KozhikodeLatest NewsKeralaNews

ഇത്തവണ കൊവിഡ് ഒരു വെല്ലുവിളി, എല്ലാം സജ്ജം: നിപ ഐസോലേഷന്‍ വാര്‍ഡ് നിശ്ചയിച്ചുവെന്ന് എ.കെ ശശീന്ദ്രന്‍

2018ല്‍ നിപ വന്ന സമയത്ത് മറ്റു സാംക്രമികരോഗങ്ങള്‍ സംസ്ഥാനത്ത് ഇല്ലാതിരുന്നതിനാല്‍ ഐസൊലേഷന്‍ വാര്‍ഡും മറ്റു ക്രമീകരണങ്ങളും ഒരുക്കാന്‍ താരതമ്യേന എളുപ്പമായിരുന്നു

കോഴിക്കോട്: നിപ ബാധിച്ച് സംസ്ഥാനത്ത് 12 വയസുകാരന്‍ മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗനിയന്ത്രണ നടപടികള്‍ ആരംഭിച്ചു. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക, രോഗത്തിന്റെ ഉറവിടം കണ്ടെത്തുക എന്നീ രണ്ട് കാര്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് കോഴിക്കോടിന്റെ ചുമതലയുള്ള മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ടു വയസുകാരനാണ് നിപ ബാധിച്ച് മരിച്ചത്.

ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കോഴിക്കോട് എത്തി ഉന്നതതല യോഗം ചോരും. ഇതിന് മുന്നോടിയായി രാവിലെ ജില്ലാ ഭരണകേന്ദ്രങ്ങളും ആരോഗ്യവകുപ്പ് പ്രതിനിധികളും ചേര്‍ന്ന് മറ്റ് യോഗം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ വളരെ വൈകിയാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും മരിച്ച കുട്ടിക്ക് നിപയായിരുന്നെന്ന് സ്ഥിരീകരിച്ചുകൊണ്ടള്ള റിപ്പോര്‍ട്ട് വന്നതെന്നും ഉടന്‍ തന്നെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നിന്നുള്ള മറ്റു മന്ത്രിമാരായ മുഹമ്മദ് റിയാസും അഹമ്മദ് ദേവര്‍കോവിലും താനും ചേര്‍ന്ന് ഉന്നതതല യോഗം നടത്തിയെന്നും ശശീന്ദ്രന്‍ അറിയിച്ചു.

2018ല്‍ നിപ വന്ന സമയത്ത് മറ്റു സാംക്രമികരോഗങ്ങള്‍ സംസ്ഥാനത്ത് ഇല്ലാതിരുന്നതിനാല്‍ ഐസൊലേഷന്‍ വാര്‍ഡും മറ്റു ക്രമീകരണങ്ങളും ഒരുക്കാന്‍ താരതമ്യേന എളുപ്പമായിരുന്നു. എന്നാല്‍ നിലവില്‍ കൊവിഡ് പടര്‍ന്നിരിക്കുന്നത് വെല്ലുവിളിയാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ നേരത്തെ തന്നെ നിപയെ നേരിട്ട പരിചയമുള്ളവര്‍ കോഴിക്കോട് ആരോഗ്യവിഭാഗത്തിന്റെ വിവിധ തലങ്ങളിലുള്ളതുകൊണ്ട് ഇപ്പോള്‍ തന്നെ ക്രമീകരണങ്ങള്‍ കഴിഞ്ഞിട്ടുണ്ടെന്നും ഐസൊലേഷന്‍ വാര്‍ഡടക്കമുള്ള കാര്യങ്ങള്‍ നിശ്ചയിച്ചുകഴിഞ്ഞെന്നും ശശീന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button