Latest NewsIndiaInternational

സാമ്പത്തിക പ്രതിസന്ധിക്കിടെ ശ്രീലങ്കയിൽ താല്‍കാലിക മന്ത്രിസഭ അധികാരമേറ്റു: ചൈന ചതിച്ചിടത്ത്, ഇന്ത്യ സഹായമേകുന്നു

തുറമുഖത്തിന്റെ അറുപത് ശതമാനത്തിലേറെ ഓഹരികൾ ചൈനീസ് കമ്പനികൾക്ക് നൽകേണ്ടി വന്നു

കൊളംബോ: ശ്രീലങ്കയില്‍‍ താല്‍കാലിക മന്ത്രിസഭ അധികാരമേറ്റു. നാലുമന്ത്രിമാര്‍ സത്യപ്രതിഞ്ജ ചൊല്ലി ചുമതലയേറ്റു. ആദ്യ പട്ടികയില്‍ രജപക്സെ കുടുംബത്തിലെ അംഗങ്ങളില്ല. മഹിന്ദയുടെ സഹോദരന്‍ ബേസില്‍ രജപക്സെയ്ക്ക് ധനവകുപ്പ് നഷ്ടമായി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ, സര്‍ക്കാരില്‍ ചേരാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പ്രസിഡന്റ് ഗോട്ടോബയ രജപക്സെ ക്ഷണിച്ചിരുന്നു. മൂത്തസഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ്ര രജപക്സെയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെയായിരുന്നു പ്രസിഡന്റിന്റെ നടപടി. അതിനിടെ, കൊളംബോയ്ക്കു പുറമെ കൂടുതല്‍ നഗരങ്ങളിലേക്ക് സമരങ്ങള്‍ വ്യാപിച്ചു.

അതേസമയം, ലങ്കയുടെ പുതിയ സാമ്പത്തിക നയങ്ങളാണ് തകർച്ചയിലെത്തിച്ചതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം നേടിയ ​ഗോതബയ രജപക്സെ വാറ്റ് നികുതിയിൽ വൻ കുറവ് വരുത്തി. ജനകീയ തീരുമാനം എന്ന നിലയ്ക്കായിരുന്നു പ്രഖ്യാപനം. നികുതി കുറയുന്നതോടെ ചെലവഴിക്കൽ ശേഷി കൂടുമെന്നും വ്യാപാരം വർധിക്കുമെന്നും രജപക്സെ കരുതി. ഇത് ലങ്കയുടെ സാമ്പത്തികാവസ്ഥയ്ക്ക് ഉത്തേജനം നൽകുമെന്നുമായിരുന്നു വിലയിരുത്തൽ. പക്ഷേ, ആ തീരുമാനം വേണ്ടത്ര ​ഗുണം ചെയ്തില്ല.

പിന്നാലെ, കൊവിഡ് പ്രതിസന്ധിയും തിരിച്ചടിയായി. ലോക്ഡൗൺ കാലത്ത് കയറ്റുമതി കുത്തനെ ഇടിഞ്ഞതോടെ ധനക്കമ്മി കുതിച്ചുയർന്നു. ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന ടൂറിസം രംഗം പൂർണ്ണമായും അടച്ചതോടെ ഏറ്റവും വലിയ ധനാഗമ മാർഗം അടഞ്ഞു. 400 കോടി ഡോളറിന്റെ വാർഷിക നഷ്ടമാണ് ടൂറിസം മേഖലയിൽ മാത്രമുണ്ടായത്. തേയില ഉത്പാദനം കുറഞ്ഞത് കയറ്റുമതിയെ ബാധിച്ചു. ലോക്ഡൗൺ കാലത്ത് വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന ശ്രീലങ്കക്കാരുടെ വരുമാനമാർഗം ഗണ്യമായി കുറഞ്ഞതും പ്രതിസന്ധിക്ക് ആക്കം കൂട്ടി.

ഇതെല്ലാം, വിദേശനാണ്യത്തിന്റെ വരവു നിലയ്ക്കാൻ കാരണമായി. കൂടാതെ, സാമ്പത്തിക സഹായം നൽകി കുരുക്കിലാക്കുക എന്ന ചൈനീസ് തന്ത്രത്തിലും ശ്രീലങ്ക വീണുപോയി. ‘ഇന്ത്യയെ വളയൽ’ പദ്ധതിയുടെ ഭാ​ഗമായിട്ടാണ് ചൈന ശ്രീലങ്കയെ നോട്ടമിട്ടത്. ഹംബണ്ടോട്ടാ തുറമുഖ നി‍ർമാണത്തിലൂടെയാണ് ചൈന ലങ്കയെ വീഴ്ത്തിയത്. തുറമുഖ നി‍ർമാണത്തിനായി വൻ വായ്പ നൽകി. ചൈനീസ് ബാങ്കുകൾ വഴി നൂറ് കോടിയിലേറെ ഡോളറാണ് ലഭ്യമാക്കിയത്.

അതോടൊപ്പം, തുറമുഖത്തിന്റെ അറുപത് ശതമാനത്തിലേറെ ഓഹരികൾ ചൈനീസ് കമ്പനികൾക്ക് നൽകേണ്ടിയും വന്നു. തുറമുഖ നിർമാണം വഴിയുള്ള കടം ആദ്യം 900 കോടി ശ്രീലങ്കൻ രൂപയായും പിന്നീട്, 4670 കോടി ശ്രീലങ്കൻ രൂപയായും വ‍ർദ്ധിച്ചു. കടം തീർക്കാൻ ഒടുവിൽ തുറമുഖം തന്നെ 99 വർഷത്തെ പാട്ടത്തിന് ചൈനീസ് കമ്പനിക്ക് നൽകേണ്ടി വന്നു. ചൈനയുടെ ഈ കടക്കെണി നയതന്ത്രം ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച ആഘാതവും ചെറുതല്ല.

എന്നാലിപ്പോൾ, ഇന്ത്യ ഈ അവസരം പ്രയോജനപ്പെടുത്തുകയാണ്. ഇന്ത്യയെ വളയൽ എന്ന ചൈനീസ് തന്ത്രത്തെ മറികടക്കാൻ ലങ്കയെ കൂടെ നിർത്തേണ്ടതുണ്ട്. ശ്രീലങ്കയിൽ ചൈനീസ് സ്വാധീനം വ‍ർദ്ധിക്കുന്നത് ഇന്ത്യയ്ക്ക് ​ഗുണകരമല്ല-രാഷ്ട്രീയമായും സൈനികമായും. ലങ്കയിലെ നിലവിലെ രാഷ്ട്രീയ നേത‍ൃത്വം ഇന്ത്യയോട് അടുപ്പം പുലർത്തുന്നുമുണ്ട്. അത് കൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇന്ത്യ കൈ അയച്ച് സഹായിക്കുന്നതും. ഏറ്റവും ഒടുവിൽ, 100 കോടി ഡോളർ അഥവാ 7500 കോടി രൂപയുടെ സഹായമാണ് ഇന്ത്യ നൽകിയത്. ഈ വ‍ർഷം ആദ്യം നൂറ്റി നാൽപ്പത് കോടി ഡോളറിന്റെ സഹായം ഇന്ത്യ ലഭ്യമാക്കിയിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button