Latest NewsIndia

സിദ്ദു നേതൃത്വത്തിലെത്തിയാൽ പാർട്ടി പിളരും: സോണിയയ്ക്ക് മുന്നറിയിപ്പുമായി അമരീന്ദർ

സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് സിദ്ധു മടങ്ങിയത്.

ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നവജ്യോത് സിങ് സിദ്ധുവിനെ നിയോഗിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. സിദ്ധു പാര്‍ട്ടി അധ്യക്ഷനാകുമെന്ന് ഔദ്യോഗിക അറിയിപ്പുകള്‍ വരുന്നതിന് മുമ്പേ വെള്ളിയാഴ്ച അദ്ദേഹത്തിന്റെ വസതിയില്‍ പ്രവര്‍ത്തകര്‍ മധുരവിതരണമടക്കം നടത്തിയിരുന്നു. സിദ്ധുവിനെ പാര്‍ട്ടി അധ്യക്ഷനാക്കിയാല്‍ സംസ്ഥാനത്ത് പാര്‍ട്ടിയെ അത് ഏത് രീതിയില്‍ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അമരീന്ദറിന്റെ കത്ത്.

‘സിദ്ധുവിന്റെ പ്രവര്‍ത്തന ശൈലി കോണ്‍ഗ്രസിന് ഉപദ്രവമാകും. പഴയ പാര്‍ട്ടി അംഗങ്ങളെ ഇത് പ്രകോപിപ്പിക്കും, കോണ്‍ഗ്രസ് പിളരും’ അമരീന്ദര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന അധ്യക്ഷ സ്ഥാനം സംബന്ധിച്ച് വാര്‍ത്തകള്‍ നിറഞ്ഞ് നില്‍ക്കെ സിദ്ധു വെള്ളിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധിയേയും സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന ഹരീഷ് റാവത്തിനേയും അദ്ദേഹം കഴിഞ്ഞ ദിവസം കാണുകയുണ്ടായി.

അമരീന്ദര്‍ സിംഗിനെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തും. ഒരു അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. സോണിയ ഗാന്ധി തീരുമാനിക്കുമെന്നും കഴിഞ്ഞ ദിവസം സിദ്ധുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഹരീഷ് റാവത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. പഞ്ചാബ് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പാര്‍ട്ടി അധ്യക്ഷയ്ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് സിദ്ധു മടങ്ങിയത്. പഞ്ചാബില്‍ ഏറെ നാളായി തുടരുന്ന അമരീന്ദര്‍- സിദ്ധു പോരിന് ഒത്തുതീര്‍പ്പ് ഫോര്‍മുല രൂപപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സിദ്ധുവിനെ പാര്‍ട്ടി അധ്യക്ഷനാക്കാന്‍ ഒരുങ്ങുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം അമരീന്ദര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സിദ്ധുവിനെ പി സി സി അദ്ധ്യക്ഷനാക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button