KeralaLatest NewsNews

ലൈഫ് മിഷൻ അഴിമതിക്കേസ് വിധിയിൽ സർക്കാരിന്റെ അവസാന പ്രതിരോധവും പൊളിഞ്ഞു: കെ.സുരേന്ദ്രൻ

കോഴിക്കോട് : വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസ് സി.ബി.ഐ അന്വേഷിക്കരുതെന്ന സംസ്ഥാനസർക്കാറിന്റെ ഹർജി ഹൈക്കോടതി തള്ളിയതോടെ പിണറായി സർക്കാരിന്റെ അവസാനത്തെ പ്രതിരോധവും പൊളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പ്രാഥമികമായി വിദേശപണ കൈമാറ്റ നിയമ ലംഘനമുണ്ടായെന്ന സി.ബി.ഐയുടെ വാദം കോടതി അംഗീകരിച്ചത് സർക്കാരിന് കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരായ സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ മൂടിവെച്ച സത്യങ്ങൾ പുറത്തുവരിക തന്നെ ചെയ്യും. കേസിൽ കക്ഷി ചേരാനുള്ള സർക്കാരിന്റെ നീക്കവും കോടതി നിഷേധിച്ചിരിക്കുകയാണ്. ദേശീയ അന്വേഷണ ഏജൻസികൾക്കെതിരായ മുഖ്യമന്ത്രിയുടെ ആരോപണത്തിന്റെ മുന ഒടിഞ്ഞു കഴിഞ്ഞു. ദേശീയ ഏജൻസികൾക്കെതിരായി സമരം ചെയ്തത് പോലെ ഇനി ഹൈക്കോടതിക്കെതിരെയും സി.പി.എം സമരം ചെയ്യുമോ എന്ന് സുരേന്ദ്രൻ പരിഹസിച്ചു.

ലൈഫ് മിഷൻ സി.ഇ.ഒക്കെതിരായ അന്വേഷണത്തിന് സർക്കാർ തടയിടാൻ ശ്രമിച്ചത് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് വരുമെന്ന ഭയം കാരണമാണ്. ഓഡിറ്റ് ഒഴിവാക്കാനാണ് ധാരണാപത്രം ഒപ്പിട്ടതെന്ന ബി.ജെ.പിയുടെ ആരോപണം കോടതി അംഗീകരിച്ചു. ഈ വിധി അഴിമതിക്കെതിരായ പോരാട്ടത്തിന് കരുത്തുപകരും. സർക്കാർ തലത്തിൽ പ്രധാന ഫയലുകൾ സി.ബി.ഐയെ ഏൽപ്പിക്കാതിരുന്നതാണ് കേസിന്റെ വേഗതകുറയാനുണ്ടായ കാരണം. കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിജിലൻസ് കൈവശം വെച്ചിരിക്കുന്ന എല്ലാ പ്രധാന ഫയലുകളും സി.ബി.ഐയ്ക്ക് ഏറ്റെടുക്കാം. ഇത് അന്വേഷണത്തിൽ നിർണായകമാവുമെന്നും സുരേന്ദ്രൻ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button