സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ ഇന്നും കസ്റ്റംസിന് മുൻപിൽ ഹാജരായില്ല. നിയമസഭ ചേരുന്നതിനാല്‍ ജോലി തിരക്കാണെന്നും ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്നുമാണ് അയ്യപ്പൻ അറിയിച്ചിരുക്കുന്നത്. ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകാനായിരുന്നു നോട്ടീസ്.
നോട്ടീസ് ലഭിച്ചപ്പോൾ 12 മണിയോടെ ഹാജരാകാമെന്നായിരുന്നു അയ്യപ്പൻ ആദ്യം അറിയിച്ചത്. എന്നാൽ, രാത്രി വളരെ വൈകി അയ്യപ്പൻ കസ്റ്റംസിനെ വീണ്ടും വിളിച്ച് ഇന്ന് എത്താനാകില്ലെന്നും ചോദ്യം ചെയ്യലിനായി പുതിയൊരു ദിവസം നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, അന്വേഷണവുമായി അയ്യപ്പൻ സഹകരിക്കുന്നില്ലെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിലപാട്. ആദ്യം നോട്ടീസ് നൽകിയപ്പോൾ തനിക്ക് നോട്ടീസൊന്നും വന്നില്ലെന്നായിരുന്നു അയ്യപ്പൻ പറഞ്ഞത്. മൂന്നാമത്തെ തവണയും ചോദ്യം ചെയ്യലിനു ഹാജരായില്ലെങ്കിൽ വാറണ്ട് അടക്കമുള്ള നടപടിയിലേക്ക് കസ്റ്റംസ് നീങ്ങാനാണ് സാധ്യത.
അതേസമയം, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കണ്ട് പഠിക്കുമോ എന്ന സംശയവും കസ്റ്റംസിന് ഉണ്ട്. ഇതുപോലെ തന്നെയായിരുന്നു ചോദ്യം ചെയ്യലിനു ഹാജരാകാൻ ശിവശങ്കറും തയ്യാറായിരുന്നില്ല. അസുഖമെന്ന് കാണിച്ച് അയ്യപ്പനും ആശുപത്രി രേഖകൾ കാണിക്കാനുള്ള തയ്യാറെടുപ്പ് ആയിരിക്കുമോയെന്ന സംശയവും കസ്റ്റംസിനുണ്ട്.
Post Your Comments