
ആലപ്പുഴ: മാസങ്ങളായി ഒപ്പം താമസിക്കുന്ന സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ മാൽഡ സ്വദേശി 21കാരനായ കുർദൂസ് അൻസാരിയാണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ 12.30 ഓടെ ആയിരുന്നു സംഭവം.
തഴക്കര പഞ്ചായത്തിൽ വെട്ടിയാർ പ്ലാവിള കിഴക്കതിൽ വീട്ടിൽ ഇരുവരും വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഒപ്പം താമസിച്ച മാൽഡ ചിലിമാപൂർ സ്വദേശിനി സുജിത കിസ്‌കുവിനെയാണ് നിർമ്മാണത്തൊഴിലാളിയായ കുർദൂസ് അൻസാരി കൊലപ്പെടുത്താൻ ശ്രമിച്ചത്. രണ്ടുപേരും തമ്മിലുണ്ടായ തർക്കമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
വഴക്കിനിടെ കുർദൂസ് സുജിതയുടെ ശരീരത്തിൽ ഡീസൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുജിത ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അയൽക്കാരുടെ മൊഴിയെടുത്ത ശേഷമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Post Your Comments