KeralaLatest NewsNews

പ്രതിസന്ധികള്‍ക്കിടയിലും കേരളത്തിന്റെ വികസനം വൻ കുതിപ്പിലേയ്ക്ക്; സർക്കാരിന് അഭിമാനമെന്ന് മുഖ്യമന്ത്രി

കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകുമോ എന്ന ആശങ്ക ഉടലെടുത്തപ്പോഴാണ് സര്‍ക്കാര്‍ സുഭിക്ഷകേരളം പദ്ധതി പ്രഖ്യാപിച്ചത്.

എറണാകുളം: ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സാമൂഹ്യനീതിയില്‍ അധിഷ്ഠിതവും സര്‍വ്വതല സ്പര്‍ശിയുമായ വികസനമാണ് ഈ സര്‍ക്കാര്‍ തുടക്കംമുതല്‍ ലക്ഷ്യമിടുന്നതെന്നും ഇതിന്‍റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവിധ നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച്‌ അടുത്ത തിരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രിക രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ളവരുമായുള്ള ആശയ സംവാദനത്തിനായി സംഘടിപ്പിച്ച എറണാകുളം ജില്ലയിലെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ സമൂഹത്തിലെ എല്ലാവരിലും വികസനത്തിന്‍റെ സ്പര്‍ശനം ഏല്‍ക്കണമെന്നും നാടിന്‍റെ എല്ലാ ഭാഗങ്ങളിലും വികസനം സാധ്യമാക്കണം എന്നതുമാണ് സര്‍ക്കാരിന്‍റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നാലര വര്‍ഷക്കാലം ചരിത്രത്തില്‍ ഇതേവരെ ഉണ്ടാകാത്ത വിവിധ പ്രതിസന്ധികള്‍ ഒന്നിന് പുറകേ ഒന്നായി വന്നിട്ടും കേരളത്തിന്റെ വികസനം മികച്ചരീതിയില്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ സര്‍ക്കാരിന് സാധിച്ചു. പ്രകടനപത്രികയില്‍ അക്കമിട്ട് നിരത്തിയ 600 വാഗ്ദ്ധാനങ്ങളില്‍ 570ഉം നടപ്പിലാക്കി, വര്‍ഷാവര്‍ഷം പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കാനും സാധിച്ചു. പ്രകടനപത്രികയ്ക്ക് പുറത്തുള്ള നൂറുകണക്കിന് വികസന പ്രവര്‍ത്തനങ്ങളും ഈ കാലയളവില്‍ സംസ്ഥാനത്ത് നടപ്പാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചില്ലായിരുന്നെങ്കില്‍ നാല് വര്‍ഷത്തിനുള്ളില്‍ തന്നെ പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുവാന്‍ സാധിക്കുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: തിരുവനന്തപുരം വിമാനത്താവളം ഇനി അദാനിയ്ക്ക് സ്വന്തം

ഓഖി മുതല്‍ കോവിഡ് വരെ, നൂറ്റാണ്ടിലെ പ്രളയം ഉള്‍പ്പെടെ വിവിധ പ്രതിസന്ധികള്‍ കുറഞ്ഞ ഇടവേളകളില്‍ സംഭവിച്ചപ്പോള്‍ നാട് ഒറ്റക്കെട്ടായി അതിനെ നേരിട്ടതും അതിജീവിച്ചതും ലോകം ശ്രദ്ധിച്ചു. ഈ നാടിന്‍റെ പ്രത്യേകതയാണ് അതിന് വഴിവെച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകുമോ എന്ന ആശങ്ക ഉടലെടുത്തപ്പോഴാണ് സര്‍ക്കാര്‍ സുഭിക്ഷകേരളം പദ്ധതി പ്രഖ്യാപിച്ചത്. വിസ്മയകരമായ പ്രതികരണമാണ് സമൂഹത്തില്‍ നിന്നും ഉണ്ടായത്. കേരളത്തിലെ കുടുംബങ്ങള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറായി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്ബോള്‍ ഏഴ് ലക്ഷംടണ്ണായിരുന്നു സംസ്ഥാനത്തെ കാര്‍ഷിക ഉത്പാദനമെങ്കില്‍ നിലവില്‍ അത് 15 ലക്ഷം ടണ്ണായി ഉയര്‍ന്നു. തരിശ് രഹിത പദ്ധതികള്‍ വിജയം കണ്ടു. തരിശ് രഹിത ജില്ല പദ്ധതിയിലേക്കാണ് ഇനി കടക്കുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ കാര്‍ഷികരംഗത്തേക്ക് കൂടുതലായി കടന്നുവരുന്നു. സ്റ്റാര്‍ട്ടപ്പുകളും വിവിധ പദ്ധതികളും യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചു. സ്റ്റാര്‍ട്ടപ് വികസനത്തില്‍ കേരളം രാജ്യത്ത് ഒന്നാമതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിലൂടെ യുവാക്കള്‍ തൊഴില്‍ ദാതാക്കളായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനായി ഏഴ് നിയമങ്ങളും 10 ചട്ടങ്ങളും സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഇതിലൂടെ പുതിയൊരു വ്യവസായ സൗഹൃദ അന്തരീക്ഷം സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടു. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ മികച്ച പ്രോത്സാഹനമാണ് നല്‍കുന്നത്. ഇത്തരം വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ച്‌ മൂന്ന് വര്‍ഷത്തിനുള്ളില്‍ അനുമതികള്‍ നേടിയാല്‍ മതിയെന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിരഹിത, നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന ഖ്യതി ആഗോളതലത്തില്‍ കൈവരിക്കാന്‍ കേരളത്തിന് സാധിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിവിധ ബഹുരാഷ്ട്ര കമ്ബനികള്‍ നിക്ഷേപത്തിന് തയ്യാറായി. കൂടുതല്‍ കമ്ബനികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button