KeralaLatest NewsNews

മുസ്ലീം ലീഗിലൊരു ശുദ്ധികലശം ആവശ്യം: നട്ടെല്ല് വളയ്ക്കില്ലെന്ന് നേതൃത്വത്തോട് ആവര്‍ത്തിച്ച് ഹഫ്‌സ

പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പിഎംഎ സലാം ഹരിതയ്‌ക്കെതിരെ ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ത്തുകയുണ്ടായി.

മലപ്പുറം: മുസ്ലീം ലീഗിന്റെ നിലവിലുള്ള ഉപചാപക സംഘങ്ങളില്‍ നിന്നും പുറന്തള്ളുന്നതോടെ തങ്ങളുടെ രാഷ്ട്രീയ ജീവിതം അവസാനിക്കില്ലെന്ന് മുന്‍ ഹരിത നേതാവ് ഹഫ്‌സ മോള്‍. ഒരു ഉപചാപക സംഘത്തിന്റെയും ഭാഗമായി നിന്ന് തലച്ചോറ് പണയം വെയ്ക്കാന്‍ തയ്യാറല്ലെന്നും ഹഫ്‌സ പറഞ്ഞു. രാഷ്ട്രീയമായ എല്ലാ ഊര്‍ജത്തോടും കൂടി പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കും. ഇനിയും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി ശബ്ദമാകാന്‍ മുന്നിലുണ്ടാകും. എന്നാല്‍ ആരുടെയും മുന്നില്‍ നട്ടെല്ല് പണയംവെച്ച് നില്‍ക്കേണ്ടി വരുന്ന ഒരു നിലപാട് കൈക്കൊള്ളില്ലെന്നും ഹഫ്‌സ മാധ്യമങ്ങളോട് പറഞ്ഞു.

‘ഞങ്ങളുടെ അസ്ഥിത്വത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രവര്‍ത്തനവുമായി മുമ്പോട്ട് പോകും. സി എച്ച് മുഹമ്മദ് കോയ സഹിബ് തന്ന ഒരു ഉപദേശമുണ്ട്. ‘നിങ്ങള്‍ ആരാന്റെ വിറക് വെട്ടികളും വെള്ളം കോരികളുമാകരുത്’, എന്ന്. അത് പാര്‍ട്ടിക്ക് പുറത്തുള്ളവരെ ഉപദേശിച്ച് മാത്രമല്ല, പാര്‍ട്ടിക്കുള്ളിലുള്ളവരെ ഉദ്ദേശിച്ചുകൂടിയുള്ള ഉപദേശം കൂടിയായിരുന്നു അത്. അത് മനസ്സാ ഉള്‍ക്കൊണ്ടിട്ടുള്ള ആളുകള്‍ കൂടിയാണ് ഞങ്ങള്‍. അതുകൊണ്ട് തന്നെ ഞങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല . ഇതൊരു തുടക്കം മാത്രമാണ്.’- ഹഫ്‌സ പറഞ്ഞു.

Read Also: നടപടിക്ക് വിധേയരായവര്‍ പിതൃതുല്യരായ നേതൃത്വത്തിന്റെ തീരുമാനമായി കാണണം: ഹരിത മുന്‍ ഭാരവാഹികളെ തള്ളി പി.കെ ഫിറോസ്

മുസ്ലീം ലീഗിലൊരു ശുദ്ധികലശം ആവശ്യമാണെന്ന് ഹഫ്‌സ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ നേതൃസ്ഥാനത്തേക്ക് വരാന്‍ മത്സരിക്കുന്ന ആളുകളാണ് ലീഗിലെന്നും ഹഫ്‌സ പറഞ്ഞു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പിഎംഎ സലാം ഹരിതയ്‌ക്കെതിരെ ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. ഞങ്ങള്‍ക്ക് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും ഞങ്ങള്‍ സിപിഐഎമ്മുമായി സഖ്യധാരണയിലെത്തിയെന്നുമൊക്കെ അദ്ദേഹം പറയുകയുണ്ടായി. ഐഎന്‍എലില്ലേക്ക് പോയി തിരിച്ചെത്തി ജനറല്‍ സെക്രട്ടറി സ്ഥാനം കിട്ടിയപ്പോഴാണ് പിഎംഎ സലാമിന് പാര്‍ട്ടി അംഗീകരിക്കണം, പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കപ്പെടണമെന്നൊക്കെ തോന്നി തുടങ്ങിയത ഹഫ്‌സ് പറഞ്ഞു.

 

shortlink

Post Your Comments


Back to top button