
യാങ്കൂണ്‍: പട്ടാള അട്ടിമറിക്ക് പിന്നാലെ മ്യാന്മാറിലെ എയര്‍പോട്ടുകള്‍ പൂര്‍ണമായും അടച്ചു. വിമാന സര്‍വീസുകളും റദ്ദാക്കി. മ്യാന്മാറിലെ പ്രധാനനഗരമായ യാങ്കൂണ്‍ എയര്‍പോട്ടിലേക്കുള്ള റോഡ് അടച്ചതായി മ്യാന്‍മാര്‍ യുഎസ് എംബസി ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. ഞായാഴ്ച്ച രാത്രിയാണ് ഭരണാധികാരിയും നൊബേല്‍ സമ്മാന ജേതാവുമായ ഉള്‍പ്പെടെയുള്ളവരെ സൈന്യം തടങ്കലിലാക്കിയത്. പട്ടാള ടിവി ഒഴികെയുള്ള രാജ്യത്തെ ചാനലുകളും റേഡിയോ ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചു. യാങ്കൂണ്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് സേവനവും നിര്‍ത്തിവെച്ചിരിക്കുയാണ്.
ഒരു വര്‍ഷത്തേക്ക് പട്ടാളം ഭരണ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണെന്ന് തിങ്കളാഴ്ച്ച പട്ടാള ചാനലിലൂടെ സൈന്യം അറിയിച്ചിരുന്നു. സൈന്യത്തിന്റെ നടപടികള്‍ നീതീകരിക്കപ്പെടാത്തതും ഭരണഘടനയ്ക്കും വോട്ടര്‍മാരുടെ താത്പര്യത്തിനും വിരുദ്ധമാണെന്ന് ഓങ് സാന്‍ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സൈന്യത്തിന്റെ നടപടിക്കെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി മുന്നോട്ടുവരണമെന്ന് ഓങ് സാന്‍ സൂചി ആവശ്യപ്പെട്ടു. നവംബറിലെ തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷപാര്‍ട്ടി ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു സൈന്യം.
എന്നാൽ പുതിയ സര്‍ക്കാരിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പേയാണ് പട്ടാള അട്ടിമറി. നവംബര്‍ എട്ടിലെ പൊതു തെരഞ്ഞെടുപ്പില്‍ സൂചിയുടെ എന്‍എല്‍ഡി 83 ശതമാനം വോട്ടുകള്‍ നേടി വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് പട്ടാളത്തിന്റെ പരാതി കഴിഞ്ഞ ആഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. തുടര്‍ന്ന് പട്ടാള അട്ടിമറിയുണ്ടാകുമെന്ന് സൂചനകള്‍ക്കിടയിലാണ് ഞായറാഴ്ച്ച രാത്രിയിലുണ്ടായ നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുനഃസംഘടിപ്പിക്കുമെന്നും ഒരു വര്‍ഷത്തിന് ശേഷം വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്നും പട്ടാള ടിവി അറിയിച്ചു. അതേസമയം, പട്ടാള അട്ടിമറിയെ അപലപിച്ച് യുഎസ്, യുകെ, ഫ്രാന്‍സ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
സായുധാ സേനാ കമാന്‍ഡറായ മിന്‍ ഓങ് ലെയ്ങ് ആണ് അട്ടിമറിക്ക് നേതൃത്വം നല്‍കിയത്. 2017 ല്‍ റോഹിങ്ക്യ മുസ്ലീങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ മനുഷ്യാവകാശ ലംഘന കുറ്റങ്ങളാണ് മിന്‍ ഓങ് ലെയ്ങ്ങിനെതിരെയുള്ളത്. മ്യാന്മാറിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ റാഖൈനില്‍ സൈന്യം നടത്തിയ വംശീയ അതിക്രമങ്ങളെ തുടര്‍ന്ന് ഏഴ് ലക്ഷത്തിലേറെ റോഹിങ്ക്യന്‍ മുസ്ലീങ്ങലാണ് പാലായനം ചെയ്തത്. 2019 മുതല്‍ ലെയ്ങ്ങിനെതിരെ യുഎസ് ഉപരോധവുമുണ്ട്. നീണ്ട നാളത്തെ പട്ടാള ഭരണത്തിനൊടുവില്‍ 2011 ലാണ് മ്യാന്മാറില്‍ ജനാധിപത്യ രീതിയിലുള്ള ഭരണം ആരംഭിച്ചത്.
15 വര്‍ഷത്തോളം വീട്ടുതടങ്കലിലായിരുന്ന സൂചി 2010 ലാണ് സ്വതന്ത്രയാകുന്നത്. 2015 ലെ തെരഞ്ഞെടുപ്പില്‍ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി വിജയിച്ചതിന് ശേഷം വീണ്ടുമൊരു തെരഞ്ഞെടുപ്പ് നടന്നത് കഴിഞ്ഞ നവംബറിലാണ്. ഇതില്‍ എന്‍എല്‍ഡി ഭരണതുടര്‍ച്ച നേടിയിരുന്നു. . 1988ല്‍ ജനാധിപത്യ പ്രക്ഷോഭത്തില്‍ പട്ടാള ഭരണകൂടത്തിനെതിരെ സൂചിക്കൊപ്പം നിന്നു പോരാടി തടവിലായ നേതാവാണു വിന്‍ മിന്‍ഡ്. നവംബറിലെ തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടി ആരോപിച്ചിരുന്നു. മ്യാന്‍മര്‍ ദേശീയ നേതാവ് ഓങ് സാന്‍ സൂചിയെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്തി സൈന്യത്തിന് പ്രധാന സ്ഥാനങ്ങളെല്ലാം നല്‍കുന്ന രീതിയിലാണ് മ്യാന്‍മറിന്റെ നിലവിലെ ഭരണഘടനയുള്ളത്. ജനാധിപത്യ ഫെഡറല്‍ രാഷ്ട്രത്തിനു രൂപം നല്‍കുന്നതിനായി ഭരണഘടന ഭേദഗതി വരുത്തുമെന്നു പ്രസിഡന്റ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
Post Your Comments