Latest NewsKeralaIndia

ഭർത്താവ് മരിച്ചിട്ട് 3 മാസം, പഠിച്ച്‌ ഉന്നതിയിലെത്താനാഗ്രഹിച്ച ഏകമകളുടെ ജീവനെടുത്ത് ഷവർമ: തകർന്നടിഞ്ഞ് പ്രസന്ന

ആ സംതൃപ്ത കുടുംബത്തിൽ നിന്ന് ദേവനന്ദയുടെ അച്ഛനെ 3 മാസം മുൻപ് മരണം തട്ടിയെടുത്തു

കാസർഗോഡ്: പഠിക്കാൻ മിടുക്കിയായ ഏക മകളെ ഉന്നതിയിലെത്തിക്കാനുള്ള എടച്ചേരി വലിയ വീട്ടിൽ പ്രസന്നയുടെ മോഹമാണു ഷവർമ വില്ലനായെത്തി തല്ലിക്കെടുത്തിയത്. ഭർത്താവ് മരിച്ചിട്ട് വെറും മൂന്നുമാസം മാത്രമാണ് ആയത് . ഇതിന്റെ ആഘാതത്തിൽ നിന്ന് മോചിതയാകുന്നതിന് മുന്നെയാണ് ഏകമകളും ലോകത്തോട് വിടപറഞ്ഞത്. ചന്ദ്രോത്ത് നാരായണന്റെയും പ്രസന്നയുടെയും ഏകമകളായിരുന്നു ദേവനന്ദ.

അവളെ പഠിപ്പിച്ചു വലിയവളാക്കാൻ രണ്ടു പേരും ചേർന്നു പെരളത്ത് ചെറിയൊരു ഹോട്ടൽ നടത്തി വരികയായിരുന്നു. ആ സംതൃപ്ത കുടുംബത്തിൽ നിന്ന് ദേവനന്ദയുടെ അച്ഛനെ 3 മാസം മുൻപ് മരണം തട്ടിയെടുത്തു. ഭർത്താവിന്റെ വേർപാടിലെ ദുഃഖം കടിച്ചമർത്തി പ്രസന്ന, മകളെയും കൂട്ടി സഹോദരിയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. മകളുടെ പഠനച്ചെലവ് കണ്ടെത്താൻ പ്രസന്ന വെള്ളൂരിലെ ഒരു ചെറിയ ഹോട്ടലിൽ ജോലിക്കു നിന്നു.

മകളെ പയ്യന്നൂരിലെ സ്ഥാപനത്തിൽ ട്യൂഷനു ചേർത്തു. പയ്യന്നൂരിലേക്കുള്ള യാത്ര ഒഴിവാക്കാൻ 2 ദിവസം മുൻപായിരുന്നു ദേവനന്ദയെ ചെറുവത്തൂരിലെ സ്ഥാപനത്തിലേക്ക് മാറ്റിയത്. സുഹൃത്തുമൊത്ത് ഷവർമ കഴിച്ചപ്പോൾ ആദ്യ ദിവസം പ്രയാസമൊന്നുമുണ്ടായില്ല. രണ്ടാം ദിവസവും പതിവ് പോലെ അമ്മയുടെ സ്കൂട്ടറിനു പിറകിലിരുന്നാണു ദേവനന്ദ ട്യൂഷൻ സെന്ററിൽ എത്തിയത്. അവിടെ എത്തിയപ്പോൾ ഒന്ന് ഛർദ്ദിച്ചു. അത് സാരമായി കണ്ടില്ല. വീണ്ടും ഛർദ്ദിച്ചപ്പോൾ ചെറുവത്തൂരിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.

പന്തികേട് തോന്നിയ ഡോക്ടർ തന്നെ, ദേവനന്ദയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ആംബുലൻസിൽ എത്തിച്ചു. അമ്മയുടെ പ്രതീക്ഷയായ ഏക മകൾ കണ്മുന്നിൽ അകന്നു പോകുന്നത് ആ അമ്മയ്ക്ക് കണ്ടിരിക്കേണ്ടി വന്നു. ലോകത്ത് ഇനി തനിക്കെന്ന് പറയാൻ ആരുമില്ല, എന്തിനാണ് താൻ ഇനി ഇവിടെയെന്നാണ് കരഞ്ഞുകൊണ്ടുള്ള പ്രസന്നയുടെ ചോദ്യം. ആശ്വസിപ്പിക്കാൻ പോലുമാവാതെയാണ് ഒരു ഗ്രാമം മുഴുവൻ ഈ അമ്മയുടെ വിഷമം കണ്ടു നിൽക്കുന്നത്.

പുഞ്ചിരിയോടെ ഒപ്പം ഓടിക്കളിച്ച ദേവനന്ദയുടെ വേർപാട് സഹപാഠികൾക്കും, അധ്യാപകർക്കും ഉൾക്കൊള്ളാനാവുതായിരുന്നില്ല. അച്ഛന്റെ മരണത്തോടെ അമ്മയ്ക്കൊപ്പം അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് പോയ ദേവനന്ദയുടെ ചലനമറ്റ ശരീരം പെരളത്തേക്ക് കൊണ്ടുവന്നപ്പോൾ ഒരു ഗ്രാമം മുഴുവൻ അവരുടെ പൊന്നോമനയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ കാത്തുനിൽക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button