
കൊട്ടിയം : ഹോട്ടലിൽ ഭക്ഷണം കഴിച്ച പണം ആവശ്യപ്പെട്ട ഹോട്ടലുടമയെ ആക്രമിച്ച സംഘം അറസ്റ്റിൽ. തഴുത്തല വിളയിൽ പുത്തൻവീട്ടിൽ ഇൻഷാദ് (27), കൊട്ടിയം അഖിൽ നിവാസിൽ അഖിൽ (31) എന്നിവരാണ് പിടിയിലായത്. കൊട്ടിയം പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 28-ന് ആണ് സംഭവം. രാത്രി കണ്ണനല്ലൂരൂള്ള ബിസ്മി ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ശേഷം പുറത്തേക്ക് പോയ ഇവരോട് കൗണ്ടറിലിരുന്ന നുജും പണം ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഇവർ ആക്രമണം നടത്തിയത്. ഹോട്ടലിരുന്ന കണ്ണാടിപ്പെട്ടി അടിച്ചുടച്ച് ചില്ല് കഷണം എടുത്ത് ഹോട്ടലുടമയെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ നിന്ന് ഹോട്ടലുടമയെ രക്ഷിക്കാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരനായ ഷറഫിനും പരിക്കേറ്റു. ഹോട്ടലുടമയുടെ പരാതിയിൽ പ്രതികളെ തഴുത്തല നിന്നാണ് പിടികൂടിയത്.
കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റൽ എം.സിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുജിത് ജി. നായർ, ഷിഹാസ്, ജയകുമാർ, എസ്.സി.പി.ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments