Latest NewsIndiaNews

കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം: മുഴുവന്‍ സൈനികരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ഇവരുടെ മൃതദേഹങ്ങള്‍ ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ എംഐ-17 വി5 ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച മുഴുവന്‍ സൈനികരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. രാത്രിയോടെയാണ് മരിച്ച 13 പേരില്‍ തിരിച്ചറിയാന്‍ ഉണ്ടായിരുന്ന നാല് പേരുടെ ഡിഎന്‍എ പരിശോധന ഫലം ലഭിച്ചത്. ലഫ്റ്റനന്റ് കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, ഹവില്‍ദാര്‍ സത്പാല്‍ റായ്, ലാന്‍സ് നായിക് ഗുര്‍സേവക് സിംഗ്, ലാന്‍സ് നായിക് ജിതേന്ദ്ര കുമാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

Read Also : ‘മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരം’: അബ്ദുറഹിമാന്‍ കല്ലായിക്കെതിരെ പൊലീസ് കേസെടുത്തു

ഇവരുടെ മൃതദേഹങ്ങള്‍ ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. ഇന്നലെ തൃശൂര്‍ പുത്തൂര്‍ സ്വദേശി പ്രദീപ് അറക്കലിന്റെ മൃതദേഹം വീട്ടിലെത്തിച്ച് പൂര്‍ണ സൈനിക ബഹുമതിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചിരുന്നു. അതേസമയം ഫ്ളൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍, കോക്ക്പിറ്റ് റെക്കോര്‍ഡര്‍ എന്നിവ പരിശോധിക്കാനുള്ള നടപടി തുടരുകയാണ്. വിദേശ സാങ്കേതിക സഹായം ആവശ്യമാണോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥ, ഇറക്കുന്നതിനിടയിലെ പിഴവ്, പൊട്ടിത്തെറി തുടങ്ങി എല്ലാ സാധ്യതകളും പരിശോധിക്കും. കൂനൂരില്‍ അപകടത്തില്‍പ്പെട്ട എം.ഐ-17 വി15 റഷ്യയിലെ കാസന്‍ ഹെലികോപ്‌റ്റേഴ്‌സാണ് നിര്‍മിച്ചത്.

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ എംഐ-17 വി5 ഹെലികോപ്റ്റര്‍ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറായേക്കും. ജനറല്‍ ബിപിന്‍ റാവത്തിന്റെയും മധുലിക റാവത്തിന്റെയും ചിതാഭസ്മം മക്കളായ കൃതിക, തരിണി എന്നിവര്‍ ചേര്‍ന്ന് ഇന്നലെ ഹരിദ്വാറില്‍ നിമഞ്ജനം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button