ThiruvananthapuramLatest NewsKeralaNews

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കി സംഭവം: ദത്ത് ചട്ടങ്ങള്‍ പാലിച്ച്, പ്രതിപക്ഷ ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി

ആര്‍എംപി എംഎല്‍എ കെ.കെ.രമയാണ് നിയമസഭയില്‍ അടിയന്തര പ്രമേയാനുമതി നേടി സംസാരിച്ചത്

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കി സംഭവത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി വീണാ ജോര്‍ജ്ജ്. ഇതുവരെയുള്ള സര്‍ക്കാര്‍ നടപടികളെല്ലാം നിയമപ്രകാരമാണെന്ന് ആവര്‍ത്തിച്ച മന്ത്രി കുട്ടിയെ അനുപമയ്ക്ക് കിട്ടുന്നതു വരെ സര്‍ക്കാര്‍ ഒപ്പമുണ്ടാവുമെന്നും വ്യക്തമാക്കി. അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തില്‍ ആര്‍എംപി എംഎല്‍എ കെ.കെ.രമയാണ് നിയമസഭയില്‍ അടിയന്തര പ്രമേയാനുമതി നേടി സംസാരിച്ചത്. എംഎല്‍എയ്ക്ക് മറുപടിയായാണ് മന്ത്രി വീണാ ജോര്‍ജ്ജ് ഇക്കാര്യം അറിയിച്ചത്.

Read Also : സ്‌നേഹം നടിച്ച് അരുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് 12കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികളെ പിടികൂടി

കോടതിയുടെ പരിഗണനയിലുള്ള കേസ് എന്ന നിലയില്‍ സാധാരണ ഗതിയില്‍ ഇങ്ങനെയൊരു വിഷയം സഭ ചര്‍ച്ച ചെയ്യാന്‍ പാടില്ലെങ്കിലും പ്രത്യേക കേസ് എന്ന നിലയില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുകയാണെന്ന് വ്യക്തമാക്കിയാണ് സ്പീക്കര്‍ എംബി രാജേഷ് ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയത്. എന്നാല്‍ കോടതിയിലുള്ള വിഷയമല്ല ചര്‍ച്ചചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും അനുപമ നേരിട്ട നീതി നിഷേധമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് കെകെ രമ പറഞ്ഞു.

കേസില്‍ പൊലീസിനുണ്ടായ വീഴ്ചയും ഉന്നത ഗൂഢാലോചനയും അന്വേഷിക്കേണ്ടതായിട്ടുണ്ടെന്നും ദുരഭിമാന കുറ്റകൃത്യമാണിതെന്നും എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസടക്കം ഭരണകൂട രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്നും എല്ലാത്തിനും ചുക്കാന്‍ പിടിച്ചത് പാര്‍ട്ടി നേതാവായ അനുപമയുടെ അച്ഛനാണെന്നും കെകെ രമ ആരോപിച്ചു. ആരോപണ വിധേയനായ അച്ഛനെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. പരാതി കൊടുത്ത് ആറുമാസം വരെയും ഒരു നടപടിയും എടുത്തില്ലെന്നും കുട്ടികളുടെ ഐഡന്റിന്റി തന്നെ മാറ്റാന്‍ ശിശുക്ഷേമ സമിതിയില്‍ ശ്രമം നടന്നുവെന്നും കെകെ രമ പറഞ്ഞു.

അതേസമയം കുഞ്ഞിനെ നിയമവിരുദ്ധമായി മാറ്റി ദത്ത് നല്‍കിയെന്ന അനുപമയുടെ പരാതിയില്‍ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ പരിശോധന നടത്തുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി. 2020 ഒക്ടോബര്‍ 23ന് കുട്ടിയെ കിട്ടിയതു മുതല്‍ എല്ലാ നടപടിക്രമങ്ങളും ശിശുക്ഷേമ സമിതി പാലിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ മറുപടിക്ക് പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് അടുത്തേക്ക് എത്തുകയും മുദ്രാവാക്യം മുഴങ്ങുകയും ചെയ്തു. കെ.കെ.രമയ്ക്ക് സംസാരിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തിനിടയില്‍ തന്നെ മന്ത്രി വീണ്ടും സംസാരിച്ചു തുടങ്ങി. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button