KeralaNattuvarthaLatest NewsNews

യൂത്ത് കോണ്‍ഗ്രസിൽ നേതൃമാറ്റം ആവശ്യമെന്ന് നേതാക്കൾ: ഷാഫി പറമ്പിലിന് എതിരെ രൂക്ഷ വിമർശനം

സംസ്ഥാന നേതാക്കള്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാന്‍ സമയമില്ലാത്ത പ്രസിഡന്റായി ഷാഫി മാറി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന് എതിരെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസിലും നേതൃമാറ്റം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട നേതാക്കള്‍ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ യൂത്ത് കോണ്‍ഗ്രസിനും ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടിവി ചാനൽ റിപ്പോര്‍ട്ട് ചെയ്തു. ഷാഫി പറമ്പില്‍ അധ്യക്ഷ സ്ഥാനം രാജി വെ്ക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

‘യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയെ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പില്‍ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംഘടനക്കകത്ത് ഇഷ്ടക്കാര്‍ക്ക് അനര്‍ഹമായ പ്രമോഷന്‍ നല്‍കി നിയമസഭാ സീറ്റ് നല്‍കിയതുകൊണ്ടാണ് മത്സരിച്ചവരില്‍ 12 പേരില്‍ 11 പേരും തോറ്റുപോയത്. തെരഞ്ഞെടുപ്പിലെ വൈസ് പ്രസിഡന്റിന്റെ പരാജയവും പ്രസിഡന്റിന്റെ ഭൂരിപക്ഷം കുറഞ്ഞതും മണ്ഡലം ശ്രദ്ധിക്കാന്‍ കഴിയാത്തത് കൊണ്ടാണ്.’ നേതാക്കള്‍ വ്യക്തമാക്കി.

സംസ്ഥാന നേതാക്കള്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാന്‍ സമയമില്ലാത്ത പ്രസിഡന്റായി ഷാഫി മാറിയെന്നും യൂത്ത് കോണ്‍ഗ്രസിന് പാര്‍ട്ട് ടൈം പ്രസിഡന്റല്ല, മുഴുവന്‍ സമയ പ്രസിഡന്റാണ് വേണ്ടതെന്നും നേതാക്കള്‍ ആരോപിച്ചു. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം എന്ന പേരില്‍ കെ.പി.സി.സി. പ്രസിഡന്റിനേയും പ്രതിപക്ഷ നേതാവിനേയും മാറ്റാന്‍ സംഘടന അറിയാതെ ഹൈക്കമാന്‍ഡിന് സ്വകാര്യമായി സന്ദേശം കൈമാറിയത് ഗുരുതരമായ തെറ്റാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന കമ്മറ്റിയോഗത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button