KeralaLatest NewsIndiaNews

തുഷാര്‍ രാജിവയ്ക്കണം, മുന്നണിക്കുള്ളില്‍ നിന്നുകൊണ്ട് കുതികാല്‍ വെട്ടുന്ന ഏര്‍പ്പാടിനെതിരെ വിഷ്ണുപുരം ചന്ദ്രശേഖരന്‍

ഇടതുമുന്നണിക്ക് വോട്ടു മറിച്ചു കൊടുക്കുന്ന ഒരു ഘടകകക്ഷി എന്‍ഡിഎയില്‍ വേണോയെന്ന് ബിജെപി നേതൃത്വം ഗൗരവമായി ആലോചിക്കണം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് എല്‍ഡിഎഫിന് വോട്ടു മറിച്ചെന്ന ആരോപണവുമായി വിഷ്ണുപുരം ചന്ദ്രശേഖരന്‍. കോവളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു വിഷ്ണുപുരം ചന്ദ്രശേഖരന്‍. ഇടതുമുന്നണിക്ക് വോട്ടു മറിച്ചു കൊടുക്കുന്ന ഒരു ഘടകകക്ഷി എന്‍ഡിഎയില്‍ വേണോയെന്ന് ബിജെപി നേതൃത്വം ഗൗരവമായി ആലോചിക്കണമെന്നും മുന്നണിക്കുള്ളില്‍ നിന്നുകൊണ്ട് കുതികാല്‍ വെട്ടുന്ന ഈ ഏര്‍പ്പാട് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഒന്നുകില്‍ തുഷാര്‍ എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കണം. അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ബിജെപി നേതൃത്വം മുന്‍കൈ എടുക്കണമെന്നും ചന്ദ്രശേഖരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിഷ്ണുപുരം ചന്ദ്രശേഖര​ന്റെ കുറിപ്പ് പൂർണ്ണ രൂപം

ദേശീയ ജനാധിപത്യ സഖ്യത്തിന് എന്താണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു കുറഞ്ഞുപോയത്? ആരൊക്കെയാണ് അതിന് ഉത്തരവാദികള്‍?
ശരിക്കും ആലോചിച്ചും പഠിച്ചും കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഈ അഭിപ്രായ പ്രകടനം. ബി.ഡി.ജെ.എസ് ഇപ്പോഴത്തെ നിലയിലാണെങ്കില്‍ എന്‍ഡിഎയ്ക്ക് ഒരു ബാധ്യതയാണ്. 2016 ലെ പ്രകടനവുമായി ഈ നിയമസഭാതെരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യുമ്ബോഴുള്ള വോട്ടുചോര്‍ച്ച ആരുടേതാണെന്ന് അറിയാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല.

read also:ഡിആർഡിഒ നിർമ്മിച്ച കോവിഡ് ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് യോഗി ആദിത്യനാഥ്

ഇടതുമുന്നണിക്ക് വോട്ടു മറിച്ചു കൊടുക്കുന്ന ഒരു ഘടകകക്ഷി എന്‍ഡിഎയില്‍ വേണോയെന്ന് ബിജെപി നേതൃത്വം ഗൗരവമായി ആലോചിക്കണം. തുഷാര്‍ വെള്ളാപ്പള്ളി എന്ന കണ്‍വീനറെ കൊണ്ട് എന്‍ഡിഎയ്ക്ക് എന്താണ് പ്രയോജനം? എത്ര മണ്ഡലങ്ങളില്‍ അദ്ദേഹം പ്രചാരണത്തിന് പോയി?

കണ്‍വീനര്‍ ചെയ്യേണ്ടിയിരുന്നത് മുന്നണിയിലെ ചെറു കക്ഷികള്‍ക്ക് അടക്കം സീറ്റുറപ്പിക്കുകയും പ്രചാരണത്തില്‍ മുന്നില്‍ നില്‍ക്കുകയുമായിരുന്നു. അത്തരത്തില്‍ ഒരു പ്രവര്‍ത്തനം തുഷാറിന്റെ ഭാഗത്തു നിന്നുണ്ടായില്ല. വിലപേശി ബിഡിജെഎസിനായി വാങ്ങിയ സീറ്റുകളിലാകട്ടെ ശക്തമായ മത്സരം കാഴ്ചവയ്ക്കാതെ വോട്ടുകള്‍ മറിച്ചുവെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.
ഞാന്‍ മത്സരിച്ച കോവളം മണ്ഡലത്തില്‍ അടക്കം ബിഡിജെഎസ് വോട്ടുകള്‍ ഇടതുപക്ഷത്തിനാണ് ലഭിച്ചത്. മുന്നണിക്കുള്ളില്‍ നിന്നുകൊണ്ട് കുതികാല്‍ വെട്ടുന്ന ഈ ഏര്‍പ്പാട് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഒന്നുകില്‍ തുഷാര്‍ എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കണം. അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ബിജെപി നേതൃത്വം മുന്‍കൈ എടുക്കണം. രണ്ടുവള്ളത്തില്‍ കാല്‍വച്ചു നില്‍ക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിച്ച്‌ എന്‍ഡിഎയില്‍ ശക്തമായി നില്‍ക്കാനാണ് ബിഡിജെഎസ് തയ്യാറാവേണ്ടത്.

ബിജെപിയുടെ ഭാഗത്തും പിഴവുകളുണ്ട്. കെ. സുരേന്ദ്രന്‍ നയിച്ച യാത്രയില്‍ പോലും ഘടക കക്ഷികളെ അകറ്റി നിര്‍ത്തുന്ന സമീപനമാണ് ഉണ്ടായത്. ഉളള ഘടകകക്ഷികളെ പോലും ഒപ്പം നിര്‍ത്താനാവാഞ്ഞതും വലിയ പിഴവാണ്. പി സി തോമസിനെ പോലെ ഒരു മുതിര്‍ന്ന നേതാവിന് പോലും സീറ്റ് നല്‍കാതെ മുന്നണി വിടേണ്ട സാഹചര്യമുണ്ടാക്കിയത് അഭിലഷണീയമാണോ എന്ന് ചിന്തിക്കണം.
തോല്‍വിയുടെ ഉത്തരവാദിത്തം ഏതാനും നേതാക്കളില്‍ മാത്രം കെട്ടിവയ്ക്കുന്നതിലും കാര്യമില്ല. ബൂത്തുതലം മുതല്‍ തന്നെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിന് അടക്കം കഴിഞ്ഞത്.

ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതിലും പിഴവുകളുണ്ട്. സുരേഷ്ഗോപിയോ ഇ ശ്രീധരനോ ആയിരുന്നു തിരുവനന്തപുരത്ത് മത്സരിച്ചിരുന്നതെങ്കില്‍ ജയം ഉറപ്പായിരുന്നു. മുന്നണിക്കുള്ളില്‍ നിന്ന് അതിന് തുരങ്കം വയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും ബിജെപി നേതൃത്വത്തിന് കഴിയാതെ പോയി. മഞ്ചേശ്വരത്ത് മാത്രമായിരുന്നു കെ സുരേന്ദ്രന്‍ മത്സരിച്ചിരുന്നതെങ്കിലും ഫലം മറിച്ചാകുമായിരുന്നു. നേമത്ത് കെ. മുരളീധരന്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ അത് ശിവന്‍കുട്ടിക്ക് ആകും ഗുണം ചെയ്യുകയെന്ന് കണ്ട് പ്രവര്‍ത്തനം ശക്തമാക്കാന്‍ കഴിഞ്ഞില്ല.

കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് പകരം രാഷ്ട്രീയ ആരോപണങ്ങളില്‍ മാത്രമാണ് നേതൃത്വം ശ്രദ്ധ ചെലുത്തിയത്. പിണറായി സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യകിറ്റ് അടക്കം കേന്ദ്രസഹായത്തോടെയായിട്ടും അതൊന്നും ജനത്തെ അറിയിക്കാന്‍ ബൂത്തുതല പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞില്ല.ഇനി മൂന്നു വര്‍ഷം കഴിയുമ്ബോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വരും. രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കാനുള്ള നീക്കം ഫലം കണ്ടാല്‍ ഒരു പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പും.

ഇപ്പോഴേ പ്രവര്‍ത്തനം ശക്തമാക്കിയാല്‍ അന്നു തീര്‍ച്ചയായും നിര്‍ണായക ശക്തിയായി മാറാന്‍ എന്‍ഡിഎയ്ക്ക് കഴിയും. ഏറെ ദുര്‍ബലമായ കാലത്തും ഈ പ്രസ്ഥാനത്തിനു വേണ്ടി ജീവനും ജീവിതവും വെടിഞ്ഞ ആയിരങ്ങളുണ്ട്. ദേശസ്നേഹമെന്ന ഒറ്റ മന്ത്രത്തിന്റെ കരുത്തില്‍ ഭാരത് മാതാവിനു വേണ്ടി സര്‍വ്വവും അര്‍പ്പിക്കാന്‍ തയ്യാറായ ലക്ഷങ്ങളുണ്ട്. എല്‍ഡിഎഫിനും യുഡിഎഫിനും പിന്നാലെ പോകാതെ, വോട്ടുമറിക്കലും അനാവശ്യ ചേരിപ്പോരുമില്ലാതെ, അടിത്തറ ബലപ്പെടുത്തി സ്വയാര്‍ജിത കരുത്തില്‍ മുന്നോട്ടുപോയാല്‍ വിജയം താനേവരും. അതിനുള്ള ഇച്ഛാശക്തി എല്ലാവരും കാണിച്ചാല്‍ മാത്രം മതി. ഭാരതം ഭരിക്കുന്ന പ്രസ്ഥാനത്തെ കേരളത്തില്‍ നിന്ന് അങ്ങനെയങ്ങ് കെട്ടുകെട്ടിക്കാമെന്ന് ആരും സ്വപ്നം കാണേണ്ട. അതിനുള്ള വെള്ളം വാങ്ങിവച്ചാല്‍ മതി. നാലുദശകത്തിലേറെയായി സംഘമന്ത്രം പ്രാണനേ പോലെ കരുതുന്ന ഒരു സ്വയം സേവകന്റെ വാക്കുകള്‍ കൂടിയാണിത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ച പാളിച്ചകള്‍ എന്‍ഡിഎ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. അടിയന്തരമായി മുന്നണിയോഗം വിളിച്ചു ചേര്‍ത്ത് പരാജയ കാരണങ്ങള്‍ ചര്‍ച്ച ചെയ്യണം.മുന്നണി ശക്തിപ്പെടുത്തി മുന്നോട്ടു പോകാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ബിഡിജെഎസ് തെറ്റുതിരുത്തി ഒപ്പമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
ജയ് ഭാരത് മാതാ…കഠിന കണ്ഡ കാകീര്‍ണമാകിലും വെടിയുകില്ല ഞാനീ വഴിത്താരയെ…

shortlink

Related Articles

Post Your Comments

Related Articles


Back to top button