Latest NewsKeralaNews

മണ്ണിനും മനുഷ്യനും മാതൃഭാഷയ്ക്കും വേണ്ടി പോരാടിയ കവയിത്രി: അനുശോചനം രേഖപ്പെടുത്തി കെ സുരേന്ദ്രൻ

പ്രശസ്ത കവയിത്രി സുഗതകുമാരിക്ക് അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജനിച്ച മണ്ണിനോടും സഹജീവികളോടും മാതൃഭാഷയോടും പ്രതിബദ്ധതയുള്ള കവയിത്രിയായിരുന്നു സുഗതകുമാരി ടീച്ചറെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു. മധുരമായ കവിതകൾ എഴുതുമ്പോഴും പ്രകൃതിക്കെതിരായ നീക്കം വന്നാൽ സമരമുഖത്തിറങ്ങുകയും സ്ത്രീകളുടെ കണ്ണീരൊപ്പാൻ അഭയഹസ്തമേകുകയും ചെയ്യുന്ന പകരക്കാരില്ലാത്ത ആശാകേന്ദ്രമായിരുന്നു മലയാളിക്ക് സു​ഗതകുമാരി ടീച്ചറെന്നും സുരേന്ദ്രൻ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം…………………………………

 

ജനിച്ച മണ്ണിനോടും ഇവിടത്തെ മനുഷ്യരോടും മാതൃഭാഷയോടും സു​ഗതകുമാരി ടീച്ചർക്കുള്ള പ്രതിബദ്ധതയാണ് മറ്റു സാഹിത്യകാരിൽ നിന്നും അവരെ വ്യത്യസ്തമാക്കുന്നത്. മധുരമായ കവിതകൾ എഴുതുമ്പോഴും പ്രകൃതിക്കെതിരായ ഒരു നീക്കം വന്നാൽ അവർ സമരമുഖത്തിറങ്ങും. സ്ത്രീകളുടെ കണ്ണീരൊപ്പാൻ അഭയഹസ്തമേകും. പകരക്കാരില്ലാത്ത ആശാകേന്ദ്രമായിരുന്നു മലയാളിക്ക് സു​ഗതകുമാരി ടീച്ചർ. ടീച്ചറുടെ വിയോ​ഗം കേരളത്തിന് നികത്താനാവാത്ത നഷ്ടമാണ്. ഒരു കവിയത്രിക്ക് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും എങ്ങനെ പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമാകാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവർ. തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോഴും ആരുമായും ശത്രുത ഉണ്ടാകാതിരിക്കാനും എല്ലാവരെയും ചേർത്തുനിർത്താനും സാധിച്ചത് അവരിലെ അമ്മ മനസിന്റെ നന്മയാണ്. സൈലന്റ് വാലി പ്രക്ഷോഭം മുതൽ സൈബർ ഇടങ്ങളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ വരെ അവർ പോരാടി. മുത്തുച്ചിപ്പി, അമ്പലമണി, തുലാവർഷപ്പച്ച, രാധയെത്തേടി, ഗജേന്ദ്രമോക്ഷം, കാളിയ മർദ്ദനം, കൃഷ്ണ നീയെന്നെ അറിയില്ല, കുറിഞ്ഞിപ്പൂക്കൾ, നന്ദി, ഒരു സ്വപ്‌നം, പവിഴമല്ലി, പെൺകുഞ്ഞ്, രാത്രി മഴ തുടങ്ങിയ കവ്യകൃതികളിലൂടെ സഹൃദയരുടെ മനസ് കവരാൻ സു​ഗതകുമാരിക്കായി. ആറന്മുള സമരകാലത്ത് അവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് എക്കാലത്തേയും മറക്കാനാവാത്ത ഓർമ്മയാണ്. ശബരിമല പ്രക്ഷോഭകാലത്ത് വലിയ പിന്തുണയാണ് ടീച്ചർ തന്നത്. ഈ കൊല്ലം ആദ്യം അമ്പലമണിയുടെ ഒരു കോപ്പി അവരുടെ കയ്യൊപ്പോടുകൂടി പ്രിയസുഹൃത്ത് ഹരി ആറന്മുളയുടെയടുത്ത് എനിക്കു തരാനായി കൊടുത്തുവിട്ടതും കാണാൻ ആഗ്രഹം അറിയിച്ചതും ഓർക്കുകയാണ്. . കോവിഡ് കാരണം അതു നടന്നില്ലെന്നത് വലിയ ദുഖമായി അവശേഷിക്കുന്നു. കോവിഡിനുമുന്നിൽ പിടിച്ചുനിൽക്കാൻ ടീച്ചർക്കുമായില്ല. കണ്ണീർ പ്രണാമങ്ങൾ…..

https://www.facebook.com/KSurendranOfficial/posts/3627044227380187

shortlink

Related Articles

Post Your Comments

Related Articles


Back to top button