KeralaLatest NewsNews

അച്ഛന്റെ തട്ടകത്തില്‍ ജയിക്കാന്‍ ജോസ് കെ മാണിക്ക് കഴിഞ്ഞില്ല, എല്‍ഡിഎഫിലെ നിലനില്‍പ്പ് പരുങ്ങലിലോ?

‘ഭയപ്പെടേണ്ട, ഞാന്‍ നിന്നോടു കൂടെയുണ്ട്’ എന്ന ബൈബിള്‍ വചനമായിരുന്നു മാണിക്കു പാലാ. ഏതാണ്ട് അങ്ങനെ തന്നെയാണ് എല്‍ഡിഎഫിനും. അതുകൊണ്ടാണ് കോഴക്കാരന്‍ മാണിയുടെ മകനായിരുന്നിട്ടും ജോസ് കെ മാണിയെ ഉള്‍ക്കൊള്ളാന്‍ എല്‍ഡിഎഫ് തയ്യാറായത്. മാണിയെ രൂക്ഷമായി വിമര്‍ശിച്ചവര്‍ പോലും മാണി മകന്റെ ഇടതു മുന്നണി പ്രവേശനം ആഘോഷമാക്കി. മുന്നണി മാറിയപ്പോഴും ലക്ഷ്യം ഒന്നു മാത്രമായിരുന്നു, പാലാ സ്വന്തമാക്കുക. ജോസ് കെ മാണിയും പാലായും തമ്മിലുള്ള വൈകാരിക ബന്ധം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഊട്ടി ഉറപ്പിക്കാന്‍ തീവ്ര ശ്രമമാണ് എല്‍ഡിഎഫ് നടത്തിയത്. എന്നിട്ടും പാലാ വേറൊരു മാണി കൊണ്ടു പോയി. ഊട്ടി ഉറപ്പിക്കാന്‍ ശ്രമം നടത്തിയതു മാത്രം മിച്ചം.

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ശക്തികേന്ദ്രമായിരുന്ന പാലാ പിടിച്ചെടുക്കുക എന്നത് എല്‍ഡിഎഫിന്റെ ചിരകാല സ്വപ്നമായിരുന്നു. ആ സ്വപ്നം പൂവണിയാന്‍ മാണിസാറിന്റെ മരണം വരെ കാത്തിരിക്കേണ്ടി വന്നുവെന്നു മാത്രം. കെ.എം മാണിയുടെ മരണത്തിനു ശേഷം 2019 സെപ്തംമ്പറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി ഇടതു മുന്നണി പാലായില്‍ ഇടം കണ്ടെത്തി. എന്‍സിപി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ അട്ടിമറി വിജയത്തിലൂടെയായിരുന്നു നേട്ടം. ആ മാണി സി കാപ്പനെ പോലും തള്ളിക്കൊണ്ടാണ് ജോസ് കെ മാണിക്ക് എല്‍ഡിഎഫ് കൈകൊടുത്തത്. എന്നാല്‍ പാര്‍ട്ടി പോലും പ്രതീക്ഷിക്കാത്ത തോല്‍വിയാണ് ജോസ് കെ മാണി മുന്നണിക്ക് സമ്മാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 13 സീറ്റുകളില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് എം ഒരു സീറ്റില്‍ മാത്രമാണ് വിജയിച്ചത്. അതേസമയം എന്‍സികെ എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കോണ്‍ഗ്രസിന്റെ പിന്തുണയോടെ മത്സരിച്ച മാണി സി കാപ്പന്‍ വീണ്ടും വിജയിക്കുകയും ചെയ്തു. ഇതോടെ ജോസ് കെ മാണിയുടെ നിലനില്‍പ്പ് പരുങ്ങലിലായി. സിപിഐയിലെ ഒരു വിഭാഗം ജോസ് കെ മാണി എല്‍ഡിഎഫില്‍ വന്നതിനെ ധാര്‍മികമായി എതിര്‍ത്തിരുന്നു. ഇപ്പോഴും ആ എതിര്‍പ്പ് തുടരുകയും ചെയ്യുന്നുണ്ട്. എന്നാല്‍, നിയമസഭയില്‍ നേടിയ 99 സീറ്റ് എന്ന എല്‍ഡിഎഫിന്റെ മൃഗീയ ഭൂരിപക്ഷം മുന്നോട്ട് വച്ചാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വന്തം പാര്‍ട്ടിയിലെ എതിര്‍പ്പിനെ പ്രതിരോധിക്കുന്നത്. പാലായില്‍ തോറ്റെങ്കിലും മറ്റിടങ്ങളില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വോട്ടുകള്‍ എല്‍.ഡി.എഫിന് കിട്ടിയിട്ടുണ്ടെന്നായിരുന്നു ഇതിന്റെ വിശദീകരണം.

പാലാക്കാരും ദൈവവും തനിക്കൊപ്പമുണ്ടെന്ന ആത്മവിശ്വാസം പോലും ജോസ് കെ മാണി കൈവിട്ട പോലെയാണ്. വളരും തോറും പിളരും പിളരുംതോറും വളരുമെന്ന അച്ഛന്റെ പ്രയോഗം കടമെടുത്താണ് അദ്ദേഹം ഇടതു പാളയത്തിലെത്തിയതെങ്കിലും അദ്ദേഹം തളര്‍ന്നിരിക്കുകയാണ്. ഒടുവിലിതാ ജോസ് കെ മാണിയുടെ വരവ് ഇടതുമുന്നണിക്ക് പ്രത്യേക നേട്ടങ്ങളുണ്ടാക്കിയില്ലെന്ന് സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ശക്തി കേന്ദ്രങ്ങളായ കടുത്തുരുത്തിയിലേയും പാലായിലേയും തോല്‍വികള്‍ ഉദാഹരിച്ചാണ് സിപിഐ കേരള കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇന്ന് മുതല്‍ ആരംഭിക്കുന്ന സംസ്ഥാന നേതൃയോഗങ്ങളില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. സംസ്ഥാന നിര്‍വാഹക സമിതി ഇന്നും സംസ്ഥാന കൗണ്‍സില്‍ നാളെയും മറ്റന്നാളും യോഗം ചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button