടെയായിരുന്നു. വോട്ടെടുപ്പിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കിടെ അദ്ദേഹ നടത്തിയ തീവ്രമായ പ്രചാരണവും സന്ദേശങ്ങളുമാണ് എന്‍ഡിഎയെ ഭൂരിപക്ഷത്തോളമെത്തിച്ചതെന്ന കാര്യത്തില്‍ സംശയം വേണ്ട. തോല്‍വിയുടെ വക്കില്‍ നിന്നും സൂപ്പര്‍ ഓവറിലായിരുന്നു അവരുടെ വിജയം. അധികാരത്തില്‍ തുടരാന്‍ ഏത് മുന്നണിയിലേക്കും ചാടുന്ന ചരിത്രമുള്ള നിതീഷ് കുമാര്‍ ചതി മുന്നില്‍ക്കണ്ട് എന്‍.ഡി.എ വിട്ടെന്നും വരാമെന്നതാണ് കോൺഗ്രസിന് പ്രതീക്ഷയേകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button