Latest NewsIndia

മരിച്ച അമ്മ ഉയർത്തെഴുനേൽക്കാനായി 2 ദിവസം പ്രാർത്ഥനയുമായി പെണ്മക്കൾ: പോലീസുമായി തർക്കം

അമ്മ മരിച്ചുവെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെയാണ് മൃതദേഹവുമായി മക്കള്‍ വീട്ടിലേക്ക് തിരിച്ചത്. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പ്രാര്‍ത്ഥന നടത്തുകയായിരുന്നു.

ചെന്നൈ: മരിച്ചു പോയ അമ്മ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ മൃതദേഹത്തിനരികെ പെണ്‍മക്കള്‍ പ്രാര്‍ത്ഥനയുമായി കഴിഞ്ഞത് രണ്ടുദിവസം. പൊലീസെത്തി മക്കളെ പറഞ്ഞുമനസ്സിലാക്കി മൃതദേഹം സംസ്‌കരിച്ചത് നീണ്ട നേരത്തെ തര്‍ക്കത്തിനും വാഗ്വാദത്തിനും ഒടുവില്‍. വൃദ്ധ രണ്ടുദിവസംമുമ്പ് മരിച്ചതായും മൃതദേഹവുമായി മക്കള്‍ ചില ആശുപത്രികളില്‍ പോയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. അമ്മ മരിച്ചുവെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെയാണ് മൃതദേഹവുമായി മക്കള്‍ വീട്ടിലേക്ക് തിരിച്ചത്. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പ്രാര്‍ത്ഥന നടത്തുകയായിരുന്നു.

തിരുച്ചിറപ്പള്ളിയിലെ മണപ്പാറയ്ക്കടുത്ത് ചൊക്കംപട്ടിയിലാണ് സംഭവം. പ്രദേശവാസിയായ മേരി (75) അസുഖത്തെത്തുടര്‍ന്ന് മരിച്ചു. എന്നാല്‍, അമ്മ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിച്ച മക്കളായ ജസീന്തയും ജയന്തിയും വീട്ടില്‍ പ്രാര്‍ത്ഥനയുമായി കഴിയുകയായിരുന്നു. ഇരുവരും അവിവാഹിതരാണ്. അമ്മ മരിച്ച വിവരം ഇവര്‍ പുറത്താരോടും പറഞ്ഞതുമില്ല. വീട് സന്ദര്‍ശിക്കാനെത്തിയ ബന്ധുവാണ് മേരി മരിച്ചതായി മനസ്സിലാക്കിയത്. ഉടന്‍ തന്നെ ഇവര്‍ മേരി മരിച്ച വിവരം നാട്ടുകാരെ അറിയിച്ചു. മക്കള്‍ മൃതദേഹം അടക്കംചെയ്യാതെ പ്രാര്‍ത്ഥിച്ചിരിക്കുന്ന വിവരം പുറത്തായി. നാട്ടുകാര്‍ പൊലീസിന് വിവരം കൈമാറി.

പൊലീസിനെ വീട്ടിലേക്ക് പ്രവേശിക്കാന്‍ ജസീന്തയും ജയന്തിയും സമ്മതിച്ചില്ല. അമ്മ അബോധാവസ്ഥയിലാണെന്നും വീട്ടില്‍വെച്ച്‌ ചികിത്സ നല്‍കുകയാണെന്നും ഇവര്‍ അറിയിച്ചു. പൊലീസ് അമ്മയെ കൊല്ലാന്‍ നോക്കുകയാണെന്നും ആരോപിച്ചു. തുടര്‍ന്ന് പൊലീസ് ആംബുലന്‍സ് വിളിച്ചുവരുത്തി. ആരോഗ്യപ്രവര്‍ത്തകര്‍ മേരിയെ പരിശോധിച്ചതില്‍ ജീവനില്ലെന്ന് മനസ്സിലായി.

വിദഗ്ധചികിത്സ നല്‍കാമെന്ന് പറഞ്ഞ് മക്കളെക്കൊണ്ട് സമ്മതിപ്പിച്ച്‌ മൃതദേഹം ആംബുലന്‍സില്‍ മണപ്പാറ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടറും മരണം ഉറപ്പാക്കി. ഇത് അംഗീകരിക്കാന്‍ പെണ്‍മക്കള്‍ തയ്യാറായില്ല. കനത്തമഴയില്‍ നാലുമണിക്കൂറോളം മക്കളുമായി വാദിച്ചാണ് മൃതദേഹം പൊലീസിന് മോര്‍ച്ചറിയിലേക്ക് മാറ്റാനായത്. അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button