Latest NewsIndia

കാർഷിക നിയമങ്ങളെ എതിർത്തത് രാഷ്ട്രീയ ലാഭത്തിനു വേണ്ടി! യഥാർത്ഥ കർഷകർ ബില്ലിനെ പിന്തുണച്ചു: സുപ്രീം കോടതി റിപ്പോർട്ട്

3.3 കോടി കർഷകരെ പ്രതിനിധീകരിക്കുന്ന കർഷക സംഘടനകളിൽ 85.7 ശതമാനവും നിയമത്തെ പിന്തുണച്ചു

ന്യൂഡൽഹി: രാജ്യത്ത്, ഏറെ വിവാദങ്ങൾക്കും ശബ്ദ കോലാഹലങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും കാരണമായ കാർഷിക ബില്ലിനെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ വിദഗ്ധ സമിതി റിപ്പോർട്ട് ചർച്ചയാകുകയാണ്. കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലിനെ രാജ്യത്തെ കർഷകരിൽ ഭൂരിഭാഗവും പിന്തുണയ്‌ക്കുന്നു എന്നതടക്കമുള്ള യാഥാർത്ഥ വസ്തുതകൾ അടങ്ങുന്നതാണ് സമിതിയുടെ റിപ്പോർട്ട്. വിവിധ സംസ്ഥാനങ്ങളിലെ മൂന്ന് കോടിയിലേറെ കർഷകർ, കാർഷിക പരിഷ്‌കരണ ബില്ലിനെ പിന്തുണയ്‌ക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

13.3 ശതമാനം കർഷകർ മാത്രമാണ് മൂന്ന് കാർഷിക നിയമങ്ങളെയും അനുകൂലിക്കുന്നില്ലെന്ന് പറയുന്നത്. 3.3 കോടി കർഷകരെ പ്രതിനിധീകരിക്കുന്ന കർഷക സംഘടനകളിൽ 85.7 ശതമാനവും നിയമത്തെ പിന്തുണച്ചുവെന്ന് റിപ്പോർട്ടിൽ വ്യക്തമാകുന്നു. ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സമിതിയിലെ മൂന്നംഗങ്ങളിൽ ഒരാളായ അനിൽ ഘൻവതാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

കൂടാതെ, കേന്ദ്രസർക്കാർ പിൻവലിച്ച നിയമങ്ങൾ പുനഃസ്ഥാപിക്കണമെന്നും സംസ്ഥാനങ്ങൾ കാർഷിക പരിഷ്‌കാര നിയമങ്ങൾ നടപ്പാക്കണമെന്നും സമിതി നിർദ്ദേശിക്കുന്നു. കാർഷിക മേഖലയിലെ തർക്ക പരിഹാരത്തിനായി സിവിൽ കോടതിയോ ആർബിട്രേഷൻ സംവിധാനങ്ങളോ കർഷകർക്ക് അടിയന്തിരമായി ഏർപ്പെടുത്തണം. കാർഷിക പരിഷ്‌കരണ നിയമങ്ങളെ പിന്തുണച്ച നിരവധി കർഷകരോട് അനീതി കാട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കർഷകരുടെ അന്തകരായി പിടിമുറുക്കിയിരുന്ന ഇടനിലക്കാരും, പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികളും നടത്തിയ ഒത്തുകളിയുടെ യഥാർത്ഥചിത്രമാണ് സമിതി റിപ്പോർട്ടിലൂടെ പുറത്തുവന്നത്.

ഇതിനിടെ, സംയുക്ത കിസാൻ മോർച്ചയുടെ മുൻനിര നേതാവായ യോഗേന്ദ്ര യാദവിന്റെ ചില വെളിപ്പെടുത്തലുകളും ചാനലുകളിൽ വന്നിരുന്നു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു കർഷക സമരം നടന്നതെന്നാണ് ഇദ്ദേഹം ചാനലിൽ പറഞ്ഞത്. അഖിലേഷ് യാദവിന്‌ ഉത്തർ പ്രദേശ് ഭരിക്കാനുള്ള ശരിയായ പാതയൊരുക്കുകയായിരുന്നു കർഷക സമരത്തിലൂടെ എന്നാണ്, അദ്ദേഹം തുറന്നു സമ്മതിച്ചത്. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പായിരുന്നു സമരക്കാരുടെ ലക്‌ഷ്യം.

ഇടനിലക്കാരുടേയും, പ്രതിപക്ഷത്തിന്റെ ആസൂത്രിതമായ പ്രക്ഷോഭങ്ങളുടേയും പ്രതിഷേധങ്ങളുടേയും പശ്ചാത്തലത്തിൽ, കഴിഞ്ഞ നവംബറിൽ കേന്ദ്രസർക്കാർ നിയമം പിൻവലിച്ചിരുന്നു. ഈ റിപ്പോർട്ട് തയ്യാറാക്കാൻ 266 സംഘടനകളുമായി സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി ബന്ധപ്പെട്ടിരുന്നു. സമിതിയ്‌ക്ക് മുൻപിൽ കാര്യങ്ങൾ അവതരിപ്പിച്ച 73 കാർഷിക സംഘടനകളിൽ 61 എണ്ണവും കാർഷിക നിയമങ്ങളെ പിന്തുണച്ചു. 86.7 ശതമാനത്തോളം വരുമിത്. നാല് സംഘടനകൾ മാത്രമാണ് എതിർത്തത്. ഏഴ് സംഘടനകൾ ഭേദഗതി ആവശ്യപ്പെട്ടു.

അവശ്യസാധന നിയമ ഭേദഗതി, കർഷക ഉത്പന്ന വ്യാപാര വാണിജ്യ നിയമം, കർഷക (ശാക്തീകരണ, സംരക്ഷണ) നിയമം എന്നീ പരിഷ്‌കാരങ്ങളാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്. 92 പേജുള്ള റിപ്പോർട്ടാണ് മൂന്നംഗ സമിതി കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ സമർപ്പിച്ചത്. കാർഷിക സാമ്പത്തിക വിദഗ്ധൻ അശോക് ഗുലാത്തി, ഷേത്കാരി സംഘടന പ്രസിഡന്റ് അനിൽ ഗൺവത് ഇന്റർനാഷണൽ ഭഷ്യനയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥൻ പ്രമോദ് കുമാർ ജോഷി, ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് ഭൂപേന്ദർ സിംഗ് എന്നിവരായിരുന്നു സമിതി അംഗങ്ങൾ. ഭൂപേന്ദർ സിംഗ് സമിതിയിൽ നിന്നും സ്വയം ഒഴിവായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button