Latest NewsKeralaNews

അമിത് ഷാ പരാമർശിച്ചത് ബാലഭാസ്കറിന്റെ മരണമോ? അന്വേഷണം നടക്കുകയാണെന്ന് കെ.സുരേന്ദ്രൻ

സ്വർണ്ണ – ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരാമര്‍ശിച്ചത് സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ അപകട മരണത്തെ സംബന്ധിച്ചെന്ന അഭ്യുഹം ശക്തമായി. ബാലഭാസ്‌കറിന്റെ മരണത്തിന് ശേഷമാണ് പ്രോഗ്രാം മാനേജര്‍ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവർ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളാകുന്നത്. ബാലഭാസ്‌കറിനൊപ്പം സ്ഥിരം വിദേശയാത്രകളില്‍ പങ്കാളികളായിരുന്ന ഇരുവരും സ്വര്‍ണക്കടത്ത് നടത്തിയിരുന്നതായാണ് ആരോപണം. ഈ കേസിലെ പ്രധാന സാക്ഷിയാകേണ്ടിയിരുന്നത് ബാലഭാസ്‌കറാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശം വന്നതോടെ കേസ് വീണ്ടും ചര്‍ച്ചാ വിഷയമാവുകയാണ്.

ബാലഭാസ്കറിന്റെ ദുരൂഹമായ അപകട മരണത്തില്‍ സ്വര്‍ണക്കടത്ത് മാഫിയക്ക് പങ്കുള്ളതായി ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ. സി. ഉണ്ണി നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ സി. ബി. ഐ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍, കേസന്വേഷിച്ച തിരുവനന്തപുരം യൂണിറ്റ് അപകട മരണത്തില്‍ അസ്വഭാവികതയില്ലെന്ന റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി പരാമര്‍ശിച്ച കേസ് ഏതെന്ന് വ്യക്തത വരുത്താൻ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും ആയിട്ടില്ല. പിണറായി വിജയന്റെ ഭരണ സമയത്ത് നിരവധി വാഹനാപകടങ്ങള്‍ നടന്നിട്ടുണ്ടല്ലോ എന്നായിരുന്നു ഇതു സംബന്ധിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മറുപടി. നേരത്തെ, കരമനയ്ക്ക് സമീപം മാധ്യമപ്രവര്‍ത്തകനായ എസ്. വി. പ്രദീപ് വാഹനാപകടത്തില്‍ മരിച്ചതിന്റെ അന്വേഷണം എന്തായെന്നും സുരേന്ദ്രന്‍ ചോദിച്ചു. ആഭ്യന്തരമന്ത്രി വെറുതേ കാര്യങ്ങള്‍ പറഞ്ഞു പോകില്ലെന്നും, അന്വേഷണം നടക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button