Latest NewsIndia

ഉപരാഷ്ട്രപതിയുടെ മാത്രമല്ല, ആർഎസ്എസ് ചീഫ് മോഹന്‍ ഭാഗവതിന്റെയും മറ്റുചില നേതാക്കളുടെയും ബ്ലൂ ടിക്ക് നീക്കം ചെയ്തു

മണിക്കൂറുകള്‍ക്ക് ശേഷം വെങ്കയ്യ നായിഡുവിന്റെ വെരിഫിക്കേഷന്‍ ട്വിറ്റര്‍ പുനസ്ഥാപിച്ചു.

ദില്ലി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും മോഹന്‍ ഭാഗവത് ഉള്‍പ്പെടെ ഉളള ആര്‍എസ്‌എസ് നേതാക്കളുടെയും സ്വകാര്യ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റര്‍. എന്നാൽ മണിക്കൂറുകള്‍ക്ക് ശേഷം വെങ്കയ്യ നായിഡുവിന്റെ വെരിഫിക്കേഷന്‍ ട്വിറ്റര്‍ പുനസ്ഥാപിച്ചു. ഉപരാഷ്ട്രപതിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഏറെക്കാലമായി സജീവമായിരുന്നില്ലെന്നും അതിനാലാണ് ട്വിറ്ററിന്റെ ആല്‍ഗരിതം കാരണം ബ്ലൂ ടിക്ക് നീക്കം ചെയ്യപ്പെട്ടത് എന്നും വെങ്കയ്യ നായിഡുവിന്റെ ഓഫീസ് അറിയിച്ചു.

എന്നാൽ ഇതിനിടെയാണ് ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത്, ആര്‍എസ്‌എസ് നേതാക്കളായ സുരേഷ് ജോഷി, സുരേഷ് സോണി, കൃഷ്ണ ഗോപാല്‍, അരുണ്‍ കുമാര്‍ എന്നിവരുടേയും ബ്ലൂ ടിക്ക് ട്വിറ്റര്‍ നീക്കം ചെയ്തിരിക്കുന്നത്. ഇതിനെ കുറിച്ച് ട്വിറ്റർ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം ജൂലൈ 23നാണ് ഉപരാഷ്ട്രപതിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഒടുവിലായി ട്വീറ്റ് ചെയ്തിരുന്നത്. 2020 ജൂലൈ മുതല്‍ അക്കൗണ്ട് നിഷ്‌ക്രിയമായിരുന്നുവെന്നും ട്വിറ്ററിന്റെ വെരിഫിക്കേഷന്‍ പോളിസി പ്രകാരം ഇത്തരം അക്കൗണ്ടുകളുടെ വെരിഫിക്കേഷന്‍ ബാഡ്ജ് നീക്കം ചെയ്യുമെന്നും അതാണ് സംഭവിച്ചത് എന്നും ഇപ്പോള്‍ ബ്ലൂ ടിക്ക് പുനസ്ഥാപിച്ചിട്ടുണ്ടെന്നും ട്വിറ്റര്‍ വക്താവ് അറിയിച്ചു.

അതേസമയം ഐടി ആക്ടിലെ നിബന്ധനകൾ പാലിക്കണമെന്ന കേന്ദ്രത്തിന്റെ കർശന നിർദ്ദേശം മൂലം ട്വിറ്റർ ഇത്തരത്തിൽ മനഃപൂർവ്വം നിലപാടുകൾ എടുക്കുകയാണെന്നാണ് സോഷ്യൽ മീഡിയ ആരോപണം. നേരത്തെ അമിത് ഷായുടെ അക്കൗണ്ട് മിനിറ്റുകൾ സസ്‌പെൻഡ് ചെയ്തതും വളരെയേറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button