Latest NewsKerala

കഞ്ചാവ് കേസ് പ്രതിയുടെ വീട്ടിൽ നിന്ന് കിട്ടിയ ആയുധശേഖരം കണ്ട് അമ്പരന്ന് പോലീസ്: നൗഫൽ കസ്റ്റഡിയിൽ

പോത്തൻകോട് : കഞ്ചാവ് കൈവശം സൂക്ഷിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വീട്ടിൽ പരിശോധനയ്ക്കെത്തിയ പോലീസുകാർ ‍ശരിക്കും ഞെട്ടി. കഞ്ചാവിനു പുറമെ വീട്ടിൽ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങൾ. വടിവാൾ ഉൾപ്പെടെ വിവിധ ആകൃതിയിലുള്ള വാളുകൾ‍, കത്തികൾ, എയർഗൺ, അതിലുപയോഗിക്കുന്ന പെല്ലറ്റ് തുടങ്ങി നിരവധി മാരകായുധങ്ങൾ ആണ് പോലീസ് കണ്ടെത്തിയത്.

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 20 ഗ്രാം കഞ്ചാവും ഒരു വടിവാളും അഞ്ച് വാളുകളും അഞ്ച് കത്തികളും എയർഗണ്ണും അതിലുപയോഗിച്ചിരുന്ന ഒരു പെട്ടി പെല്ലറ്റുകളും വീട്ടിനുള്ളിൽ നിന്നും പോലീസിനു കിട്ടി. സംഭവത്തിൽ തോന്നയ്ക്കൽ എജെ കോളജിനു സമീപം ഫൈസൽ മൻസിലിൽ നൗഫൽ‍ എന്ന ഇരുപത്തിയൊന്നുകാരനെ വീട്ടിൽ നിന്നു തന്നെ റൂറൽ ഡാൻസാഫ് ടീമും മംഗലപുരം പോലീസും ചേർന്ന് അറസ്റ്റ് ചെയ്‌തു.

കഞ്ചാവ് സംഘങ്ങളുമായി ബന്ധമുണ്ടെന്നറിഞ്ഞ് മാസങ്ങളായി നൗഫലിനു പിന്നാലെ പോലീസ് ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് കഞ്ചാവുൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വിൽക്കുന്ന സംഘത്തിലെ അംഗമാണ് നൗഫൽ. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് നൗഫലിന്റെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

പ്രദേശത്ത് ഗുണ്ടാ സംഘങ്ങൾ ലഹരിമരുന്ന് വിൽപ്പനയിലും ഏർപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നർക്കോട്ടിക്ക് സെൽ ഡിവൈഎസ്‌പി രാസിത്തിന്റെ നേതൃത്വത്തിൽ മംഗലപുരം എസ്ഐ ശ്രീനാഥ്, ഡാൻസാഫ് ടീമിലെ അനൂപ്, ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button