KeralaNattuvarthaLatest NewsNews

ആര്‍.ടി.പി.സി.ആര്‍ നിരക്ക് കുറച്ച സർക്കാർ നടപടിക്കെതിരായ ലാബുടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പരിശോധനാനിരക്ക് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നിരക്ക് കുറച്ചതിനെതിരായ ലാബുടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. മറ്റു പല സംസ്ഥാനങ്ങളിലും നിരക്ക് സമാനമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി, നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി. ലാബുടമകളുടെ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം കോടതി വാദം പൂര്‍ത്തിയാക്കിയിരുന്നു. തുടർന്ന് വിധി പ്രസ്താവം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

നിരക്ക് സംബന്ധിച്ച ഉത്തരവുകള്‍ ഇറക്കുന്നത് ഐ.സി.എം.ആറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം കോടതിയെ ധരിപ്പിച്ചിരുന്നു. വാദത്തിനിടെ നിരക്ക് നിശ്ചയിക്കാനുള്ള അധികാരം അതാത് സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പിന് മാത്രമല്ലേ എന്ന് കോടതി ആരാഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പരിശോധനാ നിരക്ക് കുറച്ചതിനെതിരെ നേരത്തെ ലാബുടമകള്‍ നല്‍കിയ വിവിധ ഹര്‍ജികള്‍ സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. ഇതിനെതിരായി ലാബുടമകള്‍ നല്‍കിയ അപ്പീലുകളാണ് ഡിവിഷന്‍ ബഞ്ച് തള്ളിയത്.

കോവിഡ് പ്രതിസന്ധി രൂക്ഷമായ ഘട്ടത്തില്‍ കുറഞ്ഞ നിരക്കില്‍ എയര്‍പോര്‍ട്ടുകളിൽ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താൻ എടുത്ത തീരുമാനം മുതലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ നിരക്ക് കുറച്ചതെന്ന് ലാബുടമകള്‍ ഹൈക്കോടതിയില്‍ വാദിച്ചു. പരിശോധനാ നിരക്ക് കുറയ്ക്കാന്‍ അധികാരം ഡ്രഗ്സ് കണ്‍ട്രോളര്‍ക്കാണെന്നും, ഇതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കുന്നതിന് മുന്‍പ് തങ്ങളുടെ നിലപാട് സര്‍ക്കാര്‍ ആരാഞ്ഞില്ലെന്നും ലാബുടമകള്‍ വാദിച്ചു. അതേസമയം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിരക്ക് കുറച്ചതെന്നും പരിശോധനാനിരക്ക് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button