MalappuramKeralaNattuvarthaLatest NewsNews

ആണ്‍കുട്ടികൾ മാപ്പ് ചോദിച്ചല്ലോ? ഹരിത നേതാക്കൾ എന്താ പരാതി പിൻവലിക്കാത്തത്- വനിതാ ലീഗ് നേതാവ്

മലപ്പുറം: ഹരിത നേതാക്കള്‍ നടത്തിയത് കൃത്യമായ അച്ചടക്ക ലംഘനം തന്നെയെന്ന് വനിതാ ലീഗ് നേതാവ് ഖമറുന്നീസ അന്‍വര്‍. ലൈംഗികാധിക്ഷേപ വിഷയത്തിൽ എം എസ് എഫ് നേതാക്കൾ മാപ്പ് പറഞ്ഞിട്ടും ഹരിത നേതാക്കൾ പരാതി പിൻവലിക്കാത്തത് അച്ചടക്ക ലംഘനമാണെന്ന് വനിതാ ലീഗ് ദേശീയ വൈസ് പ്രസിഡൻറും സംസ്ഥാന വനിതാ വികസന കോർപറേഷൻ മുൻ ചെയർപേഴ്‌സനുമായ ഖമറുന്നിസ അൻവർ.

ആണ്‍കുട്ടികള്‍ മാപ്പ് ചോദിച്ചു. ഇനി പെണ്‍കുട്ടികള്‍ക്ക് എന്താ കത്ത് പിന്‍വലിച്ചാലെന്ന് അവര്‍ ചോദിച്ചു. തിരൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഏത് വലിയ കൊമ്പനായാലും തെറ്റുപറ്റി മാപ്പ് ചോദിച്ചാല്‍ അത് തീര്‍ന്നു. ഇനി വരാതിരിക്കാന്‍ വേണ്ട ഉപദേശങ്ങള്‍ കൊടുക്കുക എന്നതാണ്. നേതൃത്വം അത് ചെയ്യുമെന്ന് ഉറപ്പാണെന്നും അവര്‍ വ്യക്തമാക്കി.

Also Read: മുസ്ലിംകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി വിദ്വേഷ പ്രചരണം നടത്തുന്നു: പാലാ ബിഷപ്പിനെതിരെ ഇ കെ സമസ്ത നേതാവ്

‘സ്വന്തം ഇഷ്ടത്തിനാണ് പരാതിയുമായി ഹരിതാ നേതാക്കള്‍ പോയത്. ഞങ്ങളെ പോലുള്ള വനിതാ നേതാക്കള്‍ ഇവിടെയുണ്ടായിട്ട് ഒരു വാക്ക്‌പോലും മിണ്ടിയിട്ടില്ല. പാര്‍ട്ടിയോട് ചോദിക്കാതെ ചെയ്തത് തെറ്റുതന്നെയാണ്. പിന്‍വലിക്കാന്‍ പറഞ്ഞിട്ട് അതും ചെയ്തില്ല. കാര്യത്തിലാണോ തമാശയ്ക്കാണോ അധിക്ഷേപം നടന്നതെന്ന് അറിയില്ല. അതെല്ലാം ചര്‍ച്ച ചെയ്യണം. അതിനൊന്നും പാര്‍ട്ടി നേതൃത്വത്തിന് സമയം ലഭിച്ചില്ല. കുട്ടികള്‍ക്ക് കുറച്ച് കാത്തിരിക്കാമായിരുന്നു’ – ഖമറുന്നീസ പറഞ്ഞു.

എം എസ് എഫ് നേതാക്കൾ മാപ്പ് പറയാൻ തയാറായിട്ടും പരാതിയുമായി മുന്നോട്ട് പോകാനുള്ള ഹരിതാ നേതൃത്വത്തിന്റെ തീരുമാനം അപക്വമാണ്. വിഷയത്തിൽ സമവായമാണ് പാർട്ടിയും നേതാക്കളും ആഗ്രഹിക്കുന്നത്. എന്നാൽ പരസ്പരം ഒരുമിച്ചിരുന്ന് വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാനുള്ള സാവകാശം പോലും ഹരിതാ നേതാക്കൾ നൽകിയില്ല. ഒരു പാർട്ടിയുടെ ഭാഗമാകുമ്പോൾ നേതാക്കൾ പറയുന്നത് അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. നേതാക്കളെയും മുതിർന്നവരെയും ധിക്കരിച്ച് പാർട്ടിയിൽ തുടരാനാകില്ല. അതിനാൽ ഹരിതക്കെതിരെ മുസ്‌ലിം ലീഗിന്റെ ഉന്നതാധികാര സമിതിയുടെ തീരുമാനം ശരിയാണെന്നും ഖമറുന്നിസ അൻവർ പറഞ്ഞു.​

shortlink

Related Articles

Post Your Comments

Related Articles


Back to top button