Latest NewsIndia

രാഹുല്‍ ഇറ്റലിയിലേക്ക് പറന്നതോടെ കോൺഗ്രസിൽ മുറുമുറുപ്പ്: ഗത്യന്തരമില്ലാതെ പഞ്ചാബിലെ റാലിയുടെ ഉദ്‌ഘാടനവും മാറ്റി

രാഹുലിന്റെ അഭാവത്തിൽ സംസ്ഥാനത്ത് പാർട്ടിയുടെ സ്ഥാനാർഥിനിർണയവും കൂടുതൽ വൈകാനാണ് സാധ്യത.

ചണ്ഡീഗഢ്‌: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്വകാര്യസന്ദർശനത്തിനായി വിദേശത്തേക്കു പറന്നതോടെ തിങ്കളാഴ്ച പഞ്ചാബിൽ തുടക്കം കുറിക്കാനിരുന്ന തിരഞ്ഞെടുപ്പു റാലികളുടെ ഉദ്ഘാടനം മാറ്റിവെക്കേണ്ടിവന്നു. റാലിക്കായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നതായും അതിനിടെയാണ് രാഹുലിന്റെ അപ്രതീക്ഷിത യാത്ര വന്നതെന്നും പാർട്ടിവൃത്തങ്ങൾ വെളിപ്പെടുത്തി. ഇത് പഞ്ചാബ് കോൺഗ്രസിൽ മുറുമുറുപ്പിനിടയാക്കി.

മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയെയും പി.സി.സി. അധ്യക്ഷൻ നവ്‍ജോത് സിങ് സിദ്ദുവിനെയും രാഹുലിനൊപ്പം ഒരു വേദിയിലണിനിരത്തി വിമർശകരെ നിശ്ശബ്ദരക്കാനായിരുന്നു പഞ്ചാബ് കോൺഗ്രസ് ലക്ഷ്യമിട്ടിരുന്നത്. രാഹുലിന്റെ അഭാവത്തിൽ സംസ്ഥാനത്ത് പാർട്ടിയുടെ സ്ഥാനാർഥിനിർണയവും കൂടുതൽ വൈകാനാണ് സാധ്യത.

കഴിഞ്ഞ നവംബറിൽ ദീപാവലിക്കു തൊട്ടുമുൻപാണ് രാഹുൽ മൂന്നാഴ്ചത്തെ വിദേശസന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയത്.രാഹുൽ ഗാന്ധി സ്വകാര്യസന്ദർശനത്തിന് വിദേശത്തു പോയതാണെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് ബി.ജെ.പി.യും മാധ്യമസുഹൃത്തുക്കളും വിട്ടുനിൽക്കണമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. അദ്ദേഹം മടങ്ങിയെത്തിയ ശേഷം ഈ മാസം 15-ന് പഞ്ചാബിലും 16-ന് ഗോവയിലും കോൺഗ്രസ് റാലികളിൽ പങ്കെടുക്കാനാണ് സാധ്യത.

വിഭാഗീയതയും ചേരിപ്പോരും കൂട്ടരാജിയുമൊക്കെ പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കുന്ന പഞ്ചാബിൽ തിരഞ്ഞെടുപ്പു റാലിയോടെ പ്രചാരണത്തിന് തുടക്കമിടാമെന്നാണ് കണക്കുകൂട്ടിയത്. മോഗയിൽ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന റാലി ഐക്യത്തിന്റെ പ്രദർശനവേദിയാക്കാനായിരുന്നു ഉദ്ദേശിച്ചതെന്ന് നേതാക്കൾ പറയുന്നു. അതിനിടെ രാഹുലിന്റെ അപ്രതീക്ഷിതയാത്ര സംസ്ഥാനഘടകത്തിൽ അസ്വസ്ഥത പടർത്തി. യാത്രാവിവരം തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും പ്രതിപക്ഷം ഇത് ചർച്ചയാക്കിയതിനെ പാർട്ടി വക്താവ് പ്രതിരോധിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായതെന്നും പഞ്ചാബിലെ കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button