KeralaLatest NewsNews

സിവില്‍ പൊലീസ് ഓഫീസറുടെ സസ്‌പെന്‍ഷന്‍ ; പണപ്പിരിവ് നടന്നെന്ന ആരോപണത്തിലാണ് നടപടിയെന്ന് ഐശ്വര്യ ഡോങ്‌റെ

അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും ഡിസിപി പറഞ്ഞു

കൊച്ചി : കളമശ്ശേരി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സി.പി രഘുവിനെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദീകരണവുമായി കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെ. രഘുവിനെതിരെ പണപ്പിരിവ് സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നതിനാലാണ് നടപടിയെടുത്തതെന്നാണ് ഡിസിപി വ്യക്തമാക്കിയിരിയ്ക്കുന്നത്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും ഡിസിപി പറഞ്ഞു.

കളമശ്ശേരി പൊലീസ് സ്റ്റേഷന്‍ ജനസൗഹൃദമാക്കാന്‍ കോഫി മെഷീന്‍ സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുത്ത സിവില്‍ പൊലീസ് ഓഫീസര്‍ സി.പി രഘുവിനെ തിങ്കളാഴ്ചയാണ് സസ്‌പെന്‍ഡ് ചെയ്തത്. മേലുദ്യോഗസ്ഥരെ അറിയിക്കാതെ കോഫി മെഷീന്റെ ഉദ്ഘാടനം നടത്തിയതിനും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനുമാണ് നടപടിയെന്നാണ് ഉത്തരവിലുള്ളത്. സംഭവം വിവാദമായതോടെയാണ് ഡിസിപി വിശദീകരണവുമായി എത്തിയത്.

പൊലീസുകാര്‍ മേലുദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുതെന്ന് നേരത്തെ ഡിജിപി സര്‍ക്കുലര്‍ നല്‍കിയിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങള്‍ക്കായി പൊലീസിനു വേണ്ടിയെന്ന പേരില്‍ ഇയാള്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശന വേളയില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന രഘു ജോലിയില്‍ വീഴ്ച വരുത്തിയെന്നും ചിത്രങ്ങളും ദൃശ്യങ്ങളും പലര്‍ക്കായി കൈമാറിയെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം അന്വേഷണം നടത്താന്‍ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button