Latest NewsIndia

തെരഞ്ഞെടുപ്പ് അടുത്തിട്ടും സ്വന്തം സർക്കാരിനെതിരെ വിമർശനം: സിദ്ദുവിന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയവുമായി അമരീന്ദർ

സർക്കാരിനെ നിരന്തരം വിമർശിക്കുന്ന സിദ്ദുവിന്റെ നടപടികൾ തന്നെയാകും അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറ്റവും വലിയ തലവേദന.

ന്യൂഡൽഹി: പഞ്ചാബ് സർക്കാരിനെതിരെ വിമർശനം ഉയർത്തുന്ന കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമെന്നു സോണിയാ ഗാന്ധിക്കു മുൻപിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പരാതി. പഞ്ചാബിലെ രാഷ്ട്രീയ പ്രതിയോഗി കൂടിയായ സിദ്ദുവുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു ദിവസങ്ങൾ‌ക്കകമാണു അമരീന്ദർ സോണിയാ ഗാന്ധി മുൻപാകെത്തന്നെ സിദ്ദുവിനെതിരായ പരാതി ബോധിപ്പിക്കുന്നത്.

പഞ്ചാബിൽ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ ഇരുവരും യോജിച്ചു പ്രവർത്തിക്കണമെന്നു സോണിയ നിർദേശിച്ചതായാണു റിപ്പോർട്ടുകൾ. സംസ്ഥാന സർക്കാരും കോൺഗ്രസ് ഘടകവും ഒന്നിച്ചാണു പ്രവർത്തിക്കേണ്ടതെന്നും പരസ്പരം കൈകടത്തലുകൾ ഒഴിവാക്കണമെന്നും സോണിയ പറഞ്ഞു. പഞ്ചാബിൽ മന്ത്രിസഭാ പുനസംഘടന ഉടൻ ഉണ്ടായേക്കുമെന്നുള്ള അഭ്യൂഹങ്ങൾക്കിടെയായിരുന്നു കൂടിക്കാഴ്ച. പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായുള്ള സിദ്ദുവിന്റെ നിയമനത്തിനു മനസ്സിലാ മനസ്സോടെയാണ് അമരീന്ദർ വഴങ്ങിയത്.

എന്നാൽ സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന ട്വീറ്റുകളിലൂടെ സിദ്ദുതന്നെ ‘സൗഹൃദത്തിന്’ അന്ത്യം കുറിച്ചു. 2018ൽ ലഹരിവസ്തു കടത്തു കേസിൽ ഉൾപ്പെട്ടെന്ന് ആരാപണം നേരിടുന്ന അകാലി ദൾ നേതാവ് ബിക്രം മജീദിയയ്ക്കും അനുയായികൾക്കുമെതിരെയുള്ള നടപടികൾ വൈകുന്നതിലാണു സിദ്ദു ഏറ്റവും ഒടുവിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചത്.

പഞ്ചാബിലെ ലഹരി മാഫിയയെ അടിച്ചമർത്താൻ ശ്രമിക്കാത്തതിനു സംസ്ഥാന സർക്കാരിനെ അമരീന്ദറിന്റെ പേര് എടുത്തു പറയാതെ സിദ്ദു വിമർശിച്ചിരുന്നു. സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിലും ലഹരി മാഫിയയെ നിയന്ത്രിക്കുന്നതിലും സർക്കാർ സ്വീകരിച്ച നടപടികൾ അമരീന്ദർ സോണിയയെ ധരിപ്പിച്ചു. സർക്കാരിനെ നിരന്തരം വിമർശിക്കുന്ന സിദ്ദുവിന്റെ നടപടികൾ തന്നെയാകും അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറ്റവും വലിയ തലവേദന.

shortlink

Related Articles

Post Your Comments

Related Articles


Back to top button