KeralaLatest NewsNewsIndia

കോൺഗ്രസ് എന്താ ഗതി പിടിക്കാത്തത് എന്നതിന്റെ ഉത്തരം, ഒറ്റയാൾക്കും നാണമില്ലേ?: പരിഹസിച്ച് ഹരീഷ് വാസുദേവൻ

തിരുവനന്തപുരം: ഇന്ധനവില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച വഴിതടയിലെതിരെ പരസ്യമായി പ്രതികരിച്ച നടൻ ജോജു ജോർജിനെതിരെയുള്ള പ്രതിഷേധവും വിമർശനവും കോൺഗ്രസ് ഇനിയും ആവസാനിപ്പിച്ചിട്ടില്ല. യൂത്ത് കോൺഗ്രസ് നേതാക്കൾ മുതൽ തലമൂത്ത കോൺഗ്രസ് നേതാക്കൾ വരെ ജോജുവിനെതിരെ  തിരിഞ്ഞിരിക്കുകയാണ്‌. ജോജു ജോർജ് ആണ് നിലവിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്നമെന്ന രീതിയിൽ പ്രതികരണങ്ങൾ നടത്തുന്ന കോൺഗ്രസിനെ പരിഹസിച്ച് ഹരീഷ് വാസുദേവൻ.

ജോജുവാണ് നമ്മുടെ നാട്ടിലെ പ്രധാന രാഷ്ട്രീയ പ്രശ്നമെന്നാണ് കോൺഗ്രസ് കരുതുന്നതെന്ന് ഹരീഷ് പരിഹസിച്ചു. കോൺഗ്രസ് എന്താ ഗതി പിടിക്കാത്തത് എന്നതിന്റെ ഉത്തരമാണിതെന്നും അദ്ദേഹം വിമർശിക്കുന്നു. ജോജുവല്ല രാജ്യത്തെ പ്രശ്നം, പെട്രോൾ വില കൂടിയതിനെതിരെ പ്രതിഷേധമുള്ള ജോജുവിനെക്കൂടി അണിനിരത്താനുള്ള സമരരീതി ആവിഷ്കരിക്കാനുള്ള നിങ്ങളുടെ പൊളിറ്റിക്കൽ വിഷനില്ലായ്മ ആണ്, ഭാവനാരാഹിത്യമാണ് എന്ന് മറക്കരുതെന്ന് ഹരീഷ് ചൂണ്ടിക്കാട്ടുന്നു.

ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

കോൺഗ്രസേ ഇത് നാണക്കേട്. ഇത്രയേറെ ഭരണവിരുദ്ധ വികാരം രാജ്യത്തുള്ളപ്പോഴും, പ്രതിപക്ഷത്തെ പിന്തുണയ്ക്കാൻ ജനം ആഗ്രഹിക്കുമ്പോഴും കോണ്ഗ്രസ് എന്താ ഗതി പിടിക്കാത്തത് എന്നു സംശയമുണ്ടോ? എനിക്കുണ്ടായിരുന്നു. ഇന്നത്തെ പത്രങ്ങളിൽ ഒരു പേജ് മുഴുവൻ കോണ്ഗ്രസിന്റെ ജില്ലയിലെ സമരങ്ങളേപ്പറ്റിയാണ്. ആർക്കെതിരെ? നടൻ ജോജുവിനെതിരായ സമരം. കാർ തല്ലിപ്പൊളിച്ച കേസിൽ ടോണി ചമ്മണിക്ക് ജാമ്യം കിട്ടിയ ആഹ്ലാദം, സ്ത്രീയെ ഉപദ്രവിച്ചു എന്ന കള്ളപ്പരാതിയിൽ കേസെടുക്കാത്ത പോലീസിനെതിരെ പ്രതിഷേധം… ജോജു അഭിനയിക്കുന്ന സിനിമകളോടുള്ള പ്രതിഷേധം. ആഹാ !! ഇതാണിപ്പോ കോണ്ഗ്രസിന്റെ പ്രയോറിറ്റി !! ജോജുവാണ് നമ്മുടെ നാട്ടിലെ പ്രധാന രാഷ്ട്രീയ പ്രശ്നം.

റോഡ് തടഞ്ഞതിനെതിരെ റോഡിലിറങ്ങി പ്രതിഷേധിച്ച ഒരു പൗരന്റെ കാർ തല്ലിപ്പൊളിച്ചു ക്രിമിനൽ കേസിൽപെട്ടതിൽ തെറ്റു ബോധ്യപ്പെട്ടു മാപ്പ് പറയുകയല്ലേ വേണ്ടത്? അതുമില്ല, അത് എന്തോ മഹത്തായ കാര്യമായി അവതരിപ്പിക്കാൻ ഇവരുടെ കൂട്ടത്തിൽ പെട്ട ഒറ്റയാൾക്കും നാണമില്ലേ?? ജനാധിപത്യ ബോധമില്ലേ?? പൗരന്റെ കാർ തല്ലിപ്പൊളിക്കുന്ന പണി ഏത് അർത്ഥത്തിലാണ് നല്ല രാഷ്ട്രീയസമര മാതൃക ആകുന്നത്? അതീ രാജ്യത്തെ ഒരു ക്രിമിനൽ കുറ്റമല്ലേ? CPIM ന്റെ അക്രമങ്ങളേ എതിർക്കുന്ന ഇവരാണോ അക്രമക്കേസിൽ ജാമ്യം കിട്ടിയത് ആഘോഷിക്കുന്നത്?? കോണ്ഗ്രസേ, നിങ്ങൾ നന്നാവണമെന്നു ആഗ്രഹമുള്ള, ദേശീയ തലത്തിൽ നിങ്ങൾ തിരികെ വരണമെന്ന് ആഗ്രഹമുള്ള ഒരാളാണ്, വന്നാൽ വോട്ടു ചെയ്യണമെന്ന് കരുതുന്ന ആളാണ് ഞാൻ. ഇതുപോലെ ചീഞ്ഞ കേസുകളുടെ പിറകെ പോയി ജനത്തെ വെറുപ്പിക്കരുത്. ഒരല്പം നിലവാരം കാണിക്കണം. ജോജുവല്ല രാജ്യത്തെ പ്രശ്നം, പെട്രോൾ വില കൂടിയതിനെതിരെ പ്രതിഷേധമുള്ള ജോജുവിനെക്കൂടി അണിനിരത്താനുള്ള സമരരീതി ആവിഷ്കരിക്കാനുള്ള നിങ്ങളുടെ പൊളിറ്റിക്കൽ വിഷനില്ലായ്മ ആണ്, ഭാവനാരാഹിത്യമാണ്. ദയവ് ചെയ്തു ഇങ്ങനെ സ്വയം ചെറുതാകരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button