MollywoodLatest NewsKeralaCinemaNewsEntertainment

‘തെന്നിന്ത്യയിലെ ഏറ്റവും ധീരവ്യക്തിത്വം, വിപ്ലവകാരിയാണ് പാർവതി’: ഈ സർക്കാരിനെ സ്ത്രീപക്ഷ സർക്കാർ എന്ന് പറയരുത്,കുറിപ്പ്

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. അതിനു പിന്നാലെ റിപ്പോർട്ട് പുറത്തുവിടില്ലെന്നും രഹസ്യമാക്കി വയ്ക്കുമെന്നും ജസ്റ്റിസ് ഹേമ പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. വെളിപ്പെടുത്തലുകൾ രഹസ്യമാക്കി വെക്കുമെന്ന് പറയുന്നത് വേട്ടക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയല്ലേ എന്നും ഹേമ കമ്മീഷനിൽ വിശ്വാസമില്ല എന്നും പാർവതി വ്യക്തമാക്കിയിരുന്നു. സർക്കാർ നിയമിച്ച ഹേമ കമ്മീഷനെതിരെ പാർവതി ശബ്ദമുയർത്തിയതോടെ, അതുവരെ പാർവതിക്കൊപ്പം നിന്നിരുന്ന ‘ഇടത് സ്ത്രീപക്ഷ’ നിലപാടുകാരെ കാണാനില്ലെന്ന വിമർശനവും പരിഹാസവും സോഷ്യൽ മീഡിയയിൽ നിറയുന്നു.

Also Read:യുപിയിൽ യോഗി ഇത്തവണയും മുഖ്യമന്ത്രിയായത് അടുത്ത പ്രധാനമന്ത്രിയാകും: അഖിലേഷ് യാദവിന്റെ ആശങ്ക

ഹേമ കമ്മീഷൻ, റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. റിപ്പോർട്ട് പുറത്ത് വിടാനോ അതിൽ നടപടി എടുക്കാനോ മുതിരാതെ സർക്കാർ അതിന് മുകളിൽ അടയിരിക്കുകയാണ്. റിപ്പോർട്ട് പുറത്ത് വിടാതിരിക്കാനായി പിണറായിയുടെ മുകളിൽ എത്ര വലിയ സമ്മർദ്ദം ഉണ്ടാവുമെന്ന് വിമർശനം ഉയരുന്നു. സ്ത്രീ സൗഹൃദ സർക്കാർ എന്നും ഇരട്ടച്ചങ്കുള്ള സർക്കാർ എന്നും ഇടതുസർക്കാരിന്റെ വാഴ്ത്തരുതെന്ന് ജയ് എൻ.കെ എഴുതിയ കുറിപ്പിൽ പറയുന്നു. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും ധീരവ്യക്തിത്വം പാർവതി തിരുവോത്തിന്റേതാണെന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പം തുടക്കം മുതൽ നിലയുറപ്പിച്ച, തന്റെ കരിയർ തന്നെ നശിക്കും എന്നറിഞ്ഞിട്ടും കുറച്ചെങ്കിലും ശബ്ദമുയർത്താൻ തയ്യാറായ പാർവതി ആണ് വിപ്ലവകാരിയെന്നും കുറിപ്പിൽ പറയുന്നു.

ജയ് എൻ.കെയുടെ വൈറലാകുന്ന ഫേസ്‌ബുക്ക് പോസ്റ്റ്:

രണ്ട് മാസം മുമ്പ് ‘കുറുപ്പ്’ സിനിമയുടെ ഒരു പ്രൊമോഷൻ ഇന്റർവ്യൂവിൽ അതിൽ അഭിനയിച്ച മറുനാടൻ നടി ‘തനിക്ക് സഹപ്രവർത്തകരുടെ കെയറിംഗ് ആവശ്യമില്ല” എന്ന് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത് നാലഞ്ച് ദിവസം മുഴുവൻ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നു. നല്ലത്.

കഴിഞ്ഞ ആഴ്ച നടൻ ദിലീപിന്റെയും കുടുംബത്തിന്റെയും മുഖച്ചിത്രവും റിപ്പോർട്ടും ‘വനിത’യിൽ വന്നതിനെതിരെ വലിയ പ്രതിഷേധവും ട്രോളുകളുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. നല്ലത്.

ഇന്നലെ ടീനേജ് കഴിയാത്ത ഒരു നടി ഫേസ്ബുക്കിനെപ്പറ്റി പറഞ്ഞതും ആഘോഷിച്ചു. നല്ലത്.

സുരേഷ് ഗോപി മീൻ കാശ് കൊടുത്ത് വാങ്ങിയതും ഒരാഘോഷത്തിന് കാരണമായി. നല്ലത്

ഇത്രയും മുഖവുര പറയാൻ കാരണമുണ്ട്. എന്റെ ടൈംലൈനിൽ വരുന്ന ആളുകൾ അല്ലെങ്കിൽ എന്റെ ഫേസ്‌ബുക്ക് ബബിളിൽ ഉള്ളവർ മുക്കാൽ പങ്കും ഇടത്പക്ഷ/ലിബറൽ ആശയങ്ങൾ പങ്കിടുന്നവരും പുരോഗമനവാദി / ഇന്റലക്ച്ചലും ആണ്, ഞാൻ അങ്ങനെയാണ് എന്നവകാശപ്പെടുന്നില്ലെങ്കിലും.

നടി പാർവതി തിരുവോത്ത് കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ പറഞ്ഞ ബൈറ്റ് കാണാനിടയായി. ‘സിനിമ രംഗത്ത് സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട് എന്നും, തനിക്ക് ജീവഭയം ഉള്ളത് കൊണ്ട് മാത്രമാണ് അത് പൊതുവിടത്തിൽ പറയാത്തത് ” എന്നുമാണ് അവർ പറഞ്ഞത്. ” എക്സിസ്റ്റ് ചെയ്യുന്നതാണ് പ്രധാനകാര്യമെന്നും അവർ ധ്വനിപ്പിച്ചു

സിനിമ രംഗത്തെ സില്ലി സില്ലി കാര്യങ്ങളിൽപ്പോലും പോസ്റ്റിട്ടും കമന്റായും അഭിപ്രായം പറയുന്ന ഒരാളും കഴിഞ്ഞ ദിവസം നടി പാർവതി തിരുവോത്ത് പറഞ്ഞ പ്രസ്താവന കേട്ടതായിപ്പോലും നടിച്ചിട്ടില്ല. കാരണമുണ്ട്, ഇക്കാര്യമെല്ലാം തങ്ങൾ ജസ്റ്റിസ് ഹേമ കമ്മീഷനെ ധരിപ്പിച്ചുവെന്നും പക്ഷെ ഇനി ആ കമ്മീഷനിൽ പ്രതീക്ഷ ഇല്ലെന്നും അവർ പറഞ്ഞു പോയി. ആർക്കെങ്കിലും പിന്നെ സോഷ്യൽ മീഡിയയിൽ മിണ്ടാൻ പറ്റുമോ?

ജസ്റ്റിസ് ഹേമ കമ്മീഷന്റെ കുഴപ്പമൊന്നുമില്ല, കാരണം ആ റിപ്പോർട്ട് സർക്കാരിന് അവർ എന്നേ സമർപ്പിച്ചു. പക്ഷെ സർക്കാർ അതിന് മുകളിൽ അടയിരിക്കുകയാണ്.. റിപ്പോർട്ട് പുറത്ത് വിടാനോ അതിൽ നടപടി എടുക്കാനോ മുതിരാതെ. ഏത് സർക്കാർ… നമ്മുടെ സഖാവിന്റെ സർക്കാർ.. സ്ത്രീപക്ഷ സർക്കാർ. ആ റിപ്പോർട്ട് പുറത്ത് വന്നാൽ കേരളത്തിന് വല്ല കുഴപ്പവും വരാറുണ്ടോ? ഒരു ചുക്കുമില്ല. കുറെ പൊയ്മുഖങ്ങൾ കൊഴിഞ്ഞു വീഴും. മാക്സിമം സിനിമ ഇൻഡസ്ട്രി ഒന്ന് കുലുങ്ങും.. കുറച്ച് നാൾ സ്തംഭിക്കുകയും ചെയ്തേക്കാം. പക്ഷെ ആ ഇൻഡസ്ട്രി ചീത്ത വശങ്ങളെ എല്ലാം കുടഞ്ഞുകളഞ്ഞു ഉയർത്തെഴുന്നേൽക്കുമല്ലോ ഒരു നാൾ. അല്ലെങ്കിൽ തന്നെയും യുവാക്കളാണ് മലയാളസിനിമയെ ഇന്ന് മുമ്പോട്ട് നയിക്കുന്നതും. അവരെങ്കിലും ഈ കോക്കസിന്റെ ദുർഗന്ധമടിക്കാതെ പുറത്ത് വരട്ടെ.

പക്ഷെ പാർവതിയെപ്പോലുള്ളവരുടെ ഒറ്റയാൾ പോരാട്ടങ്ങളിൽ ഇത് ഒതുങ്ങിപ്പോവുകയേ ഉള്ളൂ. നമുക്കൂഹിക്കാൻ പറ്റും പിണറായിയുടെ മുകളിൽ എത്ര വലിയ സമ്മർദ്ദം റിപ്പോർട് പുറത്ത് വിടാതിരിക്കാനായി ഉണ്ടാവുമെന്ന്. സിനിമാരംഗത്തെ പിണറായിയോട് ഏറ്റവും അടുപ്പമുള്ള സൂപ്പർമാരെ വരെ നമ്മൾ സംശയിക്കേണ്ടതായും വരും. ദയവായി സ്ത്രീസൗഹൃദസർക്കാർ എന്നും ഇരട്ടച്ചങ്കുള്ള സർക്കാര് എന്നും ഈ സർക്കാരിനെ വിശേഷിപ്പിക്കരുത് പ്ളീസ്.

ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും ധീരവ്യക്തിത്വം പാർവതി തിരുവോത്തിന്റേതാണ് എന്ന് പറയാതെ വയ്യ. ഇൻസ്റ്റയിലും എഫ്ബിയിലും ആക്രമിക്കപ്പെട്ട നടിയോടൊപ്പമുള്ള സെൽഫി പോസ്റ്റ് ചെയ്യുന്നതിലല്ല, ഇനിയൊരു സ്ത്രീ ചൂഷണം ചെയ്യപ്പെടാതിരിക്കാൻ ഉറക്കെ സംസാരിച്ചാണ് ആ നടിയോടും സിനിമയിലെ ഇരയായിട്ടുള്ള മറ്റ് സ്ത്രീകളോടുമുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ടത്. അതിന് തന്റെ കരിയർ തന്നെ നശിക്കും എന്നറിഞ്ഞിട്ടും കുറച്ചെങ്കിലും ശബ്ദമുയർത്താൻ തയ്യാറായ പാർവതി ആണ് വിപ്ലവകാരി. അല്ലാതെ മരിച്ചുപോയ മുൻഗാമികളായ വിപ്ലവകാരികളുടെ തഴമ്പ് അവകാശപ്പെടുന്ന ഇന്നത്തെ ഭരണാധികാരികളല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button