
മെല്‍ബണ്‍: അഫ്ഗാനിസ്താനുമായുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ആസ്‌ത്രേലിയ പിന്മാറി. വനിതാ ക്രിക്കറ്റ് ടീമിനോടുള്ള താലിബാന്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് പിന്മാറ്റം. മത്സരത്തിന് ആതിഥേയത്വം വഹിക്കാനാവില്ലെന്ന് ആസ്‌ത്രേലിയ വ്യക്തമാക്കി. ഹോബാര്‍ട്ടിലെ ബ്ലണ്ട്‌സ്‌റ്റോണ്‍ അരീനയില്‍ നടക്കുന്ന മത്സരവുമായി മുന്നോട്ട് പോവാനാവില്ലെന്ന് ക്രിക്കറ്റ് ആസ്‌ത്രേലിയ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നവംബര്‍ 27നായിരുന്നു അഫ്ഗാനിസ്താന്‍-ആസ്‌ത്രേലിയ മത്സരം നടക്കേണ്ടത്.
ആഗോളതലത്തില്‍ വനിത ക്രിക്കറ്റിന്റെ വികസനം ആസ്‌ത്രേലിയയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്ന് ക്രിക്കറ്റ് ആസ്‌ത്രേലിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ക്രിക്കറ്റ് എല്ലാവര്‍ക്കും വേണ്ടിയുള്ള കളിയാണ്. എക്കാലത്തും വനിത ക്രിക്കറ്റിനെ ഞങ്ങള്‍ പിന്തുണച്ചിട്ടുണ്ട്. മാധ്യമ വാര്‍ത്തകളില്‍ നിന്ന് അഫ്ഗാനിസ്താന്‍ വനിത ക്രിക്കറ്റിനെ പിന്തുണക്കുന്നില്ലെന്ന് മനസിലാക്കുന്നു.
ഈയൊരു സാഹചര്യത്തില്‍ അഫ്ഗാനുമായുള്ള ടെസ്റ്റ് മത്സരത്തില്‍ നിന്ന് പിന്മാറുകയല്ലാതെ ഞങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്നും ക്രിക്കറ്റ് ആസ്‌ത്രേലിയ വ്യക്തമാക്കി. താലിബാൻ അധികാരത്തിലെത്തിയ ശേഷം വനിതകൾക്ക് വലിയ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Post Your Comments