ThiruvananthapuramKeralaLatest NewsNews

ശ്രീരാമകൃഷ്ണനെ നേരിട്ടറിയാം, ക്ഷണിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്: മുഖ്യമന്ത്രിയെയും വിളിക്കാമെന്ന് സന്ദീപ് നായര്‍

തനിക്ക് പല ആളുകളുമായും വ്യക്തിബന്ധമുണ്ടെന്ന് സന്ദീപ്

തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമായി വ്യക്തി ബന്ധമുള്ളതിനാലാണ് തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍. കൊഫേപോസ തടവ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ജയില്‍മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സന്ദീപിന്റെ പ്രതികരണം. തനിക്ക് പല ആളുകളുമായും വ്യക്തിബന്ധമുണ്ടെന്ന് സന്ദീപ് പറഞ്ഞു.

തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി നേരിട്ടെത്തിയാണ് ശ്രീരാമകൃഷ്ണനെ ക്ഷണിച്ചത്. സ്പീക്കറെ ക്ഷണിക്കാന്‍ പോകുമ്പോള്‍ സ്വപ്ന കൂടെയുണ്ടായിരുന്നില്ലെന്നും എന്നാല്‍ ഉദ്ഘാടന പരിപാടിയില്‍ സ്വപ്ന പങ്കെടുത്തെന്നും സന്ദീപ് പറഞ്ഞു. അതേസമയം ജനപ്രതിനിധി എന്ന നിലയില്‍ സ്പീക്കറെയും മുഖ്യമന്ത്രിയെയും പരിപാടിയിലേക്ക് വിളിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് സന്ദീപ് നായര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍സലേറ്റുമായി അധികം ബന്ധമില്ലെന്നും ആഭ്യന്തരകാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും സന്ദീപ് പറഞ്ഞു. ഫൈസല്‍ ഫരീദിനെക്കുറിച്ച് പത്രമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2007ല്‍ പരിചയപ്പെട്ട സരിത്തുമായി സൗഹൃദത്തിലാണെന്നും സരിത്ത് വഴിയാണ് സ്വപ്നയെ പരിചയപ്പെട്ടതെന്നും സന്ദീപ് പറഞ്ഞു. അതേസമയം കേസ് കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് സന്ദീപ് പറഞ്ഞു. ആരാണ് പ്രതിയെന്ന് വരും കാലങ്ങളില്‍ മനസിലാകുമെന്നും സന്ദീപ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button