Latest NewsNewsIndia

ക്ലാസ് മുറിയിൽ നമസ്കരിക്കാൻ വിദ്യാർത്ഥികളെ അനുവദിച്ച പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു

റോഡിനും പാർക്കിനും ശേഷം ക്ലാസ് മുറിയിലും നിസ്കാരം, അനുമതി നൽകിയ പ്രിൻസിപ്പലിനെതിരെ നടപടി

ബംഗളൂരു: സർക്കാർ സ്‌കൂളിൽ മുസ്ലിം കുട്ടികൾക്ക് വെള്ളിയാഴ്ചകളിൽ നിസ്കരിക്കാൻ സൗകര്യമൊരുക്കി നൽകിയ സ്‌കൂൾ പ്രിൻസിപ്പലിനെതിരെ നടപടി. ബംഗളൂരു-ചിറ്റൂർ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ബാലെ ചങ്കപ്പ ഗവൺമെന്റ് ഹയർ പ്രൈമറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ പ്രധാനാധ്യാപിക ഉമാദേവിയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസ് മുറിയിൽ നമസ്‌കരിക്കാൻ പ്രധാനാധ്യാപിക ഉമാദേവി ഇരുപതോളം വിദ്യാർത്ഥികൾക്ക് അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് നടപടി.

കഴിഞ്ഞ വർഷം ഡിസംബർ മാസത്തിൽ മുസ്ലീം വിദ്യാർത്ഥികൾക്ക് ക്ലാസ് മുറിക്കുള്ളിൽ വെള്ളിയാഴ്ച പ്രാർത്ഥന നടത്താൻ സ്കൂൾ അധികൃതർ അനുമതി നൽകിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഡിസംബർ മുതൽ അനുമതി നൽകിയെങ്കിലും ജനുവരി 21 വെള്ളിയാഴ്ച നടന്ന നമസ്കാരത്തിന്റെ വീഡിയോ സ്‌കൂളിലെ മറ്റ് അധ്യാപകർ ഷൂട്ട് ചെയ്യുകയും ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. ഇതോടെ സംഭവം വിവാദമാവുകയായിരുന്നു.

Also Read:കോതമംഗലത്ത് 21 കുപ്പി ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

ക്ലാസ്‌മുറിക്കകത്ത് വെച്ചായിരുന്നു വിദ്യാർത്ഥികൾ നിസ്കാരം നടത്തിയത്. വീഡിയോയിൽ തൊപ്പി ധരിക്കാത്ത മറ്റ് കുട്ടികളെയും കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ഒരു പ്രത്യേക സമുദായത്തിലെ കുട്ടികൾക്ക് മാത്രമായി സ്‌കൂളിൽ ചില ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്‌കൂൾ അധികാരികൾക്കെതിരെ വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധമുയർത്തി.

കഴിഞ്ഞ വർഷം ഡിസംബർ മുതൽ സ്‌കൂളിൽ നമസ്‌കാരം അനുവദിച്ചിരുന്നതായി പ്രതിഷേധക്കാർ പറഞ്ഞു. ഉദ്യോഗസ്ഥരുമായി ആലോചിക്കാതെയാണ് പ്രിൻസിപ്പൽ വിദ്യാർത്ഥികളെ ഇതിനു അനുമതി നൽകിയതെന്ന് നാട്ടുകാരനായ രാമകൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ നടപടിയെടുക്കണമെന്ന് നാട്ടുകാരും ഹിന്ദു സംഘടനകളും ആവശ്യമുന്നയിച്ചു. രണ്ട് മാസം മുൻപ് സ്‌കൂൾ തുറന്ന സമയം മുതൽ, അധ്യാപിക തങ്ങൾക്ക് ഇതിനു അനുമതി നൽകിയെന്നും ശേഷം സ്ഥിരമായി ക്ലാസ്മുറിയിൽ നമസ്കാരം ചെയ്യ്തുവരികയായിരുന്നുവെന്നും സ്‌കൂളിലെ തന്നെ ചില വിദ്യാർത്ഥികൾ വെളിപ്പെടുത്തി.

പ്രതിഷേധത്തെത്തുടർന്ന് കോലാർ ജില്ലാ കളക്ടർ ഉമേഷ് കുമാർ അന്വേഷണത്തിന് ഉത്തരവിടുകയും മുൾബഗൽ സോമേശ്വര പാലയ ബാലെ ചങ്കപ്പ ഗവൺമെന്റ് കന്നഡ മോഡൽ ഹയർ പ്രൈമറി സ്‌കൂളിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. സ്‌കൂൾ അധികൃതർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി നാഗേഷും ഉറപ്പ് നൽകിയിരുന്നു. കോലാറിലെ സംഭവം വളരെ ദയനീയമാണെന്നും ഒരു സ്ഥാപനത്തിനും ഇത്തരം കാര്യങ്ങൾ സ്വയമേവ തീരുമാനിക്കാനാകില്ലെന്നും കളക്ടർ വ്യക്തമാക്കി. സ്‌കൂൾ സന്ദർശിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ രേവണ സിദ്ധപ്പയെ ചുമതലപ്പെടുത്തിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സസ്‌പെൻഷൻ ഉത്തരവ് പുറത്തുവന്നത്.

പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (കോലാർ) രേവണ സിദ്ധപ്പയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ, സ്‌കൂളിൽ പ്രാർഥന നടത്താൻ വിദ്യാർഥികളെ അനുവദിച്ചിരുന്നില്ലെന്ന് പ്രിൻസിപ്പൽ ആദ്യം വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അധ്യാപിക നിഷേധിക്കുകയായിരുന്നു ചെയ്തത്.

Also Read:സ്വ​ർ​ണ​വും പ​ണ​വു​മാ​യി വ​രു​ന്ന​വ​രെ വാ​ഹ​ന​ത്തി​ൽ പി​ന്തു​ട​ർ​ന്ന് മോഷണം : സം​ഘ​ത്തി​ലെ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ

‘എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല. ഞാനത് ചെയ്തിട്ടില്ല. വിദ്യാർത്ഥികൾ സ്വയം ചെയ്തതാണ്. ഞാൻ ആർക്കും അനുവാദം കൊടുത്തിട്ടില്ല. സംഭവം നടക്കുമ്പോൾ ഞാൻ ഇവിടെ ഇല്ലായിരുന്നു. ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ ആണ് ഇങ്ങനെയൊരു കാര്യം സ്‌കൂളിൽ നടക്കുന്നുണ്ട് എന്ന് എന്നെ വിളിച്ച് അറിയിച്ചത്’, ഉമാദേവി ആദ്യം പറഞ്ഞതിങ്ങനെയായിരുന്നു.

എന്നാൽ പിന്നീട്, താൻ തന്നെയായിരുന്നു അനുമതി നൽകിയതെന്ന് ഇവർ സമ്മതിക്കുകയായിരുന്നു. പ്രാർഥനയ്‌ക്ക് പുറത്ത് പോകാതിരിക്കാൻ ക്ലാസ് മുറിയിൽ നമസ്‌കരിക്കാൻ വിദ്യാർത്ഥികൾക്ക് അനുമതി നൽകുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. മസ്ജിദിലേക്ക് പോകാൻ ദേശീയ പാത മുറിച്ചുകടക്കേണ്ടതിനാൽ വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് താൻ അങ്ങനെ ചെയ്തതെന്നും അവരിൽ പലരും ഉച്ചകഴിഞ്ഞ് സെഷനുകൾക്ക് സ്കൂളിൽ മടങ്ങിയെത്താത്തതിനാൽ ചിലർക്ക് ക്ലാസ് നഷ്ടമാകുമെന്ന് കണ്ടതിനെ തുടർന്നായിരുന്നു ഇങ്ങനെയൊരു തീരുമാനമെന്നും അവർ സ്വയം ന്യായീകരിച്ചു.

shortlink

Related Articles

Post Your Comments


Back to top button