ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ സുരക്ഷാപരമായ ഉത്കണ്ഠകള്‍ പങ്കുവെച്ച് പ്രമുഖ രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗം മേധാവികള്‍ ഡല്‍ഹിയില്‍. യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ ഡയറക്ടര്‍ വില്യം ബേണ്‍സ്, റഷ്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് നിക്കോളെ പത്രുഷെവ് എന്നിവരാണ് ഡല്‍ഹിയിലെത്തി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി അഫ്ഗാന് സാഹചര്യങ്ങള്‍ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്തത്. നേരത്തേ ബ്രിട്ടന്റെ സീക്രട്ട് ഇന്റലിജന്‍സ് സര്‍വിസ് മേധാവി റിച്ചാര്‍ഡ് മൂറെയും ഡോവലുമായി ചര്‍ച്ച നടത്തിയിരുന്നു.
എന്നാൽ അഫ്ഗാനിലെ സുപ്രധാന സംഭവവികാസങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്യാന്‍ നിക്കൊളായ് പത്രുഷേവിന്റെ സന്ദര്‍ശനം ഉപകാരപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മേഖലയിലെ സുസ്ഥിരതക്കായി ഏകോപനം ശക്തിപ്പെടുത്താന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറയുന്നു.
അഫ്ഗാന്റെ മണ്ണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇടമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് നേരത്തേ ദോഹയില്‍ താലിബാന് പ്രതിനിധിയുമായി നടന്ന ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഭീകര സംഘടനകളെ താലിബാന് ഭരണകൂടം പ്രത്യക്ഷമായോ പരോക്ഷമായോ പ്രോത്സാഹിപ്പിക്കുമെന്ന ആശങ്ക, അവിടം വിട്ട അമേരിക്കക്കും മറ്റുമുണ്ട്. മേഖലയിലെ സാഹചര്യങ്ങള്‍ കലങ്ങിയതിന്റെ ആശങ്കകളിലാണ് റഷ്യ.
അതേസമയം അജിത് ഡോവലും സന്ദര്‍ശകരായ മറ്റു രാജ്യങ്ങളിലെ സുരക്ഷ മേധാവികളുമായുള്ള ചര്‍ച്ചയുടെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല. എന്നാല്‍, അഫ്ഗാനിലെ സാഹചര്യങ്ങള്‍ക്കു പിന്നാലെയുള്ള സുപ്രധാന കൂടിക്കാഴ്ചകള്‍ സുരക്ഷയുടെ കാര്യത്തിൽ ചർച്ച ചെയ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.
Post Your Comments