Latest NewsIndia

കർഷകസമരത്തെ ആളിക്കത്തിച്ച ആപ്പ് ഭഗവന്ത് മന്നിന്റെ സത്യപ്രതിജ്ഞയ്ക്കായി 150 ഏക്കർ കൃഷി നശിപ്പിച്ചു

ഭഗത് സിംഗ് സ്മാരകത്തിന്റെ ചുറ്റുമതിലുകള്‍ പൊളിച്ചതായും പരാതിയുണ്ട്

ജലന്ധര്‍: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ സ്ഥാനാരോഹണത്തിന് വേദി ഒരുക്കാനായി 150 ഏക്കറോളം വരുന്ന പാടത്തെ വിളകള്‍ നശിപ്പിച്ചതായി ആരോപണം. കൂടാതെ, ഭഗത് സിംഗ് സ്മാരകത്തിന്റെ ചുറ്റുമതിലുകള്‍ പൊളിച്ചതായും പരാതിയുണ്ട്. ഖട്കാര്‍ കലനില്‍ ഭഗത് സിംഗ് സ്മാരകത്തോട് അടുത്തുള്ള സ്ഥലത്താണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. ഭഗത് സിംഗാണ് തന്റെ ഏക മാര്‍ഗ്ഗദര്‍ശിയും ആരാധനാപാത്രവുമെന്ന് ഭഗവന്ത് മന്‍ നേരത്തെ പറഞ്ഞിരുന്നു.

ഇന്ന് നടക്കുന്ന, സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നടപടി. നേരത്തെ ചടങ്ങില്‍ ഒരു ലക്ഷത്തോളം പേരായിരിക്കും പങ്കെടുക്കുകയെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇത് രണ്ട് ലക്ഷം വരെയാവും എന്ന് ആം ആദ്മി പാര്‍ട്ടി അവകാശപ്പെട്ടു. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴുവാക്കുകയും ചെയ്തു. വിശിഷ്ടാതിഥികള്‍ക്ക് പുറമേ, സാധാരണക്കാരെ മുഴുവനും പരിപാടിയിലേയ്ക്ക് ക്ഷണിക്കുന്നതായുള്ള നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ, ഇതില്‍ കൂടുതല്‍ ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തേക്കുമെന്നാണ് കരുതുന്നത്.

വേദിയും പാര്‍ക്കിംഗ് ഏരിയയുമടക്കം, നേരത്തെ 13 ഏക്കറിലായിരുന്നു വേദി പരിപാടിക്കായി ഒരുക്കിയിരുന്നത്. പിന്നീട്, ഇത് 40 ഏക്കറിലേയ്ക്കും 150 ഏക്കറിലേയ്ക്കും വ്യാപിപ്പിക്കുകയായിരുന്നു. ഈ പ്രദേശത്ത് വിളകള്‍ നഷ്ടപ്പെടുന്ന 20ഓളം കര്‍ഷകര്‍ക്കായി ഏക്കറിന് 45,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇന്നത്തെ പരിപാടിക്കായി രണ്ടരക്കോടിയോളം രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷം പേര്‍ വരെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പഞ്ചാബ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ വേണു പ്രസാദ് അറിയിച്ചു. രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന സ്ഥാനാരോഹണമായതിനാല്‍ ചുമതലയുള്ള ഉദ്യോഗസ്ഥരെല്ലാം പരിപാടിയുടെ പൂര്‍ണ്ണ വിജയത്തിനായി പരിശ്രമിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button