KeralaLatest NewsNews

നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ടേക്ക് ഒഴുക്കിയത് കോടികളുടെ കള്ളപ്പണം : കെ.സുരേന്ദ്രനെതിരെ മഞ്ചേശ്വരം എംഎല്‍എ

കാസര്‍കോട് : നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ടേക്ക് ബി.ജെ.പി ഒഴുക്കിയത് കോടികളുടെ കള്ളപ്പണമെന്ന് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്‌റഫ്. നോട്ട് നിരോധനത്തിലൂടെയും റഫേല്‍ ഇടപാടിലൂടെയും പെട്രോള്‍ വിലവര്‍ദ്ധിപ്പിക്കുന്നതിലൂടെയും ബിജെപി അക്കൗണ്ടുകളിലെത്തിയ അഴിമതിപ്പണത്തിന്റെ വലിയ ഒരു വിഹിതമാണ് മഞ്ചേശ്വരം ലക്ഷ്യമാക്കി ഒഴുകി എത്തിയതെന്ന് എം.എല്‍.എ പറയുന്നു. മഞ്ചേശ്വരം പിടിക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കോടികള്‍ വാരിയെറിയുന്നുണ്ടെന്ന് നേരത്തെ തങ്ങള്‍ നേരത്തെ തന്നെ പറഞ്ഞതാണെന്നും എ.കെ.എം അഷ്‌റഫ്   തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

Read Also : 35 സീറ്റ് കിട്ടുമെന്ന് ഉറപ്പിച്ചതിനു പിന്നിലെ സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത് : തോമസ് ഐസക്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :

എനിക്കെതിരായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബി ജെ പി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെതിരായ വിവാദങ്ങളും ആരോപണങ്ങളും മണിക്കൂറുകളുടെ ഇടവേളകളില്‍ ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടിരിക്കുകയാണല്ലോ.. എല്ലാം പണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍. ആളും പരിവാരവുമായി ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയപ്പോഴേ ഞങ്ങള്‍ പറഞ്ഞതാണ്., മഞ്ചേശ്വരം പിടിക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കോടികള്‍ വാരിയെറിയുന്നുണ്ടെന്ന്.

കര്‍ണാടകയുടെ ബിജെപി എം എല്‍ എ മാരും മന്ത്രിമാരും എം പി മാരും വീടുകള്‍ കയറി പണമെറിഞ്ഞിട്ട് തന്നെയാണ് സംഘ് പരിവാറിന്റെ പ്രതിനിധി മഞ്ചേശ്വരത്ത് മത്സരിച്ചത്. വെറും നാന്നൂറ് വോട്ട് നേടാനിടയുണ്ടായിരുന്ന ബി എസ് പി സ്ഥാനാര്‍ത്ഥിയെ പിന്തിരിപ്പിക്കാന്‍ ബിജെപി പതിനഞ്ച് ലക്ഷവും വൈന്‍ ഷോപ്പും ഓഫര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ഒരു വോട്ടിന് എത്ര വിലയിട്ടിട്ടുണ്ടായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

നോട്ട് നിരോധനത്തിലൂടെയും റഫേല്‍ ഇടപാടിലൂടെയും പെട്രോള്‍ വിലവര്‍ധിപ്പിക്കുന്നതിലൂടെയും ബിജെപി അക്കൗണ്ടുകളിലെത്തിയ കോര്‍പറേറ്റ് കൈക്കൂലിയുടെയും അഴിമതിപ്പണത്തിന്റെയും വലിയ ഒരു വിഹിതം തന്നെയാണ് കേരളത്തിന്റെ കവാടത്തില്‍ കാവിപ്പതാക പറപ്പിക്കാനുള്ള ദുരാഗ്രഹത്തില്‍ ഡല്‍ഹിയില്‍ നിന്നും കാസറഗോട്ടെക്ക് ഒഴുകിയത്..!

ജനാധിപത്യ സംവിധാനത്തെ പണാധിപത്യത്തിലൂടെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഇവരാണ് ആക്ടിവിസ്റ്റുകള്‍ക്കും കലാകാരന്മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ രാജ്യദ്രോഹമാരോപിച്ച് സ്വയം ദേശസ്‌നേഹിയാണെന്ന് മേനി നടിച്ച് നടന്നത്.. രാജ്യത്തിന്റെ ഭരണഘടനയുടെ അന്തസ്സിനെ പണമെറിഞ്ഞ് അപമാനിച്ച ഓരോരുത്തരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി കാരാഗ്രഹത്തിലടക്കണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button