KeralaLatest NewsIndia

‘കോവിഡിനെ നമുക്ക് ഒത്തൊരുമിച്ച് മറികടക്കാം’-മുഖ്യമന്ത്രി കോവിഡ് വാക്സിൻ സ്വീകരിച്ചു

ഇന്നലെ ആരോഗ്യ മന്ത്രി കെകെ ശൈലജ കോവിഡ് വാക്സിൻ എടുത്തതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചു. നമുക്ക് ഒത്തൊരുമിച്ച് കോവിഡിനെ നേരിടാം എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് താൻ കോവിഡ് വാക്സിൻ സ്വീകരിച്ച വിവരം മുഖ്യമന്ത്രി അറിയിച്ചത്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ,

‘കോവിഡ് വാക്സിൻ ഇന്ന് സ്വീകരിച്ചു. ആശങ്കയില്ലാതെ, ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും വാക്സിനേഷൻ സ്വീകരിച്ചു രോഗപ്രതിരോധം തീർക്കണം. കോവിഡിനെ നമുക്ക് ഒത്തൊരുമിച്ച് മറികടക്കാം.’

 

കോവിഡ് വാക്സിന്‍ എടുത്തത് നല്ല അനുഭവമാണെന്നും വാക്സിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ . തൈക്കാട് ആശുപത്രിയിലെത്തി കോവിഡ് വാക്സിന്‍ സ്വീകരിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി. ഭാര്യ കമലയും മുഖ്യമന്ത്രിക്കൊപ്പം വാക്സിന്‍ എടുത്തു.

‘ചില ഇഞ്ചക്ഷന് ഒരു ചെറിയ നീറ്റലുണ്ടാകുമല്ലോ. ഇതിനതുപോലും ഉണ്ടായില്ല. കുത്തിവെയ്പ്പെടുത്ത് അരമണിക്കൂര്‍ റെസ്റ്റ് എടുത്തു. ഇതുവരെ കുഴപ്പം ഒന്നും ഇല്ല. ആരോഗ്യമന്ത്രിയൊക്കെ ഇന്നലെ വാക്സിന്‍ എടുത്തിരുന്നു.അവര്‍ക്കും കുഴപ്പമൊന്നും ഇല്ല.’

‘കുറെ പേര്‍ വാക്സിന്‍ എടുക്കാന്‍ സന്നദ്ധരായി വരുന്നുണ്ട്. എല്ലാവരും അതിന് തയ്യാറാകണമെന്നാണ് പറയാനുള്ളത്. വാക്സിനേഷനാണ് ലോകത്ത് പല ഘട്ടത്തിലുണ്ടായിട്ടുള്ള മാരക രോഗങ്ങളെ തടുത്തുനിര്‍ത്താന്‍ മനുഷ്യരാശിയെ സജ്ജമാക്കിയിട്ടുള്ളത്.’

തന്റെയൊക്കെ ചെറുപ്പകാലത്ത് വസൂരിവന്ന് നിരവധി പേര്‍ കൂട്ടത്തോടെ മരിച്ചിരുന്നു. ഇപ്പോള്‍ അതില്ലല്ലോ. പ്രതിരോധ കുത്തിവെപ്പെടുത്ത് ആ രോഗത്തെ തടയാനായി. അതുപോലെ പോളിയോയും തടയാനായത് അതുമായി ബന്ധപ്പെട്ട പ്രതിരോധം തീര്‍ത്തപ്പോഴല്ലെ. ഇതു പറയാന്‍ കാരണം അപൂര്‍വം ചിലരെങ്കിലും വാക്സിനേഷനെതിരെ പ്രചരണം നടത്തുന്നുണ്ട്. ജനം അത് അംഗീകരിച്ചിട്ടില്ല. എന്നാല്‍ ചിലരെങ്കിലും ആ പ്രചരണത്തില്‍ പെട്ടുപോകാതിരിക്കാനാണ് ഇത് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഇന്നലെ ആരോഗ്യ മന്ത്രി കെകെ ശൈലജ കോവിഡ് വാക്സിൻ എടുത്തതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. ബ്ലൗസിന് മുകളിലൂടെ വാക്സിൻ എടുക്കുന്ന ചിത്രമാണ് ആരോഗ്യമന്ത്രി പോസ്റ്റ് ചെയ്തത്. ഇതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button