Latest NewsNewsIndia

ട്വന്റി 20 ത്രില്ലര്‍ മോഡലില്‍ മോദി മാജിക്; യുവ യോദ്ധാവായി തേജസ്വി യാദവ്

പാട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച വേളയില്‍ എന്‍ഡിഎക്കാണ് വിജയമെന്നാണ് എല്ലവരും കരുതിയത്. തേജസ്വി യാദവ് ഒരു എതിരാളി പോലും ആയിരുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ മാറിയത് പിന്നീടായിരുന്നു. തേജസ്വിയുടെ റാലികള്‍ക്ക് ആള്‍ക്കൂട്ടത്തെ കണ്ടതോടെ ബിജെപി അപകടം മണത്തു. പ്രധാനമന്ത്രി മോദിയുടെ രംഗപ്രവേശനം അവിടെയായിരുന്നു. തന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തയാളാണെങ്കിലും, ലാലുവുമായി വേര്‍പിരിഞ്ഞപ്പോള്‍ നിതീഷിനു കൈകൊടുക്കുകയാണ് മോദി ചെയ്തത്. നിതീഷ് കുമാറിനെ ഒതുക്കി നിര്‍ത്തി മോദിക്ക് വോട്ടു എന്നതായി ബിജെപി മുദ്രാവാക്യം. ആ കാമ്പയിന്‍ മികച്ച സംഘടനാ സംവിധാനമുള്ള ബിജെപി നേടിയെടുക്കുകയും ചെയ്തു. വോട്ടെടുപ്പിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കിടെ അദ്ദേഹ നടത്തിയ തീവ്രമായ പ്രചാരണവും സന്ദേശങ്ങളുമാണ് എന്‍ഡിഎയെ ഭൂരിപക്ഷത്തോളമെത്തിച്ചതെന്ന കാര്യത്തില്‍ സംശയം വേണ്ട. തോല്‍വിയുടെ വക്കില്‍ നിന്നും സൂപ്പര്‍ ഓവറിലായിരുന്നു അവരുടെ വിജയം.

എന്നാൽ മുഖ്യമന്ത്രിയെന്ന നിലയില്‍ നിതീഷ് കുമാര്‍ ഒരു ബാധ്യതയായി മാറിയപ്പോള്‍ മോദിയാണ് വോട്ടര്‍മാരെ ഇളക്കിമറിച്ചത്. ഒരര്‍ഥത്തില്‍, 2015 ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ നിതീഷ് ലാലു കോണ്‍ഗ്രസ് സഖ്യത്തിനു മുന്‍പില്‍ ഒറ്റപ്പെടുകയും തകര്‍ന്നടിയുകയും ചെയ്ത ബിജെപിയുടെ വേദന കുറെയെല്ലാം മായ്ച്ചു കളയുന്നുണ്ട് ഈ വിജയം. എന്നാൽ ഇത്തവണ, നിതീഷിനെ തള്ളിക്കളയണമെന്ന ബിജെപിക്കുള്ളിലെ വികാരത്തെ മറികടന്നാണു മോദി നിതീഷിനെത്തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതും. ഇനി അറിയേണ്ടത് തന്റെ പാര്‍ട്ടിയെ ബിജെപി വിഴുങ്ങിയതോടെ ഉദ്ധവ് താക്കറെ മോഡലില്‍ നിതീഷ് മറുകണ്ടം ചാടുമോ എന്നതാണ്.

നിതീഷിന്റെ എതിര്‍പ്പ് മൂലമാണ് 2005-ലെ നിയമസഭാ തിരഞ്ഞെടുപ്പ്, 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പ്, 2010-ലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിനുള്ള താരപ്രചാരകരുടെ പട്ടികയില്‍നിന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ബിജെപി.ക്ക് ഒഴിവാക്കേണ്ടിവന്നത്. മോദി പ്രചാരണത്തിനായി ബിഹാറിലേക്ക് കടക്കരുതെന്നായിരുന്നു നിതീഷിന്റെ നിര്‍ബന്ധം. 2010-ല്‍ ബിജെപി.ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ പങ്കെടുക്കാന്‍ പട്നയില്‍ എത്തിയ മോദി അടക്കമുള്ള നേതാക്കള്‍ക്കുള്ള അത്താഴ വിരുന്നിനുള്ള ക്ഷണം അവസാനനിമിഷം പിന്‍വലിച്ച സംഭവം, കോസി നദിയിലെ വെള്ളപ്പൊക്കം നേരിടുന്നതിന് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ അഞ്ചുകോടി തിരിച്ച്‌ നല്‍കിയ സംഭവം തുടങ്ങിയവ ബന്ധം വഷളാക്കി. 2013-ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെച്ചൊല്ലി എന്‍.ഡി.എ.യില്‍ നടന്ന ചര്‍ച്ചകളില്‍ നിതീഷ് എല്‍.കെ. അദ്വാനിയെയാണ് പിന്തുണച്ചത്.

മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതോടെ നിതീഷ് എന്‍.ഡി.എ. ബന്ധം അവസാനിപ്പിച്ച്‌ ബദ്ധശത്രുവായ ലാലുവിനൊപ്പം കൈകോർത്തത് മഹാസഖ്യമുണ്ടാക്കി. 2017-ല്‍ മഹാസഖ്യം വെടിഞ്ഞ് നിതീഷ് എന്‍.ഡി.എ.യില്‍ മടങ്ങിയെത്തിയെങ്കിലും അത് ബിജെപി.ക്കും ജെ.ഡി.യു.വിനും അനിവാര്യമായ ഒരു താത്കാലിക സംവിധാനമെന്നതിനപ്പുറം രാഷ്ട്രീയ ബന്ധമായി വളര്‍ന്നില്ല. നിതീഷിനോടുള്ള വിദ്വേഷത്തിന്റെ കനലുകള്‍ ബിജെപി തിരഞ്ഞെടുപ്പുരംഗത്ത് പുറത്തെടുത്തു.

Read Also: അന്ന് ലാലു തടഞ്ഞ ബിജെപിയുടെ രഥം ഇന്ന് ഇന്ത്യ മുഴുവന്‍ തേരോട്ടം നടത്തിക്കഴിഞ്ഞു; ഇനി ലക്ഷ്യം തമിഴ്‌നാട്,ബംഗാൾ കേരളം

തേജസ്വി യാദവിന്റെ പോരാട്ടവീര്യമാണ് ഈ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയെ ഭരണത്തിന്റെ വക്കില്‍ എത്തിച്ചത്. സീറ്റ് വിഭജനത്തില്‍ അടക്കം കടുംപിടുത്തങ്ങള്‍ക്ക് നില്‍ക്കാതെ തേജസ്വി മികച്ചു നിന്നപ്പോള്‍ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ മാതര്ം അദ്ദേഹത്തിന് പിഴച്ചു. വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് അനുഭവങ്ങളുടെ രാഷ്ട്രീയക്കളരിയില്‍ നിന്ന് ആര്‍ജിച്ചെടുത്ത കരുത്തുമായി ലാലുപ്രസാദ് യാദവിന്റെ പുത്രന്‍ ഇക്കുറി അങ്കം കുറിച്ചിരുന്നത്. എക്‌സിറ്റ് പോളുകളിലെ പ്രവചനങ്ങളെല്ലാം മഹാസഖ്യത്തിന് വ്യക്തമായ വിജയം പ്രസ്താവിച്ചപ്പോള്‍ പ്രതീക്ഷകള്‍ വാനോളമായിയിരുന്നു. എന്നാല്‍ അടിയൊഴുക്കുകള്‍ പോലെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച തിരിച്ചടികളില്‍ നിരായുധനായി അടര്‍ക്കളത്തില്‍ നില്‍ക്കുകയാണ് തേജസ്വി. തോറ്റെങ്കിലും കരുത്തനായ നേതാവും ബിഹാറിന്റെ ഭാവി നേതാവുമാകും അദ്ദേഹം എന്ന് ഉറപ്പാണ്.

എന്നാൽ ക്രിക്കറ്റിനോടുള്ള അഭിനിവേശം മൂത്ത് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്‌ ബാറ്റെടുത്ത ചരിത്രമാണ് തേജസ്വി യാദവിന്റേത്. ഒരുപക്ഷേ, ക്രിക്കറ്റില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ തേജസ്വിയുടെ രാഷ്ട്രീയപ്രവേശനം സംശയമായിരുന്നേനെ. എന്നാല്‍, ഐ.പി.എല്ലില്‍ നാല് വര്‍ഷം ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമില്‍ ഉള്‍പ്പെട്ടിട്ടും സെഡ് ബെഞ്ചില്‍ ഇരിക്കാനായിരുന്നു വിധി. 2010ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അച്ഛനോടൊപ്പം പ്രചാരണത്തിനിറങ്ങിയതായിരുന്നു തേജസ്വിയുടെ ആദ്യകാല രാഷ്ട്രീയ ഇടപെടല്‍. എന്നാല്‍, അക്കാലത്തും മനസില്‍ നിറഞ്ഞുനിന്നത് ക്രിക്കറ്റ് തന്നെ. ക്രിക്കറ്റില്‍ മികച്ച കളിക്കാരനായി വളര്‍ന്നുയരാനൊന്നും തേജസ്വിക്ക് കഴിഞ്ഞില്ല. രഞ്ജി ട്രോഫിയില്‍ ഝാര്‍ഖണ്ഡിനായി ഒരു മത്സരം കളിച്ചതായിരുന്നു ഐ.പി.എല്ലില്‍ എത്തുമ്ബോള്‍ തേജസ്വിയുടെ ഹിസ്റ്ററി. ആദ്യ ഇന്നിങ്‌സില്‍ ഒന്നും രണ്ടാം ഇന്നിങ്‌സില്‍ 19ഉം റണ്‍സെടുത്ത് പുറത്തായി.

മൂന്ന് വര്‍ഷം ഐ.പി.എല്‍ ടീമിലുണ്ടായിരുന്നിട്ടും കരക്കിരുന്ന് കളി കാണാനും വെള്ളം കൊടുക്കാനും മാത്രമായിരുന്നു വിധി. കളിച്ച നാല് ട്വന്റി20 മത്സരത്തില്‍ ഒരിക്കല്‍ മാത്രം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ നേടാനായത് മൂന്ന് റണ്‍സ് മാത്രം. ഫസ്റ്റ് ക്ലാസിലും ട്വന്റി20യിലുമായി 15 ഓവര്‍ പന്തെറിഞ്ഞിട്ടും നേടിയത് ഒറ്റ വിക്കറ്റ് മാത്രം. തന്റെ ഭാവി ക്രിക്കറ്റില്‍ അല്ലെന്ന് പതുക്കെ തേജസ്വി മനസിലാക്കുകയായിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയെ പോലെ ജെ.ഡി.യുവിനും ബിഹാറില്‍ നേട്ടമുണ്ടാക്കാനായില്ല. നിതീഷ് കുമാറുമായി കൈകോര്‍ത്ത് പുതിയൊരു മുന്നണി രൂപീകരിക്കാന്‍ തേജസ്വിയാണ് ലാലു പ്രസാദിനെ ഉപദേശിച്ചതെന്ന് പറയപ്പെടുന്നു. മൂത്ത മകന്‍ തേജ് പ്രതാപ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നിട്ടും പാര്‍ട്ടിയെ നയിക്കാനുള്ള ചുമതല ലാലു പ്രസാദ് കൈമാറിയത് തേജസ്വിക്കായിരുന്നു. 2015ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവും ആര്‍.ജെ.ഡിയും കോണ്‍ഗ്രസും കൈകോര്‍ത്ത് മഹാസഖ്യമായി രംഗത്തിറങ്ങി.

രഘോപൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു തേജസ്വി ജനവിധി തേടിയത്. തെരഞ്ഞെടുപ്പില്‍ മഹാസഖ്യം വന്‍ വിജയം നേടി. ആര്‍.ജെ.ഡിക്കായിരുന്നു വന്‍ നേട്ടമുണ്ടായത്. 22 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ആര്‍.ജെ.ഡി 58 സീറ്റുകള്‍ കൂട്ടിച്ചേര്‍ത്ത് 80 സീറ്റിന്റെ വന്‍ വിജയം സ്വന്തമാക്കി. ധാരണപ്രകാരം നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായി.

എന്നാല്‍, നിതീഷ് കുമാറിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ തേജസ്വി കരുതിയതിനും അപ്പുറമായിരുന്നു. ആര്‍.ജെ.ഡി പിന്തുണ ഉപേക്ഷിച്ച്‌ നിതീഷ് ബിജെപിയോടൊപ്പം ചേര്‍ന്ന് ഭരണം തുടങ്ങിയതോടെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വന്നു തേജസ്വി. പാര്‍ട്ടിക്കുള്ളിലും നിരവധി എതിര്‍പ്പുകള്‍ നേരിട്ടു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും ജയിക്കാനാകെ ആര്‍.ജെ.ഡി പിന്തള്ളപ്പെട്ടത് വന്‍ തിരിച്ചടിയായി.

മുഖ്യധാരയില്‍ നിന്നും അകന്നുനിന്ന തേജസ്വിയുടെ രാഷ്ട്രീയ ജീവിതത്തിന് അവസാനമായെന്ന തരത്തില്‍ വരെ പ്രചാരണങ്ങള്‍ വന്നു. എന്നാല്‍, ചാരത്തില്‍ നിന്നുയരുന്ന പക്ഷിയെ പോലെ കുതിച്ചുയരുകയായിരുന്നു തേജസ്വി. മഹാസഖ്യത്തിന് പുതുജീവന്‍ നല്‍കിക്കൊണ്ട് പ്രചാരണത്തിന്റെ കുന്തമുനയായി ലാലു രണ്ടാമന്‍. ഇടതുകക്ഷികള്‍ക്ക് മതിയായ പരിഗണന നല്‍കി സഖ്യത്തിന്റെ സീറ്റ് വിഭജിച്ചപ്പോള്‍ തന്നെ ജയത്തില്‍ കുറഞ്ഞതൊന്നും തേജസ്വി ലക്ഷ്യമിടുന്നില്ലെന്ന് വ്യക്തമായിരുന്നു. വിജയിപ്പിച്ചാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ 10 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം തരംഗമായി. 31കാരനായ തേജസ്വിയുടെ ഊര്‍ജസ്വലത സഖ്യത്തിന്റെ പ്രചാരണത്തിലുടനീളം പ്രകടമായിരുന്നു.

എക്‌സിറ്റ് പോളുകളിലെല്ലാം മഹാസഖ്യത്തിന് വിജയമാണ് പ്രവചിച്ചത്. തേജസ്വി തരംഗമായിരിക്കും മഹാസഖ്യത്തിന്റെ വിജയമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടു. ലാലു പ്രസാദ് യാദവ് എന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ അതികായന്റെ പേരു പറഞ്ഞല്ല ഈ തെരഞ്ഞെടുപ്പില്‍ തേജസ്വി യാദവ് വോട്ട് ചോദിച്ചത്. തേജസ്വി തന്നെയായിരുന്നു ആര്‍.ജെ.ഡിയുടെ മുഖം. 75 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പ്രധാന സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ പരാജയം ഒരുപരിധി വരെ സഖ്യത്തിന്റെ പരാജയത്തിനും കാരണമായി.

തേജസ്വി യാദവിന്റെ രാഷ്ട്രീയഭാവി തന്നെ ചോദ്യംചെയ്യപ്പെടുന്ന വിധത്തില്‍ ബിഹാര്‍ രാഷ്ട്രീയത്തെ ഈ തോല്‍വി പിടിച്ചുലക്കും. പരാജയപ്പെട്ടെങ്കിലും ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ ലാലുപുത്രന്റെ പാര്‍ട്ടിക്ക് സാധിച്ചു എന്നത് മാത്രമാണ് ആശ്വാസം. നിതീഷ് കുമാറിനെ മുന്നില്‍ നിര്‍ത്തി വീണ്ടും ബിജെപി ഭരിക്കുമ്ബോള്‍ മതനിരപേക്ഷ ഇന്ത്യക്ക് ബിഹാറില്‍ പ്രതീക്ഷയോടെ നോക്കാനുള്ളത് തേജസ്വി യാദവ് എന്ന നേതാവിനെ മാത്രമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button