KeralaLatest NewsIndia

പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം: ‘ശശീന്ദ്രനെതിരായ പരാതി എൻസിപി അന്വേഷിക്കും’ – നേതൃത്വം

എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുന്നു

തിരുവനന്തപുരം: സ്ത്രീധനപീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടുവെന്ന ആരോപണത്തെ എന്‍സിപി അന്വേഷിക്കും. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗത്തിനെതിരായ പീഡന പരാതി ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ അച്ഛനെ മന്ത്രി വിളിച്ച ശബ്ദരേഖ പുറത്തായതോടെയാണ് മന്ത്രിക്ക് കുരുക്ക് വീണത്.

പരാതി നല്‍കിയ യുവതിയുടെ അച്ഛന്‍ എന്‍സിപിയുടെ പ്രാദേശിക നേതാവായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അദ്ദേഹത്തെ വിളിച്ചതും ഈ ആവശ്യം ഉന്നയിച്ചതും. ഇതിനായി സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യൂസ് ജോര്‍ജിനെ അന്വേഷണ ചുമതല ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

മാത്യൂസ് ജോര്‍ജ് ഇന്ന് കൊല്ലത്തെത്തി പരാതിക്കാരുമായി സംസാരിക്കും. ശശീന്ദ്രന്റെ ഭാഗത്തു നിന്നും ഒരു വീഴ്ചയും ഉണ്ടായിട്ടില്ല എന്നാണ് നേതൃത്വത്തിന്റെ പ്രാഥമിക നിഗമനം. അതുകൊണ്ടുതന്നെ വിഷയത്തില്‍ നിയമനടപടി തുടരട്ടേയെന്നും നേതൃത്വം പ്രതികരിച്ചു. മാത്രമല്ല പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ശശീന്ദ്രന്‍ഇടപെട്ടതാണെന്നും ഇത് മനപൂര്‍വ്വമായി ഫോണ്‍ ടാപ്പ് ചെയ്തതാണെന്നും എന്‍സിപി നേതാക്കള്‍ അറിയിച്ചു.

അതേസമയം പാര്‍ട്ടി പ്രശ്‌നമാണെന്ന് കരുതിയാണ് താന്‍ ഇതില്‍ ഇടപെട്ടതെന്നും പീഡന പരാതിയാണെന്ന് അറിഞ്ഞപ്പോള്‍ ഫോണ്‍ വയ്ക്കുകയായിരുന്നുവെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. അതും താന്‍ ഒറ്റത്തവണയാണ് പരാതിക്കാരിയുടെ പിതാവിനെ വിളിച്ചത്, പിന്നീട് ഒരിക്കലും വിഷയത്തില്‍ ഇടപെട്ടിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മന്ത്രി എ കെ ശശീന്ദ്രന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. പീഡന പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ശശീന്ദ്രന്‍ വിശദീകരണത്തില്‍ പറഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button