KeralaLatest NewsNews

കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ : മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം അവരെ സ്‌കൂളുകളില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്, മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ, വാക്‌സിനേഷന്‍, രോഗവ്യാപനം ഇവയെല്ലാം കണക്കിലെടുത്തേ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Read Also :ബ്രിട്ടണില്‍ കോവിഡ് വീണ്ടും അതിവേഗം വ്യാപിക്കുന്നു, മരണനിരക്കിലും വന്‍ വര്‍ദ്ധന

കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച പഞ്ചാബ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ തുറക്കുന്നതിലേക്ക് കടന്നിട്ടുണ്ട്. തമിഴ്‌നാട്ടിലും സെപ്റ്റംബറില്‍ സ്‌കൂളുകള്‍ തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ കോവിഡ് രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്ന് മാത്രമല്ല അപകടകരമായ രീതിയില്‍ തുടരുക കൂടിയാണ്. അതേസമയം വാക്‌സിനേഷനില്‍ കേരളം ഏറെ മുന്നിലാണ്. കുട്ടികളിലെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ഒരു വിഭാഗം കുട്ടികള്‍ക്കെങ്കിലും സ്‌കൂളുകളിലെത്തി വിദ്യാഭ്യാസം നടത്താന്‍ സാധിക്കുമെന്നാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് അഭിപ്രായങ്ങള്‍ പരിഗണനയിലുണ്ടെന്ന് മന്ത്രി വി ശിവന്‍ക്കുട്ടി വ്യക്തമാക്കി. മുതിര്‍ന്ന ക്ലാസുകള്‍ ആദ്യം തുറക്കാം എന്നതാണ് ഒന്ന്. അതേസമയം അതല്ല, ചെറിയ ക്ലാസില്‍ ആരംഭിക്കുന്നതാണ് ഉചിതം എന്നു പറയുന്നവരും ഉണ്ടെന്ന് മന്ത്രി പറഞ്ഞു. പഞ്ചാബിലടക്കം ചെറിയ ക്ലാസുകളാണ് തുടങ്ങിയത്. ഒന്ന് മുതല്‍ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികളില്‍ പ്രതിരോധ ശേഷി കൂടുതലാണെന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.

മറ്റു സംസ്ഥാനങ്ങള്‍ തുറക്കുന്നുണ്ടെങ്കില്‍ ആ മാതൃകയും പ്രോട്ടോക്കോളും പരിശോധിച്ച് ഒരു തീരുമാനം എടുക്കും, മന്ത്രി പറഞ്ഞു. നേരിട്ട് ഇരുന്നു സംസാരിക്കുന്നതിന്റെയും ഫോണില്‍ കൂടി സംസാരിക്കുന്നതിന്റെയും വ്യത്യാസം ഇപ്പോഴത്തെ പഠനത്തിലുണ്ട്. പുസ്തകവുമായി അകല്‍ച്ച കുറയ്ക്കാന്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് കഴിയുന്നുണ്ടെന്നേ ഉള്ളൂ. ഉറപ്പായിട്ടും സ്‌കൂള്‍ തുറക്കുന്നതിലേക്കു ചര്‍ച്ച പോകേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button